ബംഗളൂരു: ഐ.പി.എല്ലിൽ ചെന്നൈ സൂപ്പർ കിങ്സിനെതിരായ നിർണായക മത്സരം ജയിച്ചതിനു പിന്നാലെ റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിന്‍റെ ഡ്രസ്സിങ് റൂമിലെത്തി താരങ്ങളെ അഭിനന്ദിച്ച് വെസ്റ്റിൻഡീസ് മുൻ വെടിക്കെട്ട് ബാറ്റർ ക്രിസ് ഗെയിൽ. ആർ.സി.ബിയുടെ മുൻ താരം കൂടിയായ ഗെയിൽ ചിന്നസ്വാമി സ്റ്റേഡിയത്തിലെ മത്സരത്തിനുശേഷമാണ് ടീമിന്‍റെ ഡ്രസ്സിങ് റൂമിലെത്തിയത്.
സീസൺ ആദ്യഘട്ടം പിന്നിടുമ്പോൾ പോയന്‍റ് പട്ടികയിൽ അവസാന സ്ഥാനത്തുണ്ടായിരുന്ന കോഹ്ലിയും സംഘവും അവിശ്വസനീയമായ തിരിച്ചുവരവ് നടത്തിയാണ് എലിമിനേറ്ററിലേക്ക് യോഗ്യത നേടുന്നത്. അവസാനത്തെ ഏഴു മത്സരങ്ങളിൽ ആറെണ്ണവും ടീം ജയിച്ചു. എലിമിനേറ്ററിൽ രാജസ്ഥാനാണ് ബംഗളൂരുവിന്‍റെ എതിരാളികൾ. ഡ്രസ്സിങ് റൂമിലെത്തി താരങ്ങളെ ഓരോരുത്തരെയായി അഭിന്ദിക്കുന്ന ഗെയിൽ, സൂപ്പർതാരം കോഹ്ലിക്കും തന്‍റെ പഴയ ആഘോഷം പുനസൃഷ്ടിക്കുന്നതിന്‍റെയും വിഡിയോ പുറത്തുവന്നു.
2011 മുതൽ 2017 വരെ ബംഗളൂരുവിനൊപ്പം കളിച്ച ഗെയിൽ ഒരുപിടി ബാറ്റിങ് റെക്കോഡുകളും സ്വന്തം പേരിലാക്കിയിരുന്നു. ടീമിനായി 91 മത്സരങ്ങൾ കളിച്ച ഈ ഇടങ്കൈയൻ ബാറ്റർ, അഞ്ചു സെഞ്ച്വറികൾ ഉൾപ്പെടെ 3,420 റൺസാണ് നേടിയത്. 2013 സീസണിൽ പുറത്താകാതെ നേടിയ 175 റൺസാണ് ഐ.പി.എൽ ചരിത്രത്തിൽ ഒരു താരത്തിന്‍റെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോർ. ടീമിനൊപ്പം ഉണ്ടായിരുന്ന സമയത്തെ രസകരമായ ഓർമകളെല്ലാം ഗെയിൽ ഓർത്തെടുത്തു. ക്രിക്കറ്റ് കളിക്കാൻ ഏറ്റവും മികച്ച സ്ഥലം ചിന്നസ്വാമിയാണെന്നും അദ്ദേഹം പറഞ്ഞു.
‘നിങ്ങൾക്ക് രസകരമായ ഓർമകൾ സമ്മാനിച്ച സ്ഥലത്ത് തിരിച്ചെത്തുന്നത് നല്ലതാണ്. എനിക്ക് ക്രിക്കറ്റ് കളിക്കാനുള്ള ഏറ്റവും നല്ല സ്ഥലമാണിത്, ഇവിടുത്തെ ആരാധകരും അന്തരീക്ഷവും മികച്ചതാണ്. ആർ.സി.ബിക്ക് ഒപ്പമുള്ള എന്‍റെ കരിയറിൽ നിർണായക പങ്കുവഹിച്ചത് ആരാധകരാണ്’ -ഗെയിൽ അഭിപ്രായപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.