ബംഗ്ലാദേശിനോടും തോറ്റു; സെമി കാണാതെ ശ്രീലങ്ക പുറത്ത്; തോൽവി മൂന്നു വിക്കറ്റിന്

ന്യൂഡൽഹി: ലോകകപ്പിൽ നിർണായക മത്സരത്തിൽ ബംഗ്ലാദേശിനോടും തോറ്റ ശ്രീലങ്ക സെമി കാണാതെ പുറത്ത്. മൂന്നു വിക്കറ്റിനാണ് ലങ്കൻ തോൽവി. ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 49.3 ഓവറിൽ 279 റൺസിന് ഓൾ ഔട്ടായിരുന്നു. മറുപടി ബാറ്റിങ്ങിൽ ബംഗ്ലാദേശ് 41.1 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിലെത്തി.

എട്ടു മത്സരങ്ങളിൽനിന്ന് രണ്ടു ജയവുമായി എട്ടാം സ്ഥാനത്താണ് ശ്രീലങ്ക. ബംഗ്ലാദേശിനായി നായകൻ ഷാകിബുൽ ഹസനും നജ്മുൽ ഹൊസൈൻ ഷാന്‍റോയും അർധ സെഞ്ച്വറി നേടി. മൂന്നാം വിക്കറ്റിൽ ഇരുവരും ചേർന്ന് നേടിയ 169 റൺസ് കൂട്ടുകെട്ടാണ് ടീമിന്‍റെ വിജയത്തിൽ നിർണായകമായത്. 65 പന്തിൽ 82 റൺസെടുത്ത ഷാകിബ്, അഞ്ജലോ മാത്യൂസിന്‍റെ പന്തിൽ അസലങ്കക്ക് ക്യാച്ച് നൽകിയാണ് പുറത്തായത്. മാത്യൂസ് അടുത്ത ഓവറിൽ 101 പന്തിൽ 90 റൺസെടുത്ത ഷാന്‍റോയെയും ബൗൾഡാക്കി. അപ്പോഴേക്കും ടീം സ്കോർ 211ൽ എത്തിയിരുന്നു.

തൻസീദ് ഹസൻ (അഞ്ച് പന്തിൽ ഒമ്പത്), ലിറ്റൺ ദാസ് (22 പന്തിൽ 23), മഹ്മുദുല്ല (23 പന്തിൽ 22), മുഷ്ഫിഖുർ റഹീം (13 പന്തിൽ 10), മെഹ്ദി ഹസൻ (അഞ്ചു പന്തിൽ മൂന്ന്) എന്നിവരാണ് പുറത്തായ മറ്റു താരങ്ങൾ. 15 റണ്ണുമായി തൗഹീദും ഒമ്പത് റണ്ണുമായി തൻസീം ഹസൻ ഷാകിബും ടീമിനെ വിജയത്തിലെത്തിച്ചു. ലങ്കക്കായി ദിൽഷൻ മധുശങ്ക മൂന്നു വിക്കറ്റും അഞ്ജലോ മാത്യൂസ്, മഹീഷ് തീക്ഷണ എന്നിവർ രണ്ടു വിക്കറ്റും വീതവും വീഴ്ത്തി.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്ക, ചരിത് അസലങ്കയുടെ സെഞ്ച്വറി കരുത്തിലാണ് 279 റൺസിലെത്തിയത്. 105 പന്തിൽ അഞ്ചു സിക്സും ആറു ഫോറുമടക്കം 108 റൺസാണ് അസലങ്ക നേടിയത്. ഓപ്പണറായ പത്തും നിസങ്ക 36 പന്തിൽ 41 റൺസും സദീര സമരവിക്രമ 42 പന്തിൽ 41 റൺസും നേടി പുറത്തായി. ബംഗ്ലാദേശിനായി തൻസീം ഹസൻ സാകിബ് മൂന്നു വിക്കറ്റ് നേടി.

അഞ്ച് വിക്കറ്റിന് 135 റൺസെന്ന നിലയിൽ തകർച്ചയെ നേരിട്ട ലങ്കയെ അസലങ്കയും ധനഞ്ജയ ഡിസിൽവയും ചേർന്നാണ് 200 കടത്തിയത്. 36 പന്തിൽ 34 റൺസെടുത്താണ് ഡിസിൽവ പുറത്തായത്. കുസാൽ പെരേര (അഞ്ചു പന്തിൽ നാല്), കുസാൽ മെൻഡിസ് (30 പന്തിൽ 19), അഞ്ജലോ മാത്യൂസ് (ടൈംഡ് ഔട്ട് -പൂജ്യം), മഹീഷ് തീക്ഷണ (31 പന്തിൽ 22), ചമീര (ഒമ്പത് പന്തിൽ നാല്), കസുൻ രജിത (പൂജ്യം) എന്നിവരാണ് പുറത്തായ മറ്റു താരങ്ങൾ.

റണ്ണൊന്നും എടുക്കാതെ ദിൽശൻ മധുഷങ്ക പുറത്താകാതെ നിന്നു. ഷോറിഫുൾ ഇസ്ലാം, ഷാകിബുൽ ഹസൻ എന്നിവർ രണ്ടു വിക്കറ്റ് വീതവും മെഹ്ദി ഹസൻ ഒരു വിക്കറ്റും നേടി. മത്സരത്തിനിടെ ഒരു അപൂർവ ഔട്ടാകലിനും ക്രിക്കറ്റ് ലോകം സാക്ഷിയായി. ഒരു പന്തുപോലും നേരിടാതെ നാടകീയമായാണ് ലങ്കൻ ഓൾറൗണ്ടർ അഞ്ജലോ മാത്യൂസ് പുറത്തായത്.

താരം ക്രീസിലെത്താൻ വൈകിയതിനെ തുടർന്നാണ് അമ്പയർ ഔട്ട് വിധിച്ചത്. അന്താരാഷ്‌ട്ര ക്രിക്കറ്റിൽ ആദ്യമായി ടൈംഡ് ഔട്ട് രീതിയിൽ പുറത്താകുന്ന ബാറ്റർ എന്ന റെക്കോഡ് ഇതോടെ മാത്യൂസിന്‍റെ പേരിലായി.

Tags:    
News Summary - Cricket world cup 2023: Bangladesh beat Sri Lanka

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.