ഇന്ത്യൻ പ്രീമിയർ ലീഗിൽ ഡൽഹി ക്യാപിറ്റൽസ് ടീമിലെ വിദേശ താരത്തിന് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ടീമിലെ ആകെ പോസിറ്റീവ് കേസുകളുടെ എണ്ണം മൂന്നായി. ടീം ഫിസിയോ പാട്രിക് ഫാർഹാർട്ട്, ടീം മസാജർ എന്നിവർ കഴിഞ്ഞയാഴ്ച പോസിറ്റീവായിരുന്നു.
താരത്തിന്റെ പരിശോധനാ ഫലം ഇന്നാണ് പുറത്തുവന്നത്. ഡൽഹി ക്യാപിറ്റൽസിന്റെ മുഴുവൻ സംഘവും ആർ.ടി.പി.സി.ആർ ഫലത്തിനായി കാത്തിരിക്കുകയാണ്. ആസ്‌ട്രേലിയൻ ഓൾറൗണ്ടർക്കാണ് രോഗം സ്ഥിരീകരിച്ചതെന്ന് റിപ്പോർട്ടുണ്ട്.
താരത്തിന് കോവിഡ് പോസിറ്റീവ് സ്ഥിരികരിച്ചതോടെ ഡൽഹിയുടെ പുണെ യാത്ര മാറ്റിവെച്ചിരിക്കുകയാണ്. പഞ്ചാബ് കിംഗ്സിനെതിരെ ബുധനാഴ്ചയാണ് ടീമിന്റെ അടുത്തമത്സരം. ഇതിന് വേണ്ടി തിങ്കളാഴ്ച യാത്രതിരിക്കാൻ തീരുമാനിച്ചതായിരുന്നു.
മുഴുവൻ അംഗങ്ങളോടും അവരവരുടെ മുറികളിൽ തങ്ങാൻ നിർദേശിച്ചിരിക്കുകയാണ്. സപ്പോർട്ടിങ് സ്റ്റാഫിലെ മറ്റൊരു അംഗവും രോഗലക്ഷണങ്ങൾ കാണിച്ചിട്ടുണ്ടെന്നാണ് വിവരം.
കോവിഡ് വ്യാപനത്തെ തുടർന്ന് 2021ൽ യു.എ.ഇയിൽവെച്ചായിരുന്നു ഐ.പി.എല്ലിലെ ഭൂരിഭാഗം മത്സരങ്ങൾ നടന്നത്. ഇത്തവണ വ്യാപനം കുറഞ്ഞതോടെ ഇന്ത്യയിൽ തന്നെ നടത്താൻ തീരുമാനിക്കുകയായിരുന്നു.
മാത്രമല്ല, കാണികളെയും സ്റ്റേഡിയത്തിൽ പ്രവേശിപ്പിച്ചിരുന്നു. ടീമുകൾ ബി.സി.സി.ഐയുടെ ബയോ ബബിളിലാണ് കഴിയുന്നത്. ഡൽഹി താരം പോസിറ്റീവായതോടെ ഐ.പി.എല്ലിനെ ഇത്തവണയും കോവിഡ് പ്രതിസന്ധിയിലാഴ്ത്തുമോ എന്ന ആശങ്കയിലാണ് ആരാധകർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.