ബ്രിട്ടന്റെ കോളനികളായി വളർന്നുവന്ന കര, മറക്കാനാകാത്ത പല ദുരനുഭവങ്ങളുണ്ടായിട്ടും ന്യൂസിലൻഡിന് ഒരുകാര്യത്തിൽ മാത്രം ബ്രിട്ടനോട് കടപ്പാടുണ്ട്; ബ്രിട്ടന്റെ മടിത്തട്ടിലുത്ഭവിച്ച ക്രിക്കറ്റ് തങ്ങളുടെ കോളനിയായ ന്യൂസിലൻഡിൽ പ്രചരിപ്പിച്ചതിൽ ഇന്നും പിരിശത്തോടെ സ്മരിക്കുന്നുണ്ട്, ന്യൂസിലൻഡ്. 1947ൽ ബ്രിട്ടൻ പിന്മാറുമ്പോഴേക്കും രാജ്യത്ത് ക്രിക്കറ്റ് ഉണ്ടാക്കിവെച്ച ഓളം ചെറുതായിരുന്നില്ല.
അത്രയേറെ വേഗത്തിലായിരുന്നു രാജ്യത്ത് ക്രിക്കറ്റിന് പ്രശസ്തി വർധിച്ചത്. റഗ്ബിക്കൊപ്പം തന്നെ രാജ്യത്തിന്റെ പ്രധാന ഗെയിം ഇവന്റാണ് ഇന്നും അന്നും ന്യൂസിലൻഡിന് ക്രിക്കറ്റ്. കളിമികവും നേട്ടങ്ങളും ടീമിനെ ആരാധകർക്ക് പ്രിയപ്പെട്ടതാക്കി. ഇന്റർനാഷനൽതലത്തിൽ ടീം പങ്കെടുക്കുന്ന ടൂർണമെന്റുകളിലും മറ്റും ആരാധകപിന്തുണ ബ്ലാക്ക് കാപ്സ് എന്ന് വിളിപ്പേരുള്ള കിവികളെ കൂടുതൽ ആവേശത്തിലാക്കിയിരുന്നു.
1930ൽ തങ്ങളുടെ ആദ്യ ടെസ്റ്റ് മത്സരം ഇംഗ്ലണ്ടിനെതിരെ കളിച്ചായിരുന്നു ടീമിന്റെ അന്താരാഷ്ട്ര തുടക്കം. 1975ലെ പ്രഥമ ലോകകപ്പിൽ സെമി വരെ തങ്ങളുടെ പ്രയാണം കൊണ്ടുപോയ ടീം കൂടുതൽ ജനപ്രീതി നേടി. ജോൺ റൈറ്റ്, ബ്രൂസ് എഡ്ഗർ, ജോൺ എഫ്. റീഡ്, ആൻഡ്രൂ ജോൺസ്, ജെഫ് ഹോവാർത്ത്, ജെറമി കോണി, ഇയാൻ സ്മിത്ത് എന്നിവരടങ്ങിയ ടീമിനെ പരാജയപ്പെടുത്താൻ അക്കാലത്ത് എതിരാളികൾക്ക് അത്ര എളുപ്പമായിരുന്നില്ല.
ന്യൂസിലൻഡിനെ ക്രിക്കറ്റുമായി ഉപമിക്കുമ്പോൾ നേട്ടങ്ങളും കോട്ടങ്ങളുമായി ഓർക്കണം. പക്ഷേ, ടീമിനുണ്ടായ കോട്ടങ്ങൾക്ക് പൊരുതിവീണ വീര്യത്തിന്റെ കഥകളും പറയാനുണ്ട്. ഐ.സി.സി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ പ്രഥമ ചാമ്പ്യൻ പട്ടം, 2000ത്തിൽ ചാമ്പ്യൻ ട്രോഫിയിൽ കിരീടം, ഏകദിന ലോക കപ്പിൽ രണ്ടുതവണയും ട്വന്റി20 ലോകകപ്പിൽ ഒരുതവണയും കപ്പിനും ചുണ്ടിനുമിടയിൽ നഷ്ടപ്പെട്ട ചാമ്പ്യൻപട്ടം... ന്യൂസിലൻഡ് ടീം അന്നത്തെപ്പോലെതന്നെ ഇന്നും കരുത്തരാണ്, ഒരുപക്ഷേ, അന്നത്തേക്കാളേറെ ഇന്നത്തെ ടീമിനെയാണ് ഭയക്കേണ്ടത്.
2015ലെയും 2019ലെയും ലോകകപ്പുകളിലാണ് ടീം റണ്ണേഴ്സായി കൂടാരം കയറിയത്. മുടങ്ങാത്ത പരിശ്രമം അടങ്ങാത്ത കിരീടമോഹത്തിന്റേതാണ്. ആ മോഹങ്ങൾക്ക് ഇത്തവണ കിരീടം നേടാൻ വരെ പ്രാപ്തിയുണ്ട്. എതിരാളിയെ മുട്ടുകുത്തിക്കാൻ പാകത്തിലുള്ള മികച്ച ഫാസ്റ്റ് ബൗളർമാർ, സ്ഫോടനാത്മക സ്ട്രൈക്കർമാർ, കളിയുടെ ഗതിമാറ്റാൻവരെ പ്രാപ്തരായ ഓൾറൗണ്ടർമാർ എന്നിവരടങ്ങുന്നതാണ് ന്യൂസിലൻഡിന്റെ ഇത്തവണത്തെ സ്ക്വാഡ്.
കെയ്ൻ വില്യംസൺ (ക്യാപ്റ്റൻ), ട്രെന്റ് ബോൾട്ട്, മാർക്ക് ചാപ്മാൻ, ഡെവൺ കോൺവേ, ലോക്കി ഫെർഗൂസൺ, മാറ്റ് ഹെൻറി, ടോം ലാതം, ഡാരിൽ മിച്ചൽ, ജിമ്മി നീഷാം, ഗ്ലെൻ ഫിലിപ്സ്, റാച്ചിൻ രവീന്ദ്ര, മിച്ച് സാന്റ്നർ, ഇഷ് സോധി, ടിം സൗത്തി, വിൽ യങ്.
ലോകകപ്പിൽ ഇതുവരെ
1975: സെമി ഫൈനൽ
1979: സെമി ഫൈനൽ
1983: റൗണ്ട് 1
1987: റൗണ്ട് 1
1992: സെമി ഫൈനൽ
1996: ക്വാർട്ടർ ഫൈനൽ
1999: സെമി ഫൈനൽ
2003: സൂപ്പർ സിക്സ്
2007: സെമി ഫൈനൽ
2011: സെമി ഫൈനൽ
2015: റണ്ണേഴ്സ്
2019: റണ്ണേഴ്സ്
2023: ക്വാളിഫൈഡ്
മത്സരം
ഒക്ടോ. 05 vs ഇംഗ്ലണ്ട്, അഹ്മദാബാദ്
ഒക്ടോ. 09 vs നെതർലൻഡ്സ്, ഹൈദരാബാദ്
ഒക്ടോ. 14 vs ബംഗ്ലാദേശ്, ചെന്നൈ
ഒക്ടോ. 18 vs അഫ്ഗാനിസ്താൻ, ചെന്നൈ
ഒക്ടോ. 22 vs ഇന്ത്യ, ധർമശാല
ഒക്ടോ. 28 vs ആസ്ട്രേലിയ, ധർമശാല
നവം. 01 vs ദക്ഷിണാഫ്രിക്ക, പുണെ
നവം. 04 vs പാകിസ്താൻ, ബംഗളൂരു
നവം 09 vs ശ്രീലങ്ക, ബംഗളൂരു
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.