ഇന്ത്യക്കെതിരെ രണ്ടാം ഏകദിനത്തിന് തയാറെടുക്കുന്നതിനിടെയാണ് ദക്ഷിണാഫ്രിക്കൻ താരം ഡേവിഡ് മില്ലര്‍ ആ ദുഃഖകരമായ വാർത്ത പങ്കുവെച്ചത്. അര്‍ബുദത്തെ തുടര്‍ന്ന് തന്‍റെ കുഞ്ഞ് ആരാധിക ഈ ലോകത്തോട് വിടപറഞ്ഞിരിക്കുന്നു. ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്.
വർഷങ്ങളായി അർബുദത്തോട് പോരാടിയ ആൻ തന്‍റെ പത്താം വയസ്സിലാണ് മരണത്തിന് കീഴടങ്ങിയത്. ആരാധികയോടൊപ്പമുള്ള വിവിധ ചിത്രങ്ങൾ ഉൾപ്പെടുത്തിയ വിഡിയോയും മില്ലർ പങ്കുവെച്ചിട്ടുണ്ട്. മില്ലറുടെ ഇൻസ്റ്റഗ്രാം കുറിപ്പിങ്ങനെ; 'ഞാന്‍ ഒരുപാട് മിസ് ചെയ്യും. എനിക്ക് അറിയാവുന്നതില്‍ വെച്ച് ഏറ്റവും വിശാല ഹൃദയമുള്ളവളാണ് നീ. നിങ്ങൾ പോരാട്ടത്തെ മറ്റൊരു തലത്തിലേക്ക് കൊണ്ടുപോയി. എപ്പോഴും പുഞ്ചിരിച്ചുകൊണ്ട് അവിശ്വസനിയമാം വിധം ഊർജസ്വലമായിരുന്നു നീ. ചെറിയ യാത്രയില്‍ ഓരോ വെല്ലുവിളിയും വിദഗ്ധമായി മറികടന്നു. ജീവിതത്തിലെ ഓരോ നിമിഷവും ആനന്ദകരമാക്കാന്‍ നീയെന്നെ പഠിപ്പിച്ചു. നിന്നോടൊപ്പം ചെറിയ ദൂരം താണ്ടാനായതില്‍ എനിക്ക് അഭിമാനം തോന്നു. ഞാൻ നിന്നെ വളരെ സ്നേഹിക്കുന്നു, ആർ.ഐ.പി'.
താരത്തിന്‍റെ മകളാണെന്ന നിലയിലാണ് ആരാധകര്‍ സംശയിച്ചിരുന്നത്. എന്നാല്‍ മില്ലറോട് അടുത്ത വൃത്തങ്ങളാണ് ആർബുദം മൂലം മരിച്ച ആരാധികയാണെന്ന് വിശദീകരിച്ചത്. ഞായറാഴ്ച റാഞ്ചിയിൽ നടക്കുന്ന മത്സരത്തിൽ താരം പങ്കെടുക്കുമോയെന്ന കാര്യത്തിലും അനിശ്ചിതത്വം നിലനിൽക്കുകയാണ്. ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് ഇതുവരെ വിഷയത്തിൽ പ്രതികരിച്ചിട്ടില്ല. മത്സരത്തിൽ താരം കളിക്കുമെന്നുതന്നെയാണ് ബന്ധപ്പെട്ടവർ നൽകുന്ന സൂചന. ലഖ്‌നോവില്‍ നടന്ന ആദ്യ ഏകദിനത്തിൽ ഇന്ത്യയെ തോല്‍പ്പിക്കുന്നതില്‍ താരത്തിന്‍റെ പ്രകടനം നിർണായകമായിരുന്നു. പുറത്താവാതെ 75 റണ്‍സാണ് മത്സരത്തിൽ മില്ലർ നേടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.