ബംഗളൂരു: ലോകകപ്പിലെ അവസാന റൗണ്ട് ലീഗ് മത്സരങ്ങൾക്ക് വ്യാഴാഴ്ച തുടക്കം. സെമി ഫൈനലിൽ ഇടം തേടുന്ന ന്യൂസിലൻഡും എട്ടിൽ ആറ് കളികളും തോറ്റു തുന്നംപാടിയ ശ്രീലങ്കയും തമ്മിലാണ് ഇന്ന് ചിന്നസ്വാമി സ്റ്റേഡിയത്തിലെ പോരാട്ടം. നിലവിൽ എട്ട് പോയന്റുമായി നാലാം സ്ഥാനത്താണ് കിവികൾ.
ശ്രീലങ്കയെ തോൽപിച്ചാലും നാലാം സ്ഥാനം മാറില്ലെങ്കിലും സെമിയിലേക്കുള്ള വഴി ഏറക്കുറെ സുരക്ഷിതമാക്കാം. പരാജയമാണ് ഫലമെങ്കിൽ സമാന പോയന്റിൽ നിൽക്കുന്ന തൊട്ടടുത്ത സ്ഥാനക്കാരായ പാകിസ്താനും അഫ്ഗാനിസ്താനും അവരുടെ അവസാന മത്സരങ്ങളിൽ തോൽക്കാൻ പ്രാർഥിക്കേണ്ടി വരും ന്യൂസിലൻഡിന്.
പാകിസ്താനും അഫ്ഗാനും ആഗ്രഹിക്കുന്നത് കിവികളുടെ പരാജയമാണ്. തോൽവിയോടെ ന്യൂസിലൻഡ് എട്ട് പോയന്റിൽ നിർത്തിയാൽ ഇവരുടെ സാധ്യത വർധിക്കും. അടുത്ത മത്സരങ്ങളിൽ ജയിക്കുന്നവർക്ക് പത്ത് പോയന്റാവും. ദക്ഷിണാഫ്രിക്കയെ അട്ടിമറിക്കാനായാൽ അഫ്ഗാന് നാലാം സ്ഥാനത്തേക്ക് കയറാം. പിന്നാലെ, ഇംഗ്ലണ്ടിനെ മറികടക്കുന്ന പക്ഷം ബാബർ അഅ്സമിനും സംഘത്തിനുമുണ്ട് അവസരം.
നിലവിൽ റൺറേറ്റിൽ അഫ്ഗാനേക്കാൾ മുന്നിലാണ് പാകിസ്താൻ. മറുഭാഗത്ത്, പോയന്റ് ടേബിളിന്റെ അടിഭാഗത്ത് കിടക്കുന്ന ലങ്ക, ഇന്നത്തെ കളിയെങ്കിലും ജയിച്ച് ആദ്യ എട്ടിൽ സ്ഥാനം സുരക്ഷിതമാക്കി ചാമ്പ്യൻസ് ട്രോഫി യോഗ്യത കൈവിടാതിരിക്കാനാണ് ശ്രമിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.