കത്തിക്കയറി ഡേവിഡ് മലാൻ; ബംഗ്ലാദേശിനെതിരെ ഇംഗ്ലണ്ടിന് കൂറ്റൻ സ്കോർ

ധർമശാല: ഡേവിഡ് മലാൻ വെടിക്കെട്ട് സെഞ്ച്വറിയുമായും ജോ റൂട്ടും ജോണി ബെയർസ്റ്റോയും തകർപ്പൻ അർധ സെഞ്ച്വറികളുമായും കളം നിറഞ്ഞപ്പോൾ ബംഗ്ലാദേശിനെതിരെ ഇംഗ്ലണ്ടിന് കൂറ്റൻ സ്കോർ. ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 364 റൺസാണ് നിലവിലെ ചാമ്പ്യന്മാർ അടിച്ചെടുത്തത്. ധർമശാലയിലെ ഹിമാചൽ പ്രദേശ് ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തിൽ ടോസ് നേടിയപ്പോൾ ഇംഗ്ലണ്ടിനെ ബാറ്റിങ്ങിനയക്കാനുള്ള ബംഗ്ലാദേശ് ക്യാപ്റ്റൻ ഷാകിബ് അൽ ഹസന്റെ തീരുമാനം തെറ്റിയെന്ന് തെളിയിക്കുന്ന കാഴ്ചയാണ് തുടക്കം മുതൽ കണ്ടത്.

ഓപണർമാരായ ജോണി ബെയർസ്റ്റോയും ഡേവിഡ് മലാനും ചേർന്ന് ബംഗ്ലാദേശ് ബൗളർമാരെ നിർദയം പ്രഹരിച്ചപ്പോൾ ഓപണിങ് വിക്കറ്റിൽ പിറന്നത് 17.5 ഓവറിൽ 115 റൺസായിരുന്നു. ബെയർസ്റ്റോ മടങ്ങിയ ശേഷം എത്തിയ ജോ റൂട്ട് അതിനേക്കാൾ ആവേശത്തിലായിരുന്നു. രണ്ടാം വിക്കറ്റിൽ 117 പന്തിൽ 151 റൺസ് മലാനും റൂട്ടും ചേർന്ന് അടിച്ചെടുത്തു. 107 പന്തിൽ അഞ്ച് സിക്സും 16 ​ഫോറുമടക്കം 140 റൺസ് നേടി രണ്ടാമനായി ഡേവിഡ് മലാൻ മടങ്ങുമ്പോൾ ഇംഗ്ലീഷുകാരുടെ സ്കോർ ബോർഡിൽ 37.2 ഓവറിൽ 266 റൺസ് പിറന്നിരുന്നു.

68 പന്തിൽ 82 റൺസെടുത്ത ജോ റൂട്ടും മടങ്ങിയതോടെ റൺനിരക്ക് താ​ഴാതിരിക്കാൻ തുടർന്നെത്തിയ ജോസ് ബട്‍ലറും ഹാരി ബ്രൂകും ശ്രമിച്ചു. എന്നാൽ, ഇരുവർക്കും അധികം ആയുസുണ്ടായില്ല. 20 റൺസ് വീതമെടുത്ത് ഇരുവരും മടങ്ങിയതോടെ ഇംഗ്ലണ്ടിന്റെ റണ്ണൊഴുക്കും നിലച്ചു. ലിയാം ലിവിങ്സ്റ്റൺ ആദ്യ പന്തിൽ തന്നെ പുറത്തായപ്പോൾ സാം കറൺ 11ഉം ക്രിസ് വോക്സ് 14ഉം ആദിൽ റാഷിദ് 11ഉം റൺസുമായി മടങ്ങി. ആറ് റൺസുമായി മാർക് വുഡും ഒരു റൺസുമായി റീസ് ടോപ്‍ലീയും പുറത്താകാതെ നിന്നു.

ബംഗ്ലാദേശിന് വേണ്ടി മെഹ്ദി ഹസൻ നാലും ഷോരിഫുൽ ഇസ്‍ലാം മൂന്നും വിക്കറ്റ് വീതം വീഴ്ത്തിയപ്പോൾ ഷാകിബ് അൽ ഹസൻ, ടസ്കിൻ അഹ്മദ് എന്നിവർ ഓരോ വിക്കറ്റെടുത്തു. 

Tags:    
News Summary - David Malan's Century; Big score for England against Bangladesh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.