കരിയറിലെ 71ാം അന്താരാഷ്ട്ര സെഞ്ച്വറിക്കായി സൂപ്പർതാരം വിരാട് കോഹ്ലി കാത്തിരുന്നത് ആയിരത്തിലധികം ദിവസങ്ങളാണ്. എന്നാൽ, ഒരു മാസം കൊണ്ടാണ് താരം സെഞ്ച്വറികളുടെ എണ്ണം 74 ആക്കിയത്. കോഹ്ലി പഴയ ഫോമിലേക്ക് തിരിച്ചെത്തിയിരിക്കുന്നു.
ശ്രീലങ്കക്കെതിരെ മൂന്നു മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയിൽ രണ്ടു തകർപ്പൻ സെഞ്ച്വറികളാണ് താരം നേടിയത്. പിന്നാലെ ഇതിഹാസ സചിൻ തെണ്ടുൽക്കറുടെ അന്താരാഷ്ട്ര ക്രിക്കറ്റിലെ ഏറ്റവും കൂടുതൽ സെഞ്ച്വറികളെന്ന റെക്കോഡ് കോഹ്ലി മറികടക്കുമെന്ന ചർച്ചകൾ വീണ്ടും സജീവമായി. അവസാന നാലു ഏകദിന മത്സരങ്ങളിൽനിന്നായി മൂന്നു സെഞ്ച്വറികളാണ് കോഹ്ലി കുറിച്ചത്.
ഏകദിന ക്രിക്കറ്റിൽ സചിന്‍റെ പേരിലുള്ളത് 49 സെഞ്ച്വറികളാണ്. മൂന്നു സെഞ്ച്വറികൾ കൂടി നേടിയാൽ കോഹ്ലിക്ക് ഈ റെക്കോഡിനൊപ്പമെത്താനാകും. സ്വന്തം മണ്ണിൽ ഏറ്റവും കൂടുതൽ സെഞ്ച്വറികളെന്ന റെക്കോഡ് കഴിഞ്ഞദിവസം കോഹ്ലി സ്വന്തമാക്കിയിരുന്നു. 20 സെഞ്ച്വറികളെന്ന സചിന്‍റെ റെക്കോഡാണ് താരം മറികടന്നത്. സചിന്‍റെ സെഞ്ച്വറി റെക്കോഡ് വിരാട് കോഹ്ലി തകർക്കുമോയെന്ന ചോദ്യത്തിന് മുൻ ഇന്ത്യൻ ബാറ്റിങ് ഇതിഹാസം സുനിൽ ഗവാസ്കർ നൽകിയ മറുപടി ഇങ്ങനെയാണ്;
അടുത്ത 5-6 വർഷങ്ങൾ കൂടി കോഹ്ലി ക്രിക്കറ്റിൽ തുടരുകയാണെങ്കിൽ അനായാസം സചിന്‍റെ റെക്കോഡ് മറികടക്കുമെന്ന് ഗവാസ്കർ പറയുന്നു. ‘അഞ്ചോ ആറോ വർഷം കോഹ്ലി കളിക്കുകയാണെങ്കിൽ, സെഞ്ച്വറി നേട്ടം തുടരുകയാണെങ്കിൽ, അതിൽ ഒരു സംശയവുമില്ല. അദ്ദേഹത്തിന്റെ ശരാശരി പ്രതിവർഷം 6-7 സെഞ്ച്വറികളാണ്. അങ്ങനെ സംഭവിച്ചാൽ, 40 വയസ്സ് വരെ കളിച്ചാൽ, അടുത്ത 5-6 വർഷത്തിനുള്ളിൽ അദ്ദേഹത്തിന് 26 സെഞ്ച്വറികൾ കൂടി നേടാനാകും’ -ഗവാസ്കർ പറയുന്നു.
ടെസ്റ്റിൽ 51ഉം ഏകദിനത്തിൽ 49ഉം അടക്കം അന്താരാഷ്ട്ര കരിയറിൽ സചിന്‍റെ പേരിലുള്ളത് 100 സെഞ്ച്വറികളാണ്. ലങ്കക്കെതിരായ അവസാന മത്സരത്തിൽ പുറത്താകാതെ 110 പന്തിൽ 166 റൺസാണ് കോഹ്ലി നേടിയത്. സചിൻ 40 വയസ്സ് വരെ കളി തുടരുകയും ഫിറ്റ്നസ് സംരക്ഷിക്കുകയും ചെയ്തു. കോഹ്ലിയും തന്‍റെ ഫിറ്റ്നസിൽ വളരെ ശ്രദ്ധാലുവാണ്. റണ്ണിനായി അതിവേഗത്തിൽ ഓടുന്ന താരമാണ്. ഈ ഫിറ്റ്നസ് വെച്ച് അദ്ദേഹത്തിന് 40 വയസ്സ് വരെ കളി തുടരാനാകുമെന്നും ഗവാസ്കർ അഭിപ്രായപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.