ചെന്നൈ: ഐ.പി.എൽ സീസണിൽ കൂറ്റൻ സ്കോറുകളുയർത്തി എതിർ ബൗളർമാരുടെ നെഞ്ചിടിപ്പിച്ച ഹൈദരാബാദ് ബാറ്റിങ് നിരയെ എറിഞ്ഞിട്ട് ചെന്നൈ പേസർമാർ. ചെന്നൈ ചിദംബരം സ്റ്റേഡിയത്തിൽ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത് ആതിഥേയർ ഒരുക്കിയ 213 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ഹൈദരാബാദ് വെറും 134 റൺസിനാണ് പുറത്തായത്. 78 റൺസിനായിരുന്നു ചെന്നൈയുടെ വിജയം. ആദ്യ മൂന്നുപേരെയടക്കം നാല് ബാറ്റർമാരെ മടക്കിയ തുഷാർ ദേശ്പാണ്ഡെയാണ് ഹൈദരാബാദ് ബാറ്റിങ് നിരയുടെ നട്ടെല്ലൊടിച്ചത്.
കൂറ്റൻ വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ഹൈദരാബാദിന് ഒരുഘട്ടത്തിലും വിജയപ്രതീക്ഷ പുലർത്താനായില്ല. സ്കോർ ബോർഡിൽ 21 റൺസായപ്പോൾ കൂറ്റനടിക്കാരൻ ട്രാവിസ് ഹെഡ് മടങ്ങി. ദേശ്പാണ്ഡെയുടെ പന്തിൽ ഡാറിൽ മിച്ചൽ പിടികൂടുകയായിരുന്നു. തുടർന്നെത്തിയ അൻമോൾപ്രീത് സിങ് നേരിട്ട ആദ്യ പന്തിൽതന്നെ ദേശ്പാണ്ഡെക്ക് ഇരയായി. ഇത്തവണ ക്യാച്ചെടുത്തത് മൊയീൻ അലിയായിരുന്നു. വൈകാതെ ഒമ്പത് പന്തിൽ 15 റൺസടിച്ച അഭിഷേക് ശർമയെയും മടക്കി ദേശ്പാണ്ഡെ വിക്കറ്റ് നേട്ടം മൂന്നാക്കി.
വൈകാതെ നിതീഷ് കുമാർ റെഡ്ഡിയെ (15 പന്തിൽ 15) ജദേജയുടെ പന്തിൽ ധോണി പിടികൂടുകയും പിടിച്ചുനിന്ന എയ്ഡൻ മർക്രാമിന്റെ (26 പന്തിൽ 32) മിഡിൽ സ്റ്റമ്പ് പതിരാനയുടെ തകർപ്പൻ യോർക്കറിൽ തെറിക്കുകയും ചെയ്തതോടെ ഹൈദരാബാദ് അഞ്ചിന് 85 എന്ന നിലയിലേക്ക് വീണു. തുടർന്നെത്തിയവരിൽ അബ്ദുസ്സമദിന് മാത്രമാണ് രണ്ടക്കം കടക്കാനായത്. 18 പന്തിൽ 19 റൺസായിരുന്നു താരത്തിന്റെ സമ്പാദ്യം. ഷഹബാസ് അഹ്മദ് (7), പാറ്റ് കമ്മിൻസ് (5), ജയദേവ് ഉനദ്കട്ട് (1) എന്നിവർ പൊരുതാതെ മടങ്ങിയപ്പോൾ ഭുവനേശ്വർ കുമാർ നാല് റൺസുമായി പുറത്താകാതെ നിന്നു.
ചെന്നൈ ബൗളർമാരിൽ ദേശ്പാണ്ഡെയുടെ പ്രകടനത്തിന് പുറമെ മുസ്തഫിസുർ റഹ്മാൻ, മതീഷ പതിരാന എന്നിവർ രണ്ട് വീതവും ഷാർദുൽ താക്കൂർ, രവീന്ദ്ര ജദേജ എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി.
ക്യാപ്റ്റൻ ഋതുരാജ് ഗെയ്ക്‍വാദിന്റെയും ഡാറിൽ മിച്ചലിന്റെയും അർധസെഞ്ച്വറികളുടെയും ശിവം ദുബെയുടെ വെടിക്കെട്ടിന്റെയും മികവിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിലാണ് ചെന്നൈ 212 റൺസ് അടിച്ചെടുത്തത്. ഗെയ്ക്‍വാദിന് രണ്ട് റൺസ് അകലെയാണ് സെഞ്ച്വറി നഷ്ടമായത്. 54 പന്തിൽ മൂന്ന് സിക്സും 10 ഫോറുമടക്കം 98ലെത്തിയ ഗെയ്ക്‍വാദിനെ നടരാജൻ എറിഞ്ഞ അവസാന ഓവറിലെ രണ്ടാം പന്തിൽ നിതീഷ് കുമാർ റെഡ്ഡി പിടികൂടുകയായിരുന്നു.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ചെന്നൈക്ക് മോശം ഫോമിലുള്ള അജിൻക്യ രഹാനെയെ തുടക്കത്തിലേ നഷ്ടമായി. 12 പന്തിൽ ഒമ്പത് റൺസ് മാത്രമെടുത്ത താരത്തെ ഭുവനേശ്വർ കുമാറിന്റെ പന്തിൽ ഷഹ്ബാസ് അഹ്മദ് പിടികൂടുകയായിരുന്നു. തുടർന്നെത്തിയ ഡാറിൽ മിച്ചലും ഗെയ്ക്‍വാദും ചേർന്ന് ചെന്നൈ ഇന്നിങ്സിന് മികച്ച അടിത്തറയിട്ടു. 32 പന്തിൽ ഒരു സിക്സും ഏഴ് ഫോറുമടക്കം 52ലെത്തിയ മിച്ചൽ ഉനദ്കട്ടിന്റെ പന്തിൽ നിതീഷ് കുമാർ റെഡ്ഡി പിടികൂടിയാണ് മടങ്ങിയത്. ഇരുവരും ചേർന്ന് 64 പന്തിൽ 107 റൺസ് ചേർന്നാണ് വഴിപിരിഞ്ഞത്.
ശേഷമെത്തിയ ശിവം ദുബെ അവസാന ഓവറുകളിൽ ആഞ്ഞടിച്ചതോടെ സ്കോർ 200 കടന്നു. ദുബെ 20 പന്തിൽ 39 റൺസുമായി പുറത്താകാതെ നിന്നപ്പോൾ ഗെയ്ക്‍വാദ് പുറത്തായ ശേഷമെത്തിയ എം.എസ് ധോണി രണ്ട് പന്തിൽ ഒരു ഫോറടക്കം അഞ്ച് റൺസുമായി കൂട്ടുനിന്നു.
ചെന്നൈക്കായി ഭുവനേശ്വർ കുമാർ, ടി. നടരാജൻ, ജയദേവ് ഉനദ്കട്ട് എന്നിവർ ഓരോ വിക്കറ്റ് വീഴ്ത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.