ന്യൂഡൽഹി: 'ഞാൻ ഞെട്ടിയിരിക്കുകയാണ്. ഇന്ത്യയുടെ തുടർച്ചയായ രണ്ട് തോൽവിയിൽ മാത്രമല്ല. തോറ്റ രീതിയാണ് എന്നെ ഞെട്ടിച്ചത്. ഈ കളിക്കാർക്കെന്താണ് സംഭവിച്ചത്. എത്ര മികച്ച സപ്പോർട്ട് സ്റ്റാഫും സംവിധാനങ്ങളും കൂട്ടിനുണ്ടായിട്ടും കാര്യമില്ല. കളിക്കാരാണ് മൈതാനത്ത് കളിക്കേണ്ടത്' -പാകിസ്താന് പിന്നാലെ ന്യൂസിലൻഡിനോടും തോറ്റ് ട്വൻറി20 ലോകകപ്പ് സെമി പ്രതീക്ഷ ഏറക്കുറെ അസ്തമിച്ച ഇന്ത്യയെ കുറിച്ച് ടി.വി കമേൻററ്ററായ മുൻ താരം വി.വി.എസ് ലക്ഷ്മണിെൻറ വാക്കുകൾ.
കിരീടം നേടാൻ സാധ്യത കൽപിക്കപ്പെടുന്നവരിൽ മുമ്പന്മാരായാണ് ഇന്ത്യൻ ക്രിക്കറ്റ് ടീം ട്വൻറി20 ലോകകപ്പിനെത്തിയത്. എന്നാൽ, ആദ്യ രണ്ടു മത്സരങ്ങളും ദയനീയമായി പരാജയപ്പെട്ട ടീം സെമി കാണാതെ പുറത്താവുന്നതിെൻറ വക്കിലാണ്. കണക്കുകൂട്ടലുകളുടെ കച്ചിത്തുരുമ്പിലുള്ള നേരിയ സാധ്യത മാത്രമാണ് അവശേഷിക്കുന്നത്. ലോകക്രിക്കറ്റിലെ മികച്ച ടീമായിട്ടും, ട്വൻറി20യിലെ കരുത്തുറ്റ സംഘമായിട്ടും ഇത്ര ദയനീയമായി ഇന്ത്യ തോറ്റതിന് കോഹ്ലിയുടെ നായകത്വം മുതൽ സെലക്ടർമാരുടെ പിടിപ്പുകേട് വരെ പലവിധ കാരണങ്ങളാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.
1 കോഹ്ലിയുടെ നായകത്വം
രണ്ടു ടീമുകൾ മത്സരിക്കുന്ന പരമ്പരകളിൽ മികച്ച ഫലമുണ്ടാക്കുേമ്പാഴും ടൂർണമെൻറുകളിൽ കോഹ്ലിയുടെ ടീമിന് കാര്യമായ നേട്ടമുണ്ടാക്കാൻ സാധിച്ചിട്ടില്ല എന്ന വിമർശനം ഇത്തവണയും ശരിയായി. എന്തായിരിക്കും ഇതിന് കാരണം. ആവേശത്തോടെയും നിശ്ചയദാർഢ്യത്തോടെയും ടീമിനെ നയിക്കുന്നയാളാണെങ്കിലും സാഹചര്യത്തിന് അനുസരിച്ച് തന്ത്രങ്ങൾ രൂപവത്കരിക്കുന്നതിലും മാറ്റുന്നതിലും കോഹ്ലി വേണ്ടത്ര വിജയിക്കുന്നില്ല എന്ന വിലയിരുത്തലുണ്ട്. പരമ്പരകളിൽ ഒരു ടീമിനെതിരെ മാത്രമാണ് മത്സരമെന്നതിനാൽ താരതമ്യേന തന്ത്രങ്ങൾ മെനയുന്നത് എളുപ്പമാണെന്നും ടൂർണമെൻറുകളിൽ വിവിധ ടീമുകൾക്കനുസരിച്ച് തന്ത്രം മാറ്റുന്നത് പ്രയാസകരമാണെന്നും ഇക്കാര്യത്തിൽ കോഹ്ലി വേണ്ടത്ര ശോഭിക്കുന്നില്ല എന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. ലോകകപ്പിനു പിന്നാലെ ട്വൻറി20 നായകസ്ഥാനം ഒഴിയുകയാണെന്ന് പ്രഖ്യാപിച്ച കോഹ്ലിക്ക് അധികം വൈകാതെ ഏകദിന ക്യാപ്റ്റൻസിയും നഷ്ടമായേക്കുമെന്നാണ് സൂചന.
2 ഹർദിക് പാണ്ഡ്യയുടെ കാര്യത്തിലെ അനിശ്ചിതത്വം
ഇന്ത്യൻ ടീമിലെ ഏക പേസ് ബൗളിങ് ഓൾറൗണ്ടറായ ഹർദിക് പാണ്ഡ്യക്ക് 2019ൽ പുറംവേദന വന്നശേഷം ബൗൾ ചെയ്യാനായിട്ടില്ലെന്നത് എല്ലാവർക്കുമറിയാവുന്ന കാര്യമാണ്. ബാറ്റ്സ്മാനായി മാത്രം ടീമിൽ ഇടംപിടിക്കാനുള്ള ഫോം താരം അടുത്തകാലത്തൊന്നും കാണിച്ചിട്ടുമില്ല. എന്നിട്ടും ഹർദികിനെ ടീമിലെടുത്തതും ഉടൻ ബൗൾ ചെയ്യുമെന്ന് ഇടക്കിടെ സൂചന നൽകിയതും സെലക്ഷൻ കമ്മിറ്റിയുടെയും ടീം മാനേജ്മെൻറിെൻറയും പിഴവാണ്. സമീപകാലത്ത് മികച്ച ഫോം പ്രകടിപ്പിച്ച കളിക്കാർ പുറത്തുനിൽക്കെ പ്രത്യേകിച്ചും.
3 സെലക്ഷൻ കമ്മിറ്റിയുടെ പിഴവുകൾ
ലോകകപ്പ് നടക്കുന്ന യു.എ.ഇയിൽതന്നെ നടന്ന ഐ.പി.എൽ രണ്ടാം ഭാഗത്തിലെ ഫോം ഒരുനിലക്കും പരിഗണിക്കാതെയുള്ള ടീം സെലക്ഷനായിരുന്നു ഇന്ത്യയുടേത്. ഫോമിലല്ലാതിരുന്ന ഹർദിക്, ഭുവനേശ്വർ കുമാർ, രാഹുൽ ചഹാർ തുടങ്ങിയവർ ടീമിലിടം പിടിച്ചപ്പോൾ വെങ്കിടേഷ് അയ്യർ, ഋതുരാജ് ഗെയ്ക്വാദ്, ദീപക് ചഹാർ, ആവേശ് ഖാൻ, ഹർഷൽ പട്ടേൽ, യുസ്വേന്ദ്ര ചഹൽ തുടങ്ങിയവർക്കൊന്നും അവസരം ലഭിച്ചില്ല. രണ്ടു വർഷമായി പരിക്കും ഫോമില്ലായ്മയും മൂലം വലയുന്ന ഭുവനേശ്വറിനെ ഉൾപ്പെടുത്തിയത് ഏറെ വിമർശിക്കപ്പെട്ടു.
4 ഐ.പി.എല്ലും ജൈവ വലയ ക്ഷീണവും
ഐ.പി.എൽ രണ്ടാം ഭാഗത്തിന് തൊട്ടുപിന്നാലെയാണ് ലോകകപ്പുമെത്തിയത് എന്നത് കളിക്കാരെ ശരിക്കും പ്രയാസത്തിലാക്കി. മറ്റു ടീമുകൾക്കും ഇത് ബാധകമാണെങ്കിലും അവരിൽനിന്ന് വ്യത്യസ്തമായി ഇന്ത്യൻ ടീമിലെ എല്ലാ താരങ്ങളും ഐ.പി.എല്ലിൽ കളിച്ചവരാണെന്നത് കാര്യങ്ങൾ കൂടുതൽ കടുപ്പമുള്ളതാക്കി.
5 വാണിജ്യതാൽപര്യമാണല്ലോ എല്ലാം
ഐ.പി.എല്ലിെൻറ കാര്യത്തിലെന്ന പോലെ ടെലിവിഷൻ സംപ്രേഷണത്തിലൂടെയുള്ള വരുമാനം എന്ന വാണിജ്യതാൽപര്യവും ഇന്ത്യക്ക് തിരിച്ചടിയായി എന്ന് കരുതിയാൽ തെറ്റില്ല. നാട്ടിലെ സംപ്രേഷണം പ്രൈം ടൈമിലാവാൻ ഈർപ്പം തിരിച്ചടിയാവുന്ന രാത്രി മത്സരങ്ങളായാണ് ഇന്ത്യയുടെ കളികളെല്ലാം ക്രമീകരിച്ചത്. മറ്റു പ്രധാന ടീമുകൾക്ക് ഒരു കളിയെങ്കിലും വൈകീട്ട് 3.30ന് കിട്ടിയപ്പോഴാണിത്.
രോഹിതിനെ ഓപണിങ്ങിൽനിന്ന് മാറ്റിയത് മോശം തീരുമാനം –ഗവാസ്കർ
ദുബൈ: ട്വൻറി20 ലോകകപ്പിൽ ന്യൂസിലൻഡിനെതിരായ നിർണായക മത്സരത്തിൽ രോഹിത് ശർമയെ ഓപണിങ്ങിൽനിന്ന് മാറ്റിയത് മോശം തീരുമാനമായിരുന്നുവെന്ന് മുൻ നായകൻ സുനിൽ ഗവാസ്കർ. ട്രെൻറ് ബോൾട്ടിെൻറ ഇൻസ്വിംഗറുകൾ ഫലപ്രദമായി നേരിടാൻ രോഹിതിന് കഴിയില്ലെന്ന വിലയിരുത്തലിലാണ് ടീം മാനേജ്മെൻറ് അത് ചെയ്തതെങ്കിൽ ഏെറക്കാലമായി വൈറ്റ്ബാൾ ക്രിക്കറ്റിൽ ഇന്ത്യക്കായി ഓപൺ ചെയ്യുന്ന താരത്തോടുള്ള അവിശ്വാസമാണ് അത് കാണിക്കുന്നതെന്ന് ഗവാസ്കർ അഭിപ്രായപ്പെട്ടു.
ഹിറ്റ് ഓർ മിസ് കളിക്കാരനായ ഇഷാൻ കിഷൻ കൂടുതൽ യോജിക്കുക അഞ്ച്, ആറ് സ്ഥാനങ്ങളിലാണെന്നും അങ്ങനെ ചെയ്ത് രോഹിതിനെ ഓപണറായിതന്നെ ഇറക്കുകയാണ് വേണ്ടിയിരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.