ലോകം ക്രിക്കറ്റ് ബാറ്റും ബോളും കണ്ട് തുടങ്ങിയ കാലം മുതൽ ഗ്രൗണ്ടിലിറങ്ങിത്തുടങ്ങിയ പാരമ്പര്യം, ക്രിക്കറ്റ് ചരിത്രത്തിലെ ആദ്യ ടെസ്റ്റ് കളിക്കാർ, നേട്ടങ്ങൾകൊണ്ട് രാജപട്ടം കൈവശപ്പെടുത്തിയ പകരംവെക്കാനില്ലാത്ത ടീം. ആസ്ട്രേലിയയെ പരിചയപ്പെടുമ്പോൾ ക്രിക്കറ്റ് ചരിത്രത്തിന് പറഞ്ഞുതീർക്കാൻ പറ്റാത്ത പോരിശകളുണ്ട്. പലർക്കും ഇന്നും കിട്ടാനിധിയായ ലോകകപ്പിൽ കങ്കാരുക്കളുടെ പഞ്ചുള്ള അഞ്ച് മുത്തം നൽകിയ ചരിത്രനായകർ.
തുടർച്ചയായ മൂന്ന് ലോകകപ്പുകളിൽ ഹാട്രിക്ക് കിരീടം സ്വന്തമാക്കിയ ഒരേയൊരു ടീം. കളിച്ചയിടങ്ങളിലെല്ലാം കളിക്കരുത്തുകൊണ്ട് നേട്ടം കൊയ്ത ചുരുക്കം ചില ടീമുകളിലൊന്ന്, ലോകകപ്പിൽ തുടർച്ചയായി 34 മത്സരങ്ങളിൽ തോൽവി അറിയാത്തവരെന്ന റെക്കോഡിനുടമയായവർ, ക്രിക്കറ്റ് ലോകകപ്പ്, ലോക ടെസ്റ്റ് വേൾഡ് കപ്പ്, ട്വന്റി-20 വേൾഡ് കപ്പ് എന്നിവയിലെല്ലാം ചാമ്പ്യൻപട്ടമുള്ള ടീമിന് ഇത്തവണ ഇന്ത്യൻ മണ്ണ് നൽകുന്ന പ്രതീക്ഷ ക്രിക്കറ്റ് യുഗത്തിലെ ആറാം രാജ പട്ടമാണ്.
ക്രിക്കറ്റ് കുലപതികളായ ഡൊണാൾഡ് ബ്രാഡ്മാനും റിക്കിപോണ്ടിങും, മാത്യൂ ഹെയ്ഡനും, ഷെയ്ൻ വോണും ആഡം ഗിൽക്രിസ്റ്റും കാണിച്ച വഴികളിലെ പിന്മുറക്കാർക്ക് നേട്ടങ്ങളോടുള്ള ഭ്രമവും കളിമികവും ഒട്ടും കുറവുണ്ടായിരിക്കില്ല. ടീമിലെ നാല് സ്പെഷ്യലിസ്റ്റ് ഫാസ്റ്റ് ബൗളർമാരിൽ ഒരാളായ ക്യാപ്റ്റൻ പാറ്റ് കമ്മിൻസിന്റെ മുൻനിര നയിക്കുന്നത് സ്റ്റീവ് സ്മിത്തും, ഡേവിഡ് വാർണറും, മാക്സ് വെല്ലും, അലക്സ് കാരിയുമടങ്ങുന്ന പ്രതിഭകളാണ്.
പാറ്റ് കമ്മിൻസ് (ക്യാപ്റ്റൻ), സ്റ്റീവ് സ്മിത്ത്, ഡേവിഡ് വാർണർ, അലക്സ് കാരി, ജോഷ് ഇംഗ്ലിഷ്, സീൻ അബ്ബോട്ട്, ആഷ്ടൺ അഗർ, കാമറൂൺ ഗ്രീൻ, ജോഷ് ഹേസൽവുഡ്, ട്രാവിസ് ഹെഡ്, മിച്ച് മാർഷ്, ഗ്ലെൻ മാക്സ്വെൽ, മാർക്കസ് സ്റ്റോയിനസ്, ആഡം സാമ്പ, മിച്ചൽ സ്റ്റാർക്ക്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.