ഓസീസ് കുപ്പായത്തിൽ ഡേവിഡ് വാർണർ ഇനിയില്ല! അന്താരാഷ്ട്ര ക്രിക്കറ്റിൽനിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് താരം

ട്വന്‍റി20 ലോകകപ്പിൽ ഇന്ത്യയോട് തോറ്റ് പുറത്തായതിനു പിന്നാലെ അന്താരാഷ്ട്ര ക്രിക്കറ്റിൽനിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ആസ്ട്രേലിയൻ ഓപ്പണർ ഡേവിഡ് വാർണർ. ക്രിക്കറ്റിന്‍റെ മൂന്നു ഫോർമാറ്റിലും എക്കാലത്തെയും മികച്ച ഓസീസ് ബാറ്റർമാരിലൊരാളാണ്.

താരത്തിന്‍റെ 15 വർഷത്തെ അന്താരാഷ്ട്ര ക്രിക്കറ്റ് കരിയറിനാണ് ഇതോടെ അവസാനമാകുന്നത്. യു.എസിലും കരീബിയൻ ദ്വീപുകളിലുമായി നടക്കുന്ന ട്വന്‍റി20 ലോകകപ്പോടെ അന്താരാഷ്ട്ര ക്രിക്കറ്റിനോട് വിടപറയുമെന്ന് താരം നേരത്തെ തന്നെ സൂചന നൽകിയിരുന്നു. എന്നാൽ, ഇത്തരത്തിലൊരു വിരമിക്കൽ താരം പ്രതീക്ഷിച്ചിരുന്നില്ല. 2009 ജനുവരിയിൽ അരങ്ങേറ്റം കുറിച്ച താരം അന്നുതൊട്ട് ഓസീസ് ബാറ്റിങ് ഓർഡറിൽ മുൻനിരയിൽ തന്നെയുണ്ട്. ഓപ്പണിങ്ങിൽ പങ്കാളികൾ മറുമ്പോഴും വാർണർ അവിടെ തന്നെയുണ്ടായിരുന്നു.

ലോകകപ്പ് ഉൾപ്പെടെ ടീമിന്‍റെ നിരവധി കിരീട നേട്ടങ്ങളിൽ താരം നിർണായക പങ്കുവഹിച്ചിട്ടുണ്ട്. ട്വന്‍റി20 ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ ഓസീസ് താരമാണ്. 110 മത്സരങ്ങളിൽനിന്ന് 3277 റൺസാണ് സമ്പാദ്യം. കഴിഞ്ഞ ജനുവരിയിൽ ടെസ്റ്റ് കരിയറിൽനിന്ന് വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു. 112 ടെസ്റ്റുകളിൽനിന്നായി 8786 റൺസാണ് താരം നേടിയത്. ശരാശരി 44.60 ആണ്. സ്ട്രൈക്ക് റേറ്റ് 70.19. 161 ഏകദിനങ്ങളിൽനിന്ന് 6,932 റൺസും നേടിയിട്ടുണ്ട്.

‘മൂന്ന് ഫോർമാറ്റിലെയും എക്കാലത്തെയും മികച്ച ഓസീസ് ക്രിക്കറ്ററാണ് വാർണർ. വലിയ നഷ്ടമാകും’ -ടീം പരിശീലകൻ ആൻഡ്രൂ മക്ഡൊണാൾഡ് പ്രതികരിച്ചു. ലീഗ് ക്രിക്കറ്റിൽ താരം കളി തുടരും. 

Tags:    
News Summary - David Warner’s international career ends

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.