മുംബൈ: ലോകകപ്പിൽ നോക്കൗട്ട് കാണാതെ പുറത്തുപോയതിനു പിന്നാലെ ട്വൻറി20 നായക പദവി വിട്ടുപോന്നതും ഏകദിനത്തിൽ കൂടി രോഹിത് ക്യാപ്റ്റൻസിയിലെത്തിയതുൾപ്പെടെ വിഷയങ്ങളിൽ എല്ലാം തുറന്നുപറഞ്ഞ് മുൻ ക്യാപ്റ്റൻ വിരാട് കോഹ്ലി. ബി.സി.സി.ഐ പ്രസിഡൻറ് സൗരവ് ഗാംഗുലിയുമായി അഭിപ്രായവ്യത്യാസം പരസ്യമാക്കിയ വാർത്ത സമ്മേളനത്തിലാണ് കോഹ്ലി വിഷയങ്ങൾ അക്കമിട്ടുപറഞ്ഞത്.
മൂന്ന് ടെസ്റ്റുകളും അത്രയും ഏകദിനങ്ങളുമുൾപ്പെട്ട പരമ്പരക്കായി ഇന്ത്യൻ ടീം ദക്ഷിണാഫ്രിക്കയിലേക്ക് പുറപ്പെടുന്നതിന് മുന്നോടിയായിട്ടായിരുന്നു വാർത്ത സമ്മേളനം. രോഹിത് നായകനാകുന്ന ഏകദിനങ്ങളിൽ കോഹ്ലി കളിക്കില്ലെന്ന് കഴിഞ്ഞ ദിവസം വാർത്ത വന്നിരുന്നു. സമാനമായി, കഴിഞ്ഞ ദിവസം പരിശീലനത്തിനിടെ പരിക്കേറ്റ രോഹിത് കോഹ്ലി നായകനാകുന്ന ടെസ്റ്റ് പരമ്പരയിൽ കളിക്കാനില്ലെന്ന് വന്നതും ശ്രദ്ധിക്കപ്പെട്ടു.
ലോകകപ്പിൽ ഇന്ത്യ നേരത്തെ പുറത്തായ ശേഷം ഇതുവരെയും ഇരുവരും ഒന്നിച്ച് ഇറങ്ങിയിട്ടില്ല. എന്നാൽ, തങ്ങൾക്കിടയിൽ അഭിപ്രായ വ്യത്യാസങ്ങളില്ലെന്ന് വ്യക്തമാക്കിയ അദ്ദേഹം സൗരവിനെതിരെ ഉടനീളം ഒളിയെമ്പയ്താണ് മാധ്യമങ്ങളോട് സംസാരിച്ചത്. ട്വൻറി20യിലും ഏകദിനത്തിലും നായകനായി ചുമതലയേറ്റ രോഹിത് ടെസ്റ്റിൽ ഉപനായകനുമാണ്.
ഏകദിന ക്യാപ്റ്റൻസിയിൽനിന്ന് മാറ്റുന്നത് അറിഞ്ഞത് ഒന്നര മണിക്കൂർ മുമ്പ്
മുംബൈ: ഏകദിന ക്യാപ്റ്റൻ സ്ഥാനത്തുനിന്ന് മാറ്റുന്ന വിവരം തന്നെ മുൻകൂട്ടി അറിയിച്ചിരുന്നില്ലെന്ന് വിരാട് കോഹ്ലി. 'ട്വൻറി20 നായക പദവി വിടാനുള്ള തീരുമാനം പ്രഖ്യാപിച്ച ശേഷം ആശയവിനിമയങ്ങളൊന്നുമുണ്ടായിട്ടില്ല. െസലക്ഷൻ യോഗത്തിന് ഒന്നര മണിക്കൂർ മുമ്പ് മാത്രമാണ് ഏകദിന ക്യാപ്റ്റൻസിയിൽനിന്ന് മാറ്റുന്നതായി ചീഫ് െസലക്ടർ അറിയിച്ചത്. ടെസ്റ്റ് ടീമിനെ കുറിച്ച് ചർച്ച ചെയ്യാൻ വിളിച്ചിരുന്നു.
വിഷയത്തിൽ രണ്ടുപേരും പറഞ്ഞുതീരുമാനമായി. അവസാനിപ്പിക്കുംമുമ്പ് അഞ്ച് െസലക്ടർമാരും തന്നെ ഏകദിന നായകസ്ഥാനത്തുനിന്ന് മാറ്റാൻ തീരുമാനിച്ചെന്ന് അറിയിക്കുകയായിരുന്നു. താൻ സമ്മതവും അറിയിച്ചു'- കോഹ്ലി പറഞ്ഞു. ഏകദിനത്തിൽ 2023 ലോകകപ്പ് വരെ നായക സ്ഥാനത്ത് തുടരാൻ താൽപര്യം അറിയിച്ചിരുന്നില്ലേ എന്ന ചോദ്യത്തിന് 'ട്വൻറി20 ക്യാപ്റ്റൻസി വിടുന്നത് അറിയിച്ചപ്പോൾ െസലക്ടർമാർക്ക് മറിച്ച് തീരുമാനമുണ്ടാകുംവരെ ടെസ്റ്റിലും ഏകദിനത്തിലും തുടരണമെന്നുണ്ടെന്ന് പറഞ്ഞിരുന്നു''- കോഹ്ലിയുടെ വാക്കുകൾ.
ദക്ഷിണാഫ്രിക്കയിൽ ഏകദിനങ്ങളിൽ കളിക്കാനില്ലെന്ന അഭ്യൂഹവും കോഹ്ലി തള്ളി. ബി.സി.സി.ഐയെ ഈ വിഷയത്തിൽ ഒന്നും അറിയിച്ചിട്ടില്ലെന്നും അതിനാൽ തിരുത്തേണ്ടതില്ലെന്നും കോഹ്ലി പറഞ്ഞു. കോഹ്ലി- രോഹിത് പോരിനെ തുടർന്ന് ഏകദിനങ്ങളിൽ മുൻക്യാപ്റ്റൻ കളിക്കില്ലെന്നായിരുന്നു പ്രചാരണം.
പോർമുഖത്ത് ഗാംഗുലി –കോഹ്ലി
മുംബൈ: ആദ്യം കഥകളായും ഒടുവിൽ വാർത്തസമ്മേളനത്തിലെ പൊട്ടിത്തെറിയായും ലോകമറിഞ്ഞ സംഭവങ്ങളിലേക്കു നയിച്ചത് ശരിക്കും എന്തൊക്കെയായിരുന്നു? കോഹ്ലിയുടെ വാക്കുകൾ എല്ലാം കൃത്യമായി പറയുന്നുണ്ട്. ബി.സി.സി.ഐ പുലർത്തുന്ന നിഗൂഢതകളാണ് മുെമ്പന്ന പോലെ ഇത്തവണയും പ്രശ്നങ്ങൾ വിത്തിട്ട് വളർത്തിയതെന്നു വ്യക്തം. ഒടുവിലെ ഇര കോഹ്ലിയായെന്നു മാത്രം.
ഡിസംബർ എട്ടിന് ടെസ്റ്റ് ടീം പ്രഖ്യാപനത്തോടെയാണ് പ്രശ്നങ്ങളുടെ തുടക്കം. 18 അംഗ ടീമിനെ പ്രഖ്യാപിച്ചതിനൊടുവിൽ അവസാന നിമിഷം ബോംബുപൊട്ടി- ട്വൻറി20യിലും ഏകദിനത്തിലും ഇനി ഇന്ത്യയെ രോഹിത് നയിക്കും. ആരാധകരും ക്രിക്കറ്റർമാരും മാധ്യമപ്രവർത്തകരും ഒരുപോലെ ഞെട്ടി. കാരണം, ട്വൻറി20 നായകപദവി ഒഴിയുമ്പോൾ കോഹ്ലി വ്യക്തമാക്കിയതായിരുന്നു താൻ ഏകദിനത്തിലും ടെസ്റ്റിലുമാണ് ഇനി ശ്രദ്ധ കേന്ദ്രീകരിക്കുകയെന്ന്. നാലു നാൾ കഴിഞ്ഞ് ഗാംഗുലി പറഞ്ഞു- കോഹ്ലിയോട് വിടരുതെന്ന് ആവശ്യപ്പെട്ടിരുന്നു. അതും എല്ലാവരും വിശ്വസിച്ചു. ഒടുവിൽ ബുധനാഴ്ച കോഹ്ലി എല്ലാം തുറന്നുപറയുംവരെ.
കളിയെക്കാൾ ആരും വലുതല്ലെന്ന് കായിക മന്ത്രി
ന്യൂഡൽഹി: കളിയാണ് മുഖ്യമെന്നും ആരും കളിയെക്കാൾ മുകളിലല്ലെന്നും കായികമന്ത്രി അനുരാഗ് ഠാക്കൂർ. ഇന്ത്യൻ ക്രിക്കറ്റിലെ രണ്ട് നായകർ തമ്മിലെ അഭിപ്രായ വ്യത്യാസത്തെ കുറിച്ച പ്രതികരണത്തിലാണ് മന്ത്രിയുടെ അഭിപ്രായപ്രകടനം.
'രണ്ടുപേർക്കിടയിൽ എന്തു നടക്കുെന്നന്ന് പറയാനാകില്ല. അതു ബന്ധപ്പെട്ട കായിക സംഘടന നൽകും'- അനുരാഗ് താക്കോർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.