പുണെ: ബെൻ സ്റ്റോക്സിന്‍റെ സെഞ്ച്വറിയുടെ ബലത്തിൽ ലോകകപ്പിൽ നെതർലൻഡ്സിനെതിരെ ഇംഗ്ലണ്ടിന് വമ്പൻ സ്കോർ. ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ചാമ്പ്യന്മാർ നിശ്ചിത ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 339 റൺസെടുത്തു. സ്റ്റോക്സ് 84 പന്തിൽ 108 റൺസെടുത്ത് പുറത്തായി.
ഡേവിഡ് മലാൻ അർധ സെഞ്ച്വറി നേടി. 74 പന്തിൽ 87 റൺസെടുത്ത് താരം റണ്ണൗട്ടാകുകയായിരുന്നു. അവസാന അഞ്ചു ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 82 റൺസാണ് ഇംഗ്ലീഷ് താരങ്ങൾ അടിച്ചെടുത്തത്. ഒരുഘട്ടത്തിൽ 192 റൺസിന് ആറു വിക്കറ്റെന്ന നിലയിൽ തകർച്ചയെ നേരിട്ട ഇംഗ്ലണ്ടിനെ സ്റ്റോക്സും ക്രിസ് വോക്സും ചേർന്നാണ് 300 കടത്തിയത്. ഏഴാം വിക്കറ്റിൽ ഇരുവരും ചേർന്ന് നേടിയത് 121 റൺസ്.
ജോണി ബെയർസ്റ്റോ (17 പന്തിൽ 15), ജോ റൂട്ട് (35 പന്തിൽ 28), ഹാരി ബ്രൂക്ക് (16 പന്തിൽ 11), ജോസ് ബട്ലർ (11 പന്തിൽ അഞ്ച്), മുഈൻ അലി (15 പന്തിൽ നാല്), ക്രിസ് വോക്സ് (45 പന്തിൽ 51), ഡേവിഡ് വില്ലി (രണ്ടു പന്തിൽ ആറ്) എന്നിവരാണ് പുറത്തായ മറ്റു താരങ്ങൾ. രണ്ടു റണ്ണുമായി ഗസ് അറ്റ്കിൻസണും ഒരു റണ്ണുമായി ആദിൽ റാഷിദും പുറത്താകാതെ നിന്നു.
ഡച്ചുകാർക്കുവേണ്ടി ബാസ് ഡെ ലീഡെ മൂന്ന് വിക്കറ്റ് നേടി. ആര്യൻ ദത്ത്, ലോഗൻ വാൻ ബീക് എന്നിവർ രണ്ടു വിക്കറ്റ് വീതവും പോൾ വാൻ മീകേരെൻ ഒരു വിക്കറ്റും വീഴ്ത്തി. ബംഗ്ലാദേശിനെതിരായ ജയത്തിലൂടെ ലഭിച്ച രണ്ട് പോയന്റുമായി ഏറ്റവും അവസാന സ്ഥാനത്താണ് ഇംഗ്ലീഷുകാരിപ്പോൾ.
ഇതിനകം സെമി കാണാതെ പുറത്തായ ഇംഗ്ലണ്ടിന്, ചാമ്പ്യൻസ് ട്രോഫി യോഗ്യത നേടണമെങ്കിലും ഓറഞ്ച് പടക്കും തുടർന്ന് പാകിസ്താനുമെതിരെ ജയം അനിവാര്യം. ദക്ഷിണാഫ്രിക്കയെ അട്ടിമറിച്ച നെതർലൻഡ്സാവട്ടെ ബംഗ്ലാദേശിനെ കൂടി തോൽപിച്ച് നാല് പോയന്റുമായി ഒമ്പതാം സ്ഥാനത്താണ്. ഇന്ന് ജയിച്ചാൽ പോയന്റ് പട്ടികയിൽ ഏഴാം സ്ഥാനത്തേക്ക് കയറാം നെതർലൻഡ്സിന്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.