ന്യൂഡൽഹി: ഐ.പി.എല്ലിലെ നിർണായകമായ പോരാട്ടത്തിൽ ലഖ്നോ സൂപ്പർ ജയന്റ്സിനെതിരെ 19 റൺസിന് കീഴടക്കി ഡൽഹി ക്യാപിറ്റൽസ്. ആദ്യം ബാറ്റ് ചെയ്ത ഡൽഹി നിശ്ചിത 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 208 റൺസെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ലഖ്നോക്ക് 20 ഓവറിൽ ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 189 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ.
27 പന്തിൽ നാല് സിക്സും ആറ് ഫോറുമുൾപ്പെടെ 61 റൺസെടുത്ത നിക്കോളാസ് പുരാനും എട്ടാമനായി ഇറങ്ങി അർധസെഞ്ച്വറി നേടിയ അർഷദ് ഖാനും (33 പന്തിൽ 58) നടത്തിയ ചെറുത്തു നിർപ്പ് ഫലംകണ്ടില്ല. ഇഷാന്ത് ശർമ മൂന്ന് വിക്കറ്റ് നേടി.
ലഖ്നോവിനെ വീഴ്ത്തിയ ഡൽഹിയേക്കാളും ഗുണം ചെയ്തത് രാജസ്ഥാൻ റോയൽസിനാണ്. 12 മത്സരങ്ങളിൽ 16 പോയിന്റുള്ള രാജസ്ഥാൻ രണ്ടു മത്സരങ്ങൾ ബാക്കി നിൽക്കെ തന്നെ പ്ലേ ഓഫ് ഉറപ്പിച്ചു. ഇനിയുള്ള രണ്ടു മത്സരങ്ങൾ പരാജയപ്പെട്ടാലും ആദ്യ നാലിൽ സ്ഥാനമുറപ്പാണ്. ഐ.പി.എല്ലിൽ മുഴുവൻ മത്സരങ്ങളും പൂർത്തിയായ ഡൽഹി 14 പോയിന്റുമായി പ്ലേ ഓഫിലേക്കുള്ള വിദൂര സാധ്യത നിലനിൽത്തുകയും ചെയ്തു. താരതമ്യേന കുറഞ്ഞ റൺറേറ്റുള്ള ഡൽഹിക്ക് മറ്റു ടീമുകളുടെ മത്സരഗതിയെ ആശ്രയിച്ചായിരിക്കും മുന്നോട്ടുപോകാനാകുക.
33 പന്തിൽ നാല് സിക്സും അഞ്ചുഫോറുമുൾപ്പെടെ 58 റൺസെടുത്ത ഓപണർ അഭിഷേക് പൊരേലും 25 പന്തിൽ നാല് സിക്സും മൂന്ന് ഫോറുമുൾപ്പെടെ പുറത്താകാതെ 57 റൺസെടുത്ത ട്രിസ്റ്റൺ സ്റ്റബ്സിന്റെയും കരുത്തിലാണ് ഡൽഹി മികച്ച സ്കോറിലെത്തിയത്.
പ്ലേ ഓഫ് പ്രതീക്ഷകൾ നിലനിൽക്കാൻ ഇരു ടീമിനും ജയം അനിവാര്യമായ മത്സരത്തിൽ ടോസ് നേടിയ ലഖ്നോ ആതിഥേയരെ ബാറ്റിങ്ങിനയക്കുകയായിരുന്നു. നിലയുറപ്പിക്കും മുൻപ് വെടിക്കെട്ട് ബാറ്റർ ഫ്രേസർ മാക്ഗർകിനെ (0) മടക്കി. അർഷാദ് ഖാന്റെ പന്തിൽ നവീനുൽ ഹഖ് പിടിച്ച് പുറത്താക്കുകയായിരുന്നു.
തുടർന്ന് അഭിഷേക് പൊരേലും ഷായ് ഹോപ്പും തകർത്തടിച്ച് മുന്നേറിയതോടെ സ്കോർ ഉയർന്നു. 8.3 ഓവറിൽ 94 നിൽകെ ഷായ് ഹോപ്പ് വീണു. 27 പന്തിൽ 38 റൺസെടുത്ത ഹോപ്പ് രവി ബിഷ്ണോയിയുടെ പന്തിൽ രാഹുലിന് ക്യാച്ച് നൽകി.
അർധസെഞ്ച്വറി പൂർത്തിയാക്കിയ അഭിഷേക് പൊരേൽ (58) നവീനുൽ ഹഖിന് വിക്കറ്റ് നൽകി മടങ്ങി. 23 പന്തിൽ 33 റൺസെടുത്ത നായകൻ ഋഷഭ് പന്തിനെയും നവീനുൽ ഹഖ് വീഴ്ത്തി. തുടർന്നായിരുന്നു ട്രിസ്റ്റൺ സ്റ്റബ്സിന്റെ ഊഴം. അവസാന ഓവറുകളിൽ ആഞ്ഞടിച്ച സ്റ്റബ്സും (57) അക്സർ പട്ടേലും (14) ടീം സ്കോർ 200 കടത്തി.
ലഖ്നോക്ക് വേണ്ടി നവീനുൽ ഹഖ് രണ്ടും അർഷദ് ഖാൻ, രവി ബിഷ്ണോയ് എന്നിവർ ഒരോ വിക്കറ്റും വീഴ്ത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.