മുംബൈ: 2021ലെ ടി20 ക്രിക്കറ്റ് ലോകകപ്പ് മത്സരത്തിൽ ഇന്ത്യ പാകിസ്താനോട് തോറ്റതിന് വിരാട് കോഹ്‌ലി - അനുശ്ക ശർമ ദമ്പതികളുടെ മകളെ അവഹേളിച്ചും ഭീഷണിപ്പെടുത്തിയും ട്വീറ്റ്ചെയ്ത സംഭവത്തിൽ തെലുങ്കാന സ്വദേശിക്കെതിരായ കേസ് അവസാനിപ്പിച്ചു. കോഹ്‌ലിയുടെ മാനേജർ അക്വില്ലിയ ഡിസൂസയുടെ പരാതിയിലാണ് കേസെടുത്തിരുന്നത്.
നേരത്തെ അറസ്റ്റിലായ പ്രതി നിലവിൽ ജാമ്യത്തിലാണ്. കേസ് തള്ളണമെന്ന് ആവശ്യപ്പെട്ട് സോഫ്റ്റ്‌വെയർ എൻജിനീയറായ പ്രതി രാംനാഗേഷ് അകുബത്തിനി ബോംബെ ഹൈകോടതിയിൽ നൽകിയ ഹരജിയിൽ കേസ് അവസാനിപ്പിക്കാൻ പരാതിക്കാരി സമ്മതം അറിയിക്കുകയായിരുന്നു. ഐ.ഐ.ടി ഹൈദരാബാദിലെ ടോപ്പറും ജീ പ്രവേശന പരീക്ഷയിലെ റാങ്ക് ജേതാവുമായ തന്റെ ഭാവി കണക്കിലെടുത്ത് കേസ് അവസാനിപ്പിക്കണമെന്നാണ് പ്രതി ഹൈകോടതിയിൽ ആവശ്യപ്പെട്ടത്.
വിവാദ ട്വീറ്റ് വന്ന ഐ.പി തന്റേതാണെങ്കിലും ട്വീറ്റ് ചെയ്തത് താനാണെന്ന് പറയാനാകില്ലെന്നും പ്രതി വാദിച്ചു. കേസ് അവസാനിപ്പിക്കുന്നതിന് സമ്മതമറിയിച്ച് പരാതിക്കാരി നൽകിയ സത്യവാങ്മൂലം കോടതി അംഗീകരിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.