അഹ്മദാബാദ്: കോളനിയായിരുന്ന രാജ്യക്കാരെ ക്രിക്കറ്റ് പഠിപ്പിച്ചുകൊടുത്ത ഇംഗ്ലണ്ടിന്റെ സ്ഥിതി കഷ്ടമാണ്. ഏകദിന ലോകകപ്പിൽ നിലവിലെ ജേതാക്കളെന്ന പ്രൗഢിയുമായെത്തിയ ഇംഗ്ലീഷുകാർ പോയൻറ് പട്ടികയിൽ അവസാന സ്ഥാനത്തിരുന്ന് നാണംകെടുകയാണ്. പുറത്തേക്കുള്ള വഴി ഉറപ്പായ ഇംഗ്ലണ്ടിന് ഇനിയുള്ള മൂന്ന് മത്സരങ്ങളിൽ ജയിച്ച് മാന്യമായ മടക്കമാണ് ലക്ഷ്യം.
ഒപ്പം മറ്റൊരു പ്രധാന ലക്ഷ്യമുണ്ട്. 2025ലെ ചാമ്പ്യൻസ് ട്രോഫിക്ക് യോഗ്യത നേടാൻ ഈ ലോകകപ്പിൽ ആദ്യ ഏഴ് സ്ഥാനത്തെത്തണം. പതറിത്തുടങ്ങിയ ആസ്േട്രലിയയുടെ ഫോമിനു മുന്നിൽ ഇംഗ്ലണ്ട് വിറക്കാനാണ് സാധ്യത. തുടർച്ചയായ നാല് വിജയവുമായി ഓസിസ് ബാറ്റിങ് കരുത്ത് തെളിയിച്ചുകഴിഞ്ഞു. എട്ടു പോയന്റുമായി കങ്കാരുക്കൾ മൂന്നാം സ്ഥാനത്താണ്. ജയിച്ചാൽ സെമിയിലേക്കുള്ള പാത കൂടുതൽ സുഗമമാകും.
തുടർച്ചയായ നാല് കളികളിൽ തോറ്റാണ് ഇംഗ്ലണ്ട് അഹ്മദാബാദിലെത്തുന്നത്. മിച്ചൽ മഷിന്റെയും ഗ്ലെൻ മാക്സ്വെല്ലിന്റെയും അഭാവം ഓസിസിന് തിരിച്ചടിയാണ്. വ്യക്തിപരമായ കാരണങ്ങളാൽ മാർഷ് നാട്ടിലേക്ക് മടങ്ങി. ഗോൾഫ് വണ്ടിയിൽനിന്ന് തലക്ക് ക്ഷതമേറ്റതാണ് മാക്സ്വെല്ലിന് വിനയായത്. തകർപ്പൻ സെഞ്ച്വറി നേടി അതിമാരക ഫോമിലായിരുന്നു ഈ താരം. ഇവർക്ക് പകരം കാമറൂൺ ഗ്രീനും മാർക്കസ് സ്റ്റോയിനിസും ടീമിൽ തിരിച്ചെത്തിയേക്കും.
ഓപണർമാരായ ട്രാവിസ് ഹെഡും ഡേവിഡ് വാർനറും ഫോമിലാണ്. വാർനർ രണ്ടും ഹെഡ് ഒരു സെഞ്ച്വറിയും നേടി. സ്റ്റീവ് സ്മിത്തും മാർനസ് ലബുഷെയ്നും കരുത്തുകാട്ടിയാൽ കങ്കാരുക്കൾ തുടർച്ചയായ നാലാം മത്സരത്തിലും 350 കടക്കും. ബൗളിങ്ങിൽ മിച്ചൽ സ്റ്റാർക്കും ക്യാപ്റ്റൻ പാറ്റ് കമ്മിൻസും ജോഷ് ഹേസിൽവുഡുമാണ് പ്രതീക്ഷ. കഴിഞ്ഞ രണ്ട് മത്സരങ്ങളിൽ പുറത്തായ ഹാരി ബ്രൂക്ക് ഇംഗ്ലണ്ട് നിരയിൽ മടങ്ങിയെത്തും. പരിക്കേറ്റ റീസ് ടോപ്ലിക്ക് പകരക്കാരനായ ബ്രൈഡൺ കാർസെക്കും അവസരം ലഭിച്ചേക്കും. ഏകദിനത്തിൽ ആസ്ട്രേലിയയുമായി 155 കളികളിൽ ഇംഗ്ലണ്ട് 87 തവണയും തോൽക്കുകയായിരുന്നു. ലോകകപ്പിലും 6-3ന് ഓസിസിനാണ് മുൻതൂക്കം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.