ഇന്ത്യൻ പ്രീമിയർ ലീഗിൽ യൂനിവേഴ്സൽ ബോസായ ക്രിസ് ഗെയിൽ തീർത്ത റൺമഴ കാണികൾക്ക് മറക്കാനാകില്ല. പണക്കൊഴുപ്പിന്‍റെ മേളയായ ഐ.പി.എല്ലിൽ ഈ ഇടംകൈയൻ ബാറ്റർ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്, റോയൽ ചാലഞ്ചേഴ്സ് ബംഗ്ലൂർ, പഞ്ചാബ് കിങ്സ് ടീമുകളിൽ കളിച്ചിട്ടുണ്ട്. ഇതുവരെയുള്ള 15 സീസണുകളിൽ 13ലും താരം കളിച്ചിട്ടുണ്ട്.
ഒരുപിടി ബാറ്റിങ് റെക്കോഡുകളും താരത്തിന്‍റെ പേരിലുണ്ട്. 43കാരനായ വെസ്റ്റീൻഡീസ് താരം ബൗളർമാരുടെ പേടി സ്വപ്നമായിരുന്നു. ഐ.പി.എൽ ചരിത്രത്തിൽ ഏറ്റവും കൂടുതൽ സിക്സ് നേടിയ റെക്കോഡ് ഗെയിലിന്‍റെ പേരിലാണ്. 142 മത്സരങ്ങളിൽനിന്നായി 357 സിക്സ്. 251 സിക്സുകളുമായി മുൻ ദക്ഷിണാഫ്രിക്കൻ താരം എബി ഡിവില്ലിയേഴ്സാണ് രണ്ടാമതുള്ളത്.
ഐ.പി.എല്ലിൽ ലോകത്തിലെ മുൻനിര ബൗളർമാരെല്ലാം ഗെയിലിന്‍റെ ബാറ്റിന്‍റെ ചൂടറിഞ്ഞവരാണ്. എന്നാൽ, താരത്തെ വെള്ളം കുടിപ്പിച്ച ബൗളറുടെ പേര് വെളിപ്പെടുത്തിയിരിക്കുകയാണ് ഗെയിൽ. ഒരിക്കൽ പോലും തന്നെ ഔട്ടാക്കാത്ത ബൗളറാണ് തനിക്ക് ഏറെ തലവേദനയുണ്ടാക്കിയതെന്നു പറയുമ്പോൾ ആരാധകരും ആശ്ചര്യത്തിലാണ്. ഇന്ത്യൻ സ്പിന്നർമാരായ രവിചന്ദ്രൻ അശ്വിനും ഹർഭജൻ സിങ്ങുമാണ് ഗെയിലിനെ ഏറ്റവും കൂടുതൽ തവണ പുറത്താക്കിയത്. അഞ്ചു വീതം തവണ.
എന്നാൽ, ഇവരാരുമല്ല താരത്തെ വെള്ളംകുടിപ്പിച്ച ബൗളർ. ഇന്ത്യൻ പേസർ ജസ്പ്രീത് ബുംറയാണ് ആ ബൗളർ. ‘അത് ബുംറയാണ്. ഞാൻ ഭാജിയെയോ അശ്വിനെ പോലെയോ ഒരു ഓഫ് സ്പിന്നറെ തെരഞ്ഞെടുക്കില്ല, തീർച്ചയായും ബുംറയാണത്. അവന്റെ സ്ലോ ബാൾ കളിക്കാൻ ഏറെ പ്രയാസമാണ്, അവന്റെ പന്തുകൾ അസാധാരമാണ്. ഞാൻ ബുംറയെ തെരഞ്ഞെടുക്കുന്നു’ -ഗെയിൽ വെളിപ്പെടുത്തി.
ബുംറയും ഗെയിലും പത്തു തവണയാണ് നേർക്കുനേർ വന്നത്. എന്നാൽ, ഒരു തവണ പോലും ഗെയിലിന്‍റെ വിക്കറ്റെടുക്കാൻ ബുംറക്കായില്ല. ഗെയിലിനു നേരെ എറിഞ്ഞ 48 പന്തിൽ 37 റൺസ് മാത്രമാണ് ബുംറ വിട്ടുകൊടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.