നിയമപരമായി ശരിയാണെങ്കിലും ക്രിക്കറ്റിലെ മാന്യതക്ക് നിരക്കാത്ത പ്രവൃത്തിയായാണ് മങ്കാദിങ് അറിയപ്പെടുന്നത്. ബൗളർ റണ്ണപ്പിന് ശേഷം ബൗളിങ് ആക്ഷൻ പൂർത്തിയാക്കി പന്ത് റിലീസ് ചെയ്യുന്നതിനു മുമ്പ് നോൺ സ്ട്രൈക്കർ ക്രീസ് വിട്ടിറങ്ങിയാൽ റണ്ണൗട്ടാക്കുന്നതാണ് മങ്കാദിങ്.
അടുത്തിടെ ഐ.സി.സി മങ്കാദിങ് റണ്ണൗട്ടിന്‍റെ പരിധിയിൽ ഉൾപ്പെടുത്തിയിരുന്നു. ദക്ഷിണാഫ്രിക്കക്കെതിരായ മൂന്നാം ട്വന്‍റി20 മത്സരത്തില്‍ ട്രിസ്റ്റൻ സ്റ്റബ്സിനെ ഇത്തരത്തിൽ റണ്ണൗട്ടാക്കാന്‍ ലഭിച്ച അവസരം വേണ്ടെന്ന് വെച്ച ദീപക് ചാഹറിനെ ക്രിക്കറ്റ് ആരാധകർ സമൂഹമാധ്യമങ്ങളിൽ അഭിനന്ദിക്കുകയാണ്.
മത്സരത്തിലെ പതിനാറാം ഓവറിലാണ് സംഭവം. ചാഹറാണ് പന്തെറിഞ്ഞത്. റണ്ണപ്പ് എടുത്ത് ക്രീസിലെത്തിയപ്പോഴേക്കും നോണ്‍ സ്ട്രൈക്കറായിരുന്ന സ്റ്റബ്സ് ക്രീസിന് പുറത്തിറങ്ങി. എറിയാതെ തിരിച്ചു നടന്ന ചാഹര്‍ സ്റ്റമ്പിനുനേരെ പന്ത് കാണിച്ചു. തിരിഞ്ഞുനോക്കിയപ്പോഴാണ് സ്റ്റബ്സിന് അബദ്ധം മനസ്സിലായത്. ഉടൻ തന്നെ താരം ക്രീസിലേക്ക് കയറി. ചാഹർ ഒരു ചെറു ചിരിയോടെ വീണ്ടും പന്തെറിയാനായി പോയി.
അടുത്തിടെ വനിത ക്രിക്കറ്റില്‍ ഇന്ത്യന്‍ താരം ദീപ്തി ശര്‍മ ഇംഗ്ലണ്ട് വിജയത്തിനരികെ നിൽക്കെ, അവരുടെ ബാറ്റർ ഷാര്‍ലറ്റ് ഡീനിനെ മങ്കാദിങ്ങിലൂടെ പുറത്താക്കിയത് വിവാദത്തിനും ക്രിക്കറ്റ് ലോകത്ത് വലിയ ചര്‍ച്ചകള്‍ക്കും കാരണമായിരുന്നു. ഇംഗ്ലണ്ടിന് ജയിക്കാൻ 39 പന്തിൽ 17 റൺസ് വേണ്ടിയിരിക്കെയാണ് ഇന്ത്യൻ താരത്തിന്‍റെ അപ്രതീക്ഷിത പുറത്താക്കൽ.
ഷാർലറ്റ് അന്ന് കണ്ണീരോടെയാണ് മൈതാനം വിട്ടത്. ഇംഗ്ലണ്ട് പുരുഷ ടീം നായകന്‍ ബെന്‍ സ്റ്റോക്സ് വരെ ഇന്ത്യന്‍ താരത്തിന്‍റെ നടപടിയെ വിമര്‍ശിച്ചിരുന്നു. ചാഹറിന്‍റെ മാന്യമായ കളിയെ അഭിനന്ദിച്ച് നിരവധി പേരാണ് സമൂഹമാധ്യമങ്ങളിൽ രംഗത്തുവന്നത്. താരം കാണിച്ചത് സ്പിരിറ്റ് ഓഫ് ക്രിക്കറ്റെന്ന് ഒരു ആരാധകൻ കുറിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.