ജൊഹാനസ്ബർഗ്: ദക്ഷിണാഫ്രിക്കക്കെതിരായ ട്വന്റി20 പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും മത്സരത്തിൽ ഇന്ത്യക്ക് കൂറ്റൻ സ്കോർ. വെടിക്കെട്ട് സെഞ്ച്വറിയുമായി ജൊഹാനസ്ബർഗിലെ വാണ്ടറേർസ് സ്റ്റേഡിയത്തെ തീപിടിപ്പിച്ച നായകൻ സൂര്യകുമാർ യാദവിന്റെ (56 പന്തിൽ 100) മികവിലാണ് നിശ്ചിത 20 ഓവറിൽ ഇന്ത്യ ഏഴു വിക്കറ്റ് നഷ്ടത്തിൽ 201 റൺസെടുത്തത്. 41 പന്തിൽ 60 റൺസെടുത്ത ഓപണർ യശസ്വി ജയ്സ്വാൾ മികച്ച പിന്തുണ നൽകി.
പരമ്പരയിൽ 0-1ന് പിന്നിലുള്ള ഇന്ത്യക്ക് ജയം അനിവാര്യമായ മത്സരത്തിൽ ടോസ് അനുകൂലമായിരുന്നില്ലെങ്കിലും ഗംഭീര തുടക്കമാണ് ഓപണർ യശസ്വി ജയസ്വാൾ നൽകിയത്. എന്നാൽ 12 റൺസെടത്ത് ശുഭ്മാൻ ഗില്ലും നിലയുറപ്പിക്കും മുൻപ് തിലക് വർമയും(0) പോയെങ്കിലും നായകൻ സൂര്യകുമാറുമൊത്ത് ജയ്സ്വാൾ റൺറേറ്റ് പത്തിന് മുകളിൽ തന്നെ കൊണ്ടുപോയി.
13.6 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ നിൽക്കെ കൂറ്റൻ അടിക്ക് ശ്രമിക്കവെ തബ്രായിസ് ഷംസിക്ക് വിക്കറ്റ് നൽകി ജയ്സ്വാൾ മടങ്ങി. തുടർന്നെത്തിയ റിങ്കുസിങിനെ (14) സാക്ഷിയാക്കി സൂര്യകുമാർ ഗ്യാലറിയിലേക്ക് സിക്സറുകൾ തുടരെ തുടരെ പായിച്ചതോടെ സ്കോർ അതിവേഗം കുതിച്ചുയർന്നു.
അവസാന ഓവറിൽ സെഞ്ച്വറി പൂർത്തിയാക്കി സൂര്യകുമാർ മടങ്ങുമ്പോൾ 194 റൺസിലെത്തിയിരുന്നു.56 പന്തുകൾ നേരിട്ട സൂര്യകുമാർ എട്ടു സിക്സും ഏഴു ഫോറും ഉൾപ്പെടെയാണ് 100 റൺസെടുത്തത്. ജിതേഷ് ശർമ (4), രവീന്ദ്ര ജഡേജ (4) ഉൾപ്പെടെ അവസാന ഓവറിൽ മൂന്ന് വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്. അർഷദീപ് സിങും (0) മുഹമ്മദ് സിറാജും (1) പുറത്താകാതെ നിന്നു. ദക്ഷിണാഫ്രിക്കക്ക് വേണ്ടി കേശവ് മഹാരാജും ലിസാഡ് വില്യംസും രണ്ടുവിക്കറ്റ് വീതം വീഴ്ത്തി.
മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിൽ ആദ്യമത്സരം മഴ കളിമുടക്കിയിരുന്നു. രണ്ടാം മത്സരത്തിൽ ദക്ഷിണാഫ്രിക്ക അഞ്ച് വിക്കറ്റിന് ജയിച്ചതോടെ ഇന്ത്യക്ക് ഇന്നത്തെ മത്സരം അതിനിർണായകമാകുകയായിരുന്നു. കഴിഞ്ഞമത്സരത്തിലെ അതേ ടീമിനെ തന്നെയാണ് ഇന്ത്യ ഇറക്കിയത്. അതേ സമയം, ദക്ഷിണാഫ്രിക്കൻ ടീമിൽ പേസർ നാന്ദ്രെ ബർഗർ ഇന്ന് അരങ്ങേറ്റം കുറിച്ചു. കേശവ് മഹാരാജ്, ഡോണോവൻ ഫെരേര എന്നിവർ ടീമിൽ തിരിച്ചെത്തി. ട്രിസ്റ്റൻ സ്റ്റബ്സ്, മാർക്കോ ജാൻസെൻ, ജെറാൾഡ് കോറ്റ്‌സി എന്നിവരാണ് പുറത്തുപോയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.