ദുബൈ: കളിക്കളത്തിൽ ബാറ്റിങ് കൊണ്ടും ടിക്ടോക്കിലെ ഡാൻസ് കൊണ്ടും ഇന്ത്യക്കാരുടെ പ്രിയതാരമായ ഡേവിഡ് വാർണറിന് മൊത്തത്തിൽ നല്ല കാലമല്ല. പുതിയ ഐ.പി.എൽ സീസണിൽ ടീമിന്‍റെ മോശം പ്രകടനത്തെ തുടർന്ന് നേരത്തേ ക്യാപ്റ്റൻ സ്ഥാനം നഷ്ടപ്പെട്ട വാർണർക്ക് ഇപ്പോൾ ബാറ്റിങ്ങിലെയും സ്ഥാനം നഷ്ടപ്പെട്ടിരിക്കുന്നു.
ഐ.പി.എല്ലിൽ സൺറൈസേഴ്സ് ഹൈദരാബാദിെൻറ വിശ്വസ്തതാരമായിരുന്ന ഡേവിഡ് വാർണറെ ക്ലബ് കൈവിടുകയാണെന്നാണ് വാർത്തകൾ. മോശം ഫോമിൽ തുടരുന്ന ഓസീസ് ഓപണറെ കഴിഞ്ഞ കളിയിൽ ടീമിൽനിന്ന് ആദ്യ ഇലവനിൽനിന്ന് ഒഴിവാക്കുക മാത്രമല്ല, ഗ്രൗണ്ടിലേക്കുള്ള സംഘത്തിൽ ഉൾപ്പെടുത്തിയതുമില്ല.
തുടർന്ന് ഹോട്ടൽ മുറിയിലിരുന്ന് കളി കണ്ട വാർണർ, തനിക്ക് പകരം കളിച്ച ജാസൺ റോയ് മികച്ച പ്രകടനം കാഴ്ചവെച്ചപ്പോൾ സമൂഹമാധ്യമത്തിൽ അഭിനന്ദനവുമായി രംഗത്തെത്തുകയും ചെയ്തിരുന്നു.
വാർണറെ സ്റ്റേഡിയത്തിൽ കാണാനില്ലെന്ന് സമൂഹമാധ്യമങ്ങളിൽ ചോദ്യവുമായി നിരവധി പേരെത്തിയതിന് പിന്നാലെ മറുപടിയുമായി താരമെത്തി. '' നിർഭാഗ്യമെന്ന് പറയട്ടെ. തുടർന്നും ഡഗ്ഔട്ടിൽ ഉണ്ടാകില്ല. പിന്തുണക്കുന്നത് തുടരുക'' -വാർണർ പറഞ്ഞു.
യുവതാരങ്ങൾക്ക് കൂടുതൽ അവസരം നൽകുന്നതിെൻറ ഭാഗമായാണ് വാർണറെ ഗ്രൗണ്ടിലേക്ക് കൂട്ടാതിരുന്നതെന്ന് കോച്ച് ട്രവർ ബെയ്ലിസ് വ്യക്തമാക്കിയത് വിവാദം ഒഴിവാക്കാനാണെന്നാണ് കരുതുന്നത്.
2014ൽ സൺറൈസേഴ്സ് ഹൈദരാബാദിനൊപ്പം ചേർന്ന വാർണർ മുഴുവൻ സീസണുകളിലും തകർപ്പൻ ഫോമിലായിരുന്നു. പന്ത് ചുരണ്ടൽ വിവാദത്തെ തുടർന്ന് കളിക്കാതിരുന്ന 2018 സീസണിലൊഴികെ മുഴുവൻ സീസണുകളിലും വാർണർ 500നു മുകളിൽ സ്കോർ ചെയ്തിട്ടുണ്ട്. 2016 ൽ നായകനായി ടീമിെന ചാമ്പ്യനാക്കിയ വാർണർ 2015, 2017, 2019 സീസണുകളിൽ ഓറഞ്ച് ക്യാപ്പും നേടി. എന്നാൽ 2021 സീസണിൽ എട്ടുമത്സരങ്ങളിൽ നിന്നും 195 റൺസ് മാത്രമാണ് സമ്പാദ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.