സം​ഗീത ആൽബം ​ഗ്രാമി പുരസ്കാരത്തിനയച്ച് ക്രിസ് ഗെയ്ൽ; അടുത്ത ലക്ഷ്യം ബോളിവുഡ് ചിത്രത്തിൽ അഭിനയിക്കൽ

വെടിക്കെട്ട് ബാറ്റിങ്ങിലൂടെ ക്രിക്കറ്റിൽ ഏറെ ആരാധകരെയുണ്ടാക്കിയ കളിക്കാരനാണ് വെസ്റ്റിൻഡീസ് താരം ക്രിസ് ഗെയ്ൽ. ഐ.പി.എല്ലിലും സജീവമായിരുന്ന താരത്തിന് ഇന്ത്യയിലും ആരാധകരേറെയാണ്. 2019ലാണ് താരം ഏകദിന ക്രിക്കറ്റിൽനിന്ന് വിരമിച്ചത്. ക്രിക്കറ്റ് വിട്ട ശേഷം സം​ഗീതത്തിലൂടെ ആരാധകരെ വിസ്മയിപ്പിക്കുകയാണ് ഗെയ്‍ലിപ്പോൾ. 2020ൽ ‘വി കം ഔട്ട് ടു പാർട്ടി’ എന്ന മ്യൂസിക് വിഡിയോയിലൂടെയാണ് സംഗീത രംഗത്തെ ‘വെടിക്കെട്ട്’ ആരംഭിച്ചത്.

2022ൽ ചെയ്ത ‘ട്രോപ്പിക്കൽ ഹൗസ് ക്രൂസസ് ടു ജമൈക്ക: ദ ഏഷ്യൻ എഡിഷൻ’ എന്ന സം​ഗീത ആൽബം ​ഗ്രാമി അവാർഡിന് അയച്ച് വാർത്തയിൽ ഇടം പിടിച്ചിരിക്കുകയാണ് ഗെയിൽ. തങ്ങൾക്കുവേണ്ടി ഒരു ആൽബം ചെയ്യണമെന്ന ആവശ്യവുമായി ജമൈക്കയിൽ നിന്നുള്ള ബിൽബോർഡ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ സമീപിക്കുകയായിരുന്നെന്ന് ​ഗെയ്ൽ പ്രതികരിച്ചു.

ഗിമ്മീ യുവർ ലവ്, ചോക്കോ ലോക്കോ റീമിക്സ് എന്നീ രണ്ടു ​ഗാനങ്ങളാണ് ക്രിസ് ​ഗെയ്ൽ ആൽബത്തിൽ ആലപിച്ചത്. ഗ്രാമി പുരസ്കാര ജേതാവ് ലോറിൻ ഹിൽ, മോർ​ഗൻ ഹെറിറ്റേജ്, കേപ്പിൾട്ടൺ, സിസ്സ്ല എന്നിവരും ആൽബത്തിൽ ​ഗായകരായെത്തുന്നുണ്ട്. ​​ഗ്രാമി നാമനിർദേശം ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് ക്രിസ് ​ഗെയ്ൽ ന്യൂസ് 18ന് നൽകിയ പ്രത്യേക അഭിമുഖത്തിൽ പറഞ്ഞു.

“കോവിഡ് ലോക്ഡൗൺ കാലത്താണ് സം​ഗീതത്തിലേക്കുള്ള യാത്ര തുടങ്ങിയത്. അതെന്റെ എക്കാലത്തെയും സ്വപ്നമായിരുന്നെങ്കിലും സ്റ്റൈലോ ജി എന്ന യു.കെയിൽ നിന്നുള്ള കലാകാരനെ പരിചയപ്പെട്ടത് മുതലാണ് സം​ഗീതം എന്ന ആ​ഗ്രഹം തീവ്രമായത്. അദ്ദേഹവുമൊത്ത് ചെയ്ത പാട്ട് കേട്ടപ്പോഴാണ് ഞാനാ കലാരൂപവുമായി പ്രണയത്തിലായത്. ഇന്നെനിക്ക് സ്വന്തമായി ‘ട്രിപ്പിൾ സെഞ്ച്വറി റെക്കോർഡ്സ്’ എന്ന പേരിൽ മ്യൂസിക് ലേബലും വീട്ടിൽ സ്വന്തമായി സ്റ്റുഡിയോയുമുണ്ട്.” ക്രിസ് ​ഗെയ്ൽ പറഞ്ഞു.

‘ക്രിക്കറ്റിൽ എനിക്ക് എല്ലാം നല്ലതായിരുന്നു. എന്നാലും, ഞാനിപ്പോൾ സംഗീതത്തിൽ കൂടുതൽ സമയവും ഊർജവും ചെലവഴിക്കുന്നു. ഇന്ത്യൻ കലാകാരന്മാരായ എമിവേ ബന്തായ്, ആർകോ എന്നിവരുമായുള്ള സഹകരണം വിജയകരമായിരുന്നു. ഇപ്പോൾ ഷാഗി, സീൻ പോൾ എന്നിവരോടൊപ്പം പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നു. എനിക്ക് ബോളിവുഡിൽ അഭിനേതാവിന്റെ വേഷങ്ങൾ ചെയ്യാനും ആഗ്രഹമുണ്ട്. ഇന്ത്യയിൽനിന്ന് ജമൈക്കയിലേക്ക് വരുന്ന വിനോദസഞ്ചാരികളുടെ ഒഴുക്ക് വർധിപ്പിക്കുന്നതിന് ജമൈക്കൻ സർക്കാറിന്റെ സാംസ്കാരിക അംബാസഡറായി പ്രവർത്തിക്കും’, ക്രിസ് ഗെയ്ൽ വ്യക്തമാക്കി.

Tags:    
News Summary - Chris Gayle for Album Grammy Award; The next goal is acting in a Bollywood film

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.