മുംബൈ: അടുത്ത വർഷം നടക്കുന്ന ചാമ്പ്യൻസ് ട്രോഫി ടൂർണമെന്റിന് ഇന്ത്യൻ ടീം പാകിസ്താനിലേക്ക് പോകാൻ സാധ്യതയില്ലെന്ന അഭ്യൂഹം ഏതാനും ദിവസങ്ങളായി ശക്തമായിട്ടുണ്ട്. പാകിസ്താനിലേക്ക് പോകാൻ തയാറല്ലെന്ന് ബി.സി.സി.ഐ, ഐ.സി.സിയെ അറിയിച്ചതായും റിപ്പോർട്ട് പുറത്തുവന്നിരുന്നു. ഇന്ത്യയുടെ മത്സരങ്ങൾ ദുബൈയിൽ നടത്തണമെന്ന് ആവശ്യപ്പെട്ടതായും വിവരമുണ്ട്. എന്നാൽ ഈ ആവശ്യം നിരാകരിക്കുമെന്നാണ് പി.സി.ബി അധ്യക്ഷൻ മൊഹ്സിൻ നഖ്വി പ്രതികരിച്ചത്. ഇന്ത്യയുടെ ആവശ്യത്തിനെതിരെ പാകിസ്താൻ രാജ്യാന്തര കായിക തർക്ക പരിഹാര കോടതിയെ സമീപിക്കുമെന്നാണ് ഒടുവിൽ പുറത്തുവരുന്ന റിപ്പോർട്ട്.
ഇന്ത്യൻ സംഘം പാകിസ്താനിലേക്ക് പോകില്ലെന്ന് ബി.സി.സി.ഐ വ്യത്തങ്ങൾ അറിയിച്ചതായി പി.ടി.ഐയാണ് റിപ്പോർട്ട് ചെയ്തത്. നിലവിലെ സാഹചര്യത്തിൽ ദുബൈ സ്റ്റേഡിയത്തിൽ ഇന്ത്യയുടെ മത്സരങ്ങൾ നടത്തണമെന്നും ബി.സി.സി.ഐ ആവശ്യപ്പെട്ടതായി റിപ്പോർട്ടിൽ പറയുന്നു. ഇതിനു പിന്നാലെയാണ് പി.സി.ബി പ്രതികരണവുമായി രംഗത്തുവന്നത്. പാകിസ്താനിൽ കളിക്കാൻ ഇന്ത്യ തയാറായില്ലെങ്കിൽ ഇനി എന്ത് ചെയ്യണമെന്നത് സർക്കാറുമായി ആലോചിച്ച് തീരുമാനിക്കുമെന്നും നഖ്വി പ്രതികരിച്ചു.
അതേസമയം ടൂർണമെന്റുകൾക്ക് 100 ദിവസം മുമ്പായി ഫിക്സ്ചർ തയാറാക്കുന്നതാണ് ഐ.സി.സിയുടെ രീതി. ഇതിന്റെ ഭാഗമായി തിങ്കളാഴ്ച ലാഹോറിൽ സംഘടിപ്പിക്കാനിരുന്ന പരിപാടി ഐ.സി.സി റദ്ദാക്കി. ഇന്ത്യ പാകിസ്താനിലേക്ക് ഇല്ലെന്ന് അറിയിച്ച പശ്ചാത്തലത്തിലാണ് ഫിക്സ്ചർ ഇടാൻ വൈകുന്നതെന്നാണ് വിവരം. ഫെബ്രുവരി 19 മുതൽ മാർച്ച് ഒമ്പത് വരെയാണ് ചാമ്പ്യൻസ് ട്രോഫി ടൂർണമെന്റ്. എട്ട് ടീമുകൾ പങ്കെടുക്കുന്ന ടൂർണമെന്റിൽ ബംഗ്ലാദേശ്, ന്യൂസിലൻഡ്, പാകിസ്താൻ എന്നീടീമുകൾക്കൊപ്പം എ ഗ്രൂപ്പിലാണ് ഇന്ത്യ. ആഫ്ഗാനിസ്ഥാൻ, ആസ്ട്രേലിയ, ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക എന്നിവയാണ് ബി ഗ്രൂപ്പിലെ ടീമുകൾ.
രാഷ്ട്രീയ, നയതന്ത്ര ബന്ധം വഷളായതിനേത്തുടർന്ന് ഒരു പതിറ്റാണ്ടിലേറെയായി ഇന്ത്യ -പാകിസ്താൻ പരമ്പരകൾ നടന്നിട്ടില്ല. ഇരു ടീമുകളും ഐ.സി.സി ടൂർണമെന്റുകളിലും ഏഷ്യാകപ്പിലും മാത്രമാണ് പരസ്പരം ഏറ്റുമുട്ടുന്നത്. കഴിഞ്ഞ വർഷം നടന്ന ഏകദിന ലോകകപ്പ് കളിക്കാൻ പാകിസ്താൻ ടീം ഇന്ത്യയിലെത്തിയിരുന്നു. 2008 ഏഷ്യാകപ്പിനു ശേഷം ഇന്ത്യ പാകിസ്താനിൽ കളിച്ചിട്ടില്ല. കഴിഞ്ഞ വർഷത്തെ ഏഷ്യാകപ്പ് ടൂർണമെന്റിൽ ഇന്ത്യയുടെ മത്സരങ്ങൾ ശ്രീലങ്കയിലാണ് സംഘടിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.