രാജ്യാന്തര ക്രിക്കറ്റിൽനിന്ന് പടിയിറങ്ങി മൂന്നുവർഷത്തോളമായെങ്കിലും മഹേന്ദ്ര സിങ് ധോണിയെന്ന കളിയാശാനെ വിടാൻ ഐ.പി.എല്ലും ചെന്നൈ സൂപർ കിങ്സും ഉടനൊന്നും തയാറാകില്ല. അത്രക്കാണ് താരത്തോടുള്ള ആരാധക ഇഷ്ടം. അടുത്ത ഐ.പി.എല്ലിന് തിരശ്ശീല ഉയരാൻ നാളുകൾ ബാക്കിനിൽക്കെ ചെന്നൈ ടീമിന്റെ സ്വന്തം തട്ടകമായ ചെപ്പോക്ക് മൈതാനത്ത് പെയിന്റടിക്കുന്ന ‘തിരക്കി’ലാണ് താരമിപ്പോൾ. സ്റ്റേഡിയത്തിലെ സീറ്റുകൾ പെയിന്റ് ചെയ്യുന്ന ചിത്രം സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. പ്രത്യേക സംവിധാനം ഉപയോഗിച്ചാണ് പെയിന്റിങ്. സഹായത്തിന് ജീവനക്കാരുമുണ്ട്.
ചെന്നൈയുടെ പതിവു നിറമായ മഞ്ഞയും നീലയും നിറമാണ് സീറ്റുകൾക്ക് നൽകുന്നത്. ഒന്നിലേറെ സീറ്റുകൾ പെയിന്റടിക്കുന്ന ചിത്രം ചെന്നൈ ടീമിന്റെ ട്വിറ്റർ ഹാൻഡ്ലിലാണ് പങ്കുവെച്ചിരിക്കുന്നത്. സ്വന്തമായി പെയിന്റ് ചെയ്ത് നിറം ലഭിക്കുന്നത് കണ്ട് അഭിപ്രായം പങ്കുവെക്കാനും താരം മറക്കുന്നില്ല. സമൂഹ മാധ്യമത്തിലെത്തിയതോടെ, താരത്തിന്റെ ലാളിത്യത്തെ വാനോളം വാഴ്ത്തുകയാണ് ആരാധകർ.
ധോണി നയിക്കുന്ന ചെന്നൈയുടെ മത്സരങ്ങൾക്കുള്ള ടിക്കറ്റുകൾ ഓൺലൈനായി വിൽപന ആരംഭിച്ച് മിനിറ്റുകൾക്കിടെ തീർന്നിരുന്നു. താരത്തിന്റെ സാന്നിധ്യം നൽകുന്ന ഊർജം അവസരമാക്കി ഇത്തവണ കിരീടം തിരിച്ചുപിടിക്കുകയാണ് ചെന്നൈ ലക്ഷ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.