പ്രമുഖ ക്രിക്കറ്റ് അമ്പയർ റൂഡി ​ക്വേർട്സൻ കാറപകടത്തിൽ മരിച്ചു

ജൊഹാനസ്ബർഗ്: ക്രിക്കറ്റ് ലോകത്തെ പ്രശസ്തനായ അമ്പയർ റൂഡി ​ക്വേർട്സൻ കാറപകടത്തിൽ മരിച്ചു. 73 വയസ്സായിരുന്നു. ചൊവ്വാഴ്ച രാവിലെ റിവേഴ്സഡെയ്‍ലിലാണ് അപകടം നടന്നത്. അപകടത്തിൽ ​ക്വേർട്സന് പുറമെ മറ്റു മൂന്നുപേരും മരിച്ചു. കാറുകൾ തമ്മിൽ കൂട്ടിയിടിച്ചാണ് അപകടം.

ഡെസ്പാച്ചിലെ നെൽസൺ മണ്ടേല ബേയിലാണ് ക്വേർട്സൻ താമസിക്കുന്നത്. കൂട്ടുകാർക്കൊപ്പം ഗോൾഫ് കളിക്കാനായി വാരാന്ത്യത്തിൽ കേപ്ടൗണിലേക്ക് പുറപ്പെട്ടതായിരുന്നു അദ്ദേഹം. തിങ്കളാഴ്ച മടങ്ങിയെത്തേണ്ടതായിരുന്നു. മടങ്ങിവരാതായപ്പോൾ തിങ്കളാഴ്ചയും ഗോൾഫ് കളിയിൽ ഏർപ്പെട്ടിരിക്കുമെന്നാണ് കുടുംബം കരുതിയിരുന്നത്. മരണവാർത്ത മകൻ റൂഡി ക്വേർട്സൻ ജൂനിയർ സ്ഥിരീകരിച്ചു.

1992 മുതൽ 2010 വരെ നീണ്ട കരിയറിൽ 108 ടെസ്റ്റിലും 209 ഏകദിനങ്ങളിലും ക്വേർട്സൻ അമ്പയറായിരുന്നു. 14 ട്വന്റി20 മത്സരങ്ങളും നിയ​ന്ത്രിച്ചു. 2002ൽ ഐ.സി.സി അമ്പയർ ഓഫ് ദ ഇയർ ആയി തെരഞ്ഞെടുക്കപ്പെട്ടു. 2005ലും 2006ലും അവാർഡിന് നോമിനേറ്റ് ചെയ്യ​പ്പെട്ടിരുന്നു. കണിശതയാർന്ന തീരുമാനങ്ങൾക്ക് പേരുകേട്ട ക്വേർട്സൻ ക്രിക്കറ്റ് ലോകത്തിന്റെ മുഴുവൻ ആദരവ് ഏറ്റുവാങ്ങിയ അമ്പയറായിരുന്നു.

1992ൽ ഇന്ത്യയുടെ ദക്ഷിണാഫ്രിക്കൻ പര്യടനത്തിലാണ് ക്വേർട്സൻ രാജ്യാന്തര ക്രിക്കറ്റ് അമ്പയറിങ്ങിൽ അരങ്ങേറുന്നത്. ഇന്ത്യ-ദക്ഷിണാഫ്രിക്ക ഏകദിന, ടെസ്റ്റ് പരമ്പരകളാണ് അരങ്ങേറ്റത്തിൽ നിയന്ത്രിച്ചത്. 1997ൽ രാജ്യാന്തര ക്രിക്കറ്റ് കൗൺസിലിന്റെ ഫുൾടൈം അമ്പയറായി. 2002ൽ ഐ.സി.സി അമ്പയർമാരുടെ എലീറ്റ് പാനൽ രൂപവത്കരിച്ചപ്പോൾ അതിലും ഇടംപിടിച്ചു. ഐ.പി.എല്ലിലും മറ്റു പ്രമുഖ ലീഗുകളിലും അമ്പയറായിരുന്നു.

Tags:    
News Summary - Cricket Umpire Rudi Koertzen Dies in Car Crash

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.