ന്യൂഡൽഹി: ഐ.പി.എൽ കരിയറിലെ ഏറ്റവും മികച്ച പ്രകടനമാണ് ചെന്നൈ സൂപ്പർ കിങ്സിന്റെ ദീപക് ചഹർ കഴിഞ്ഞ ദിവസം പഞ്ചാബ് കിങ്സിനെതിരെ പുറത്തെടുത്തത്. ക്രിസ് ഗെയ്ൽ, മായങ്ക് അഗർവാൾ, നികോളസ് പുരാൻ, ദീപക് ഹൂഡ എന്നീ മികച്ച ബാറ്റ്സ്മാൻമാരെ മടക്കിയ ചഹറാണ് പഞ്ചാബ് കിങ്സിനെ പഞ്ചറാക്കിയത്. ചഹറിന്‍റെ മാന്ത്രിക സ്പെല്ലിനൊടുവിൽ പഞ്ചാബ് ഏഴ് ഓവറിൽ അഞ്ചിന് 26 റൺസെന്ന നിലയിലായി. മത്സരത്തിൽ നാലോവറിൽ 13 റൺസ് മാത്രം വഴങ്ങി നാലു വിക്കറ്റുകളാണ് ചഹർ നേടിയത്.
തന്‍റെ മികച്ച പ്രകടനത്തിന് ചഹർ നന്ദി പറയുന്നത് ആദ്യ മത്സരത്തിന് ശേഷം തനിക്ക് സാമൂഹിക മാധ്യമങ്ങളിലൂടെ സന്ദേശമയച്ച ഒരു ആരാധകനോടാണ്. മത്സരശേഷം സഹതാരം ശർദുൽ ഠാക്കൂറുമായി നടത്തിയ സംവാദത്തിനിടെയാണ് ചഹർ രസകരമായ ആ സന്ദേശത്തെ പറ്റി ഉള്ളുതുറന്നത്.
സീസണിലെ തങ്ങളുടെ ആദ്യ മത്സരത്തിൽ ചെന്നൈ ഡൽഹി കാപിറ്റൽസിനോട് ഏഴുവിക്കറ്റിന് പരാജയപ്പെട്ടതിന് പിന്നാലെയായിരുന്നു സന്ദേശം ലഭിച്ചത്. മത്സരത്തിൽ നാല് ഓവറിൽ 36 റൺസ് വഴങ്ങിയ ചഹറിന് വിക്കറ്റൊന്നും ലഭിച്ചിരുന്നില്ല.
'റൂമിലെത്തിയ ശേഷം ഞാൻ സോഷ്യൽ മീഡിയ നോക്കി. അതിനിടെ ഒരു പയ്യന്‍റെ സന്ദേശം കണ്ടു. ഭായ്... നിങ്ങൾ നല്ലൊരു ബൗളറാണ് എങ്കിലും അടുത്ത മത്സരം കളിക്കരുതെന്ന് ഞാൻ അപേക്ഷിക്കുന്നു. ഒരോ മത്സരങ്ങളെ കുറിച്ചുമുള്ള വലിയ പ്രതീക്ഷയുടെ ഫലമായിട്ടായിരുന്നു അവന്‍റെ മെസേജ്. ഞാൻ ഇന്ന് കളിച്ചില്ലായിരുന്നെങ്കിൽ എനിക്ക് ഇൗ പ്രകടനം പുറത്തെടുക്കാൻ സാധിക്കില്ലായിരുന്നു. ഒരുമത്സരത്തിെല പ്രകടനം മോശമായതിന്‍റെ പേരിൽ ഒരു കളിക്കാരനെയും മോശക്കാരനായി കാണരുത്. അവരെ പിന്തുണക്കുകയാണ് വേണ്ടത്' -ചഹർ പറഞ്ഞു.
ചഹറിന്‍റെ മികവിൽ പഞ്ചാബിനെ ചെന്നൈ നിശ്ചിത ഓവറിൽ എട്ടിന് 106 റൺെസന്ന നിലയിൽ കുരുക്കിയിരുന്നു. വെറും നാലു വിക്കറ്റ് നഷ്ടത്തിൽ 15.4 ഓവറിൽ ചെന്നൈ ലക്ഷ്യം നേടിയെടുത്തു. ചഹറായിരുന്നു കളിയിലെ താരം.
അന്താരാഷ്ട്ര ട്വന്‍റി20യിലെ ഏറ്റവും മികച്ച ബൗളിങ് പ്രകടനത്തിന്‍റെ റെക്കോഡും ചഹറിനാണ്. 2019ൽ 3.2ഓവറിൽ ഏഴു റൺസ് മാത്രം വഴങ്ങി ആറ് ബംഗ്ലാദേശ് ബാറ്റ്സ്മാൻമാരെ പുറത്താക്കിയതായിരുന്നു ആ പ്രകടനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.