ദുബൈ: കൈവിട്ടുവെന്ന് തോന്നിച്ച മത്സരം ബൗളർമാരെ ഉപയോഗിച്ച് ഡൽഹി കാപ്പിറ്റൽസ് തിരിച്ചുപിടിച്ചു. 161 റൺസ് പിന്തുടർന്നിറങ്ങിയ രാജസ്ഥാൻ റോയൽസിനെ 13 റൺസിനാണ് ഡൽഹി വീഴ്ത്തിയത്. വിജയത്തോടെ ഡൽഹി 12 പോയൻറുമായി പട്ടികയിൽ ഒന്നാമതെത്തി.
അവസാന രണ്ട് ഓവറുകളിൽ വിജയത്തിലേക്ക് 25 റൺസ് വേണ്ടിയിരുന്ന രാജസ്ഥാനെ കഗിസോ റബാദയും തുഷാർ ദേശ് പാണ്ഡേയും ചേർന്ന് വരിഞ്ഞുമുറുക്കുകയായിരുന്നു. ക്രീസിലുണ്ടായിരുന്ന കഴിഞ്ഞ മത്സരത്തിലെ ഹീറോയായ രാഹുൽ തേവാത്തിയക്ക് 18 പന്തിൽ നിന്നും 14 റൺസേ എടുക്കാനായുള്ളൂ. ഡൽഹിക്കായി ആൻറിച്ച് നോർകിയ, ദേശ് പാണ്ഡേ എന്നിവർ രണ്ടുവിക്കറ്റ് വീതം വീഴ്ത്തി. ആർ.അശ്വിൻ നാലോവറിൽ 17 റൺസ് മാത്രം നൽകി ഒരു വിക്കറ്റെടുത്തു.
താരതമ്യേന അനായാസമെന്ന് തോന്നിച്ച ലക്ഷ്യം എളുപ്പത്തിൽ മറികടക്കുമെന്ന് തോന്നിച്ചായിരുന്നു രാജസ്ഥാെൻറ തുടക്കം. ബെൻ സ്റ്റോക്സ് (41), ജോസ് ബട്ട്ലർ (22), സഞ്ജുസാംസൺ (25), റോബിൻ ഉത്തപ്പ (32) എന്നിവർ രാജസ്ഥാനായി നങ്കൂരമിടാൻ ശ്രമിച്ചെങ്കിലും ആർക്കും മാച്ച് വിന്നിങ് പെർഫോമൻസ് കാഴ്ച വെക്കാനായില്ല. മോശം ഫോമിലുള്ള നായകൻ സ്റ്റീവൻ സ്മിത്ത് ഒരു റൺസെടുത്തു പുറത്തായി.
ആദ്യം ബാറ്റുചെയ്ത ഡൽഹിക്കായി 57 റൺസെടുത്ത ധവാനും 53 റൺസെടുത്ത ശ്രേയസ് അയ്യറുമാണ് തിളങ്ങിയത്. അവസാന ഓവറുകളിൽ നന്നായി പന്തെറിഞ്ഞ രാജസ്ഥാൻ ബൗളർമാർ ഡൽഹിയെ കൂറ്റൻ സ്കോറിൽ നിന്നും തടുത്തു. നാലോവറിൽ 19 റൺസ് വഴങ്ങി മൂന്നുവിക്കറ്റെടുത്ത ജോഫ്ര ആർച്ചർ ഒരിക്കൽ കൂടി തെൻറ ക്ലാസ് തെളിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.