മനാമ: ഇന്ത്യക്കാരുടെ ഇഷ്ട കായികവിനോദമായ ക്രിക്കറ്റ് ഏഷ്യൻ ഗെയിംസിൽ തിരിച്ചെത്തുകയാണെങ്കിലും മത്സരിക്കാൻ ഇക്കുറിയും ഇന്ത്യയില്ല. ബംഗ്ലാദേശ്, ശ്രീലങ്ക, പാകിസ്താൻ, ബഹ്റൈൻ അടക്കം ടീമുകൾ സെപ്റ്റംബർ 23 മുതൽ ഒക്ടോബർ എട്ടു വരെ ചൈനയിലെ ഹാങ്ചോയിൽ നടക്കുന്ന ഗെയിംസിൽ പങ്കെടുക്കുന്നുണ്ട്.
മത്സര ഷെഡ്യൂൾ അധികം താമസിയാതെ പുറത്തിറക്കുമെന്ന് ഹാങ്ചോ ഏഷ്യൻ ഗെയിംസ് സൂപ്പർവിഷൻ ആൻഡ് ഓഡിറ്റ് ഡിപ്പാർട്മെന്റ് ഡെപ്യൂട്ടി ഡയറക്ടർ സീ നിങ് മനാമയിൽ പറഞ്ഞു.
2010ൽ ചൈനയിലെ ഗ്വാങ്ചോയിലാണ് ഏഷ്യൻ ഗെയിംസിന്റെ ചരിത്രത്തിലാദ്യമായി ക്രിക്കറ്റ് ഇടംപിടിച്ചത്. പക്ഷേ, അന്ന് പുരുഷ-വനിത ടീമുകളെ അയക്കാൻ ഇന്ത്യക്ക് കഴിഞ്ഞില്ല. ഏഷ്യൻ ഗെയിംസ് നടക്കുന്ന സമയത്ത് മറ്റ് അന്താരാഷ്ട്ര മത്സരങ്ങളിൽ പങ്കെടുക്കേണ്ടതുണ്ടെന്നായിരുന്നു വിശദീകരണം. മെഡൽസാധ്യതയുള്ള ഇനത്തിൽ ടീമിനെ അയക്കാത്തത് അന്ന് വിമർശനത്തിനിടയാക്കിയിരുന്നു.
ട്വന്റി20 ഫോർമാറ്റിൽ നടന്ന മത്സരത്തിൽ ബംഗ്ലാദേശ്, ശ്രീലങ്ക, പാകിസ്താൻ എന്നിവരുൾപ്പെടെ ഒമ്പതു ടീമുകളാണ് പുരുഷന്മാരുടെ വിഭാഗത്തിൽ മത്സരിച്ചത്. ടെസ്റ്റ് കളിക്കുന്ന പ്രമുഖ ടീമുകളെല്ലാം അന്താരാഷ്ട്ര മത്സരങ്ങളിൽ പങ്കെടുക്കാനായി ദേശീയ ടീമിനെ അയച്ചിരുന്നതിനാൽ രണ്ടാം നിര ടീമിനെയാണ് ഏഷ്യൻ ഗെയിംസിനയച്ചത്.
ഫൈനലിൽ അഫ്ഗാനിസ്താനെ പരാജയപ്പെടുത്തി ബംഗ്ലാദേശ് സ്വർണം നേടി. ബംഗ്ലാദേശിന്റെ ഏഷ്യൻ ഗെയിംസിലെ ആദ്യ സ്വർണമായിരുന്നു അത്. ഇഞ്ചിയോണിൽ നടന്ന 2014 ഏഷ്യൻ ഗെയിംസിലും ക്രിക്കറ്റ് ടീമുകളെ ഇന്ത്യ അയച്ചില്ല. അഫ്ഗാനിസ്താനെ പരാജയപ്പെടുത്തി ശ്രീലങ്ക മെഡൽ നേടി. 2018ൽ ഇന്തോനേഷ്യയിലെ ജകാർത്തയിലും പാലംബംഗിലുമായി നടന്ന ഗെയിംസിൽ ക്രിക്കറ്റ് ഉൾപ്പെടുത്തിയിരുന്നില്ല.
ക്രിക്കറ്റ് തിരിച്ചെത്തുന്നത് കായികലോകം പ്രതീക്ഷയോടെയാണ് കാണുന്നതെങ്കിലും ഇന്ത്യ ഇക്കുറിയുമില്ലെന്ന് ഉറപ്പായിക്കഴിഞ്ഞു. ഇന്ത്യൻ ഒളിമ്പിക് കമ്മിറ്റി പങ്കാളിത്തം സംബന്ധിച്ച വിവരങ്ങൾ തേടി കത്ത് നൽകിയെങ്കിലും സമയപരിധിക്കുള്ളിൽ ബി.സി.സി.ഐ പ്രതികരിച്ചിരുന്നില്ല. ഒളിമ്പിക്സിൽ ക്രിക്കറ്റ് ഉൾപ്പെടുത്താൻ ബി.സി.സി.ഐ സമ്മർദം ചെലുത്തിക്കൊണ്ടിരിക്കുമ്പോഴാണ് ഏഷ്യൻ ഗെയിംസിനെ നിസ്സാരമായി കാണുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.