രാജ്കോട്ട്: വൻ തകർച്ചയിൽ നിന്ന് ടീമിനെ കൈപിടിച്ചുയർത്തി രോഹിത് ശർമയും രവീന്ദ്ര ജദേജയും. രോഹിതിന്റെ തകർപ്പൻ സെഞ്ച്വറിയും(106*) ജദേജയുടെ അർധ സെഞ്ച്വറിയുമാണ് (68*) ഇന്ത്യയെ ഭേദപ്പെട്ട നിലയിലേക്കെത്തിച്ചത്.
ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ മൂന്നാമത്തെ മത്സരത്തിൽ ആദ്യം ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ 55 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 195 റൺസെടുത്തിട്ടുണ്ട്. 167 പന്തിൽ 11 ഫോറും രണ്ടു സിക്സും ഉൾപ്പെടെ 106 റൺസെടുത്ത രോഹിത്തും 132 പന്തുകൾ നിന്ന് ആറ് ഫോറും ഒരു സിക്സും ഉൾപ്പെടെ 69 റൺസെടുത്ത ജദേജയുമാണ് ക്രീസിൽ.
33 ന് 3 എന്ന നിലയിൽ നിന്നാണ് രോഹിതും ജദേജയും ചേർന്ന് ഇന്ത്യയെ ഭേദപ്പെട്ട സ്കോറിലേക്കെത്തിച്ചത്. 10 റൺസെടുത്ത ഓപണർ യശസ്വി ജയ്സ്വാളിന്റെ വിക്കറ്റാണ് ഇന്ത്യക്ക് ആദ്യം നഷ്ടമായത്. മാർക്ക് വുഡിന്റെ പന്തിൽ ജോ റൂട്ട് പിടിച്ചാണ് പുറത്താക്കിയത്. മൂന്നാമനായി ഇറങ്ങിയ ശുഭ്മാൻ ഗിൽ ഒമ്പത് പന്തിൽ റൺസൊന്നും എടുക്കാതെ മാർക്ക് വുഡിന്റെ പന്തിൽ കീപ്പർ ബെൻ ഫോക്സിന് ക്യാച്ച് നൽകി മടങ്ങി. തുടർന്നെത്തിയ രജിത് പട്ടിദാറിനെ (5) നിലയുറപ്പിക്കും മുമ്പെ ടോം ഹാർട്ലി പുറത്താക്കി. അരങ്ങേറ്റ മത്സരത്തിനൊരുങ്ങിയ സർഫറാസ് ഖാനെയും ദ്രുവ് ജുറേലും മറികടന്നാണ് ഓൾറൗണ്ടർ രവീന്ദ്ര ജദേജ രോഹിതിന് കൂട്ടായി ക്രീസിലെത്തിയത്.
അഞ്ചു മത്സരങ്ങളടങ്ങിയ പരമ്പരയിൽ ഒാരോ മത്സരങ്ങൾ ജയിച്ച് 1-1 നിലയിലാണ് ഇരുടീമും. സീനിയർ ബാറ്റർമാരായ വിരാട് കോഹ്ലി, കെ.എൽ രാഹുൽ, ശ്രേയസ് അയ്യർ എന്നിവരുടെ അഭാവത്തിൽ പുതുമുഖങ്ങളെ അണിനിരത്തിയാണ് ടീം ഇന്ത്യ ഇറങ്ങിയത്. പേസർ മുഹമ്മദ് സിറാജും ഓൾറൗണ്ടർ രവീന്ദ്രജദേജയും ടീമിൽ തിരിച്ചെത്തിയപ്പോൾ അക്സർ പട്ടേലും മുകേഷ് കുമാറും പുറത്തായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.