'സാധാരണ കളിക്കാരനെന്ന് സ്വയം കരുതൂ'; കോഹ്‍ലി​​യെ ഉപദേശിച്ച് അക്തർ

മുംബൈ: ഇന്ത്യൻ പ്രീമിയർ ലീഗിന്റെ ഈ സീസണിൽ രണ്ടുതവണ 40 റൺസിന് മുകളിൽ സ്കോർ ചെയ്തെങ്കിലും റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ മുൻ നായകൻ ​വിരാട് കോഹ്‍ലി തന്റെ ഫോമിന്റെ ഏഴയലത്ത് എത്തിയെന്ന് പറയാനാകില്ല. ഡൽഹി ക്യാപിറ്റൽസിനെതിരെ ശനിയാഴ്ച നടന്ന മത്സരത്തിൽ 12 റൺസെടുത്ത കോഹ്‍ലി റണ്ണൗട്ടാവുകയായിരുന്നു. സ്ഥിരതയാർന്ന പ്രകടനം പുറത്തെടുത്തില്ലെങ്കിൽ തഴയപ്പെടുമെന്നും അതിനാൽ ഒരു സാധാരണ കളിക്കാരനായി സ്വയം പരിഗണിക്കണമെന്നും കോഹ്‍ലിയെ ഉപദേശിക്കുകയാണ് പാകിസ്താൻ മുൻ പേസർ ശു​ഐബ് അക്തർ.

'ആർക്കും രക്ഷയുണ്ടാകില്ല, വിരാട് കോഹ്‌ലിക്ക് പോലും. മികച്ച പ്രകടനം നടത്തിയില്ലെങ്കിൽ അവനെ പോലും പുറത്താക്കാം. ചില കാര്യങ്ങൾ ഇപ്പോൾ പറയാൻ പോലും പറ്റില്ല. ഒന്നല്ല, പതിനായിരം കാര്യങ്ങൾ അവന്റെ തലയിൽ നടക്കുന്നുണ്ട്. അവൻ ഒരു നല്ല വ്യക്തിയാണ്. നല്ല കളിക്കാരനും മികച്ച ക്രിക്കറ്ററുമാണ്. എന്നാൽ ഒരു സമയത്ത് ഒരു കാര്യത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാൻ അവനോട് പറയണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. ടി.വിയും ആൾക്കൂട്ടങ്ങളും വിടൂ. സ്വയം ഒരു സാധാരണ കളിക്കാരനായി കരുതുക. ബാറ്റ് എടുത്ത് കളിക്കുക'-അക്‍തർ സ്​പോർട്സ് കീഡയോട് പറഞ്ഞു.

ആളുകൾ ഇപ്പോൾ തന്നെ കോഹ്‍ലിക്ക് നേരെ വിരൽ ചൂണ്ടാൻ തുടങ്ങിയിട്ടുണ്ടെന്നും ധൈര്യശാലിയായ അവൻ ഇതൊക്കെ മറികടക്കുമെന്നും അക്തർ പ്രത്യാശ ​പ്രകടിപ്പിച്ചു. മുംബൈ ഇന്ത്യൻസിനെതിരെ ​നേടിയ 48 റൺസാണ് ഈ സീസണിൽ ഇതുവരെയുള്ള കോഹ്‍ലിയുടെ ഉയർന്ന സ്കോർ. ആതിനുമുമ്പ് പഞ്ചാബ് കിങ്സിനെതിരെ 41 റൺസ് അടിച്ചിരുന്നു.

ഫാഫ് ഡുപ്ലെസിസിന്റെ കീഴിൽ കളിക്കുന്ന ആർ.സി.ബി ആറ് മത്സരങ്ങളിൽ നാലെണ്ണം വിജയിച്ച് പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്താണ്. ചൊവ്വാഴ്ച ലഖ്നോ സൂപ്പർ ജയന്റ്സിനെതിരെയാണ് അടുത്ത മത്സരം.

Tags:    
News Summary - 'Consider Yourself As An Ordinary Player'; Shoaib Akhtar Advices Virat Kohli

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.