ചെന്നൈ: മലയാളത്തിലെ കലക്ഷൻ റെക്കോഡുകളെല്ലാം തകർത്ത് ബോക്സോഫിസിൽ കുതിപ്പ് തുടരുകയാണ് ‘മഞ്ഞുമ്മൽ ബോയ്സ്’. കൊടൈക്കനാലിന്റെ പശ്ചാത്തലത്തിൽ ചിദംബരം ഒരുക്കിയ സിനിമ 200 കോടി നേടിയ ആദ്യ മലയാള ചിത്രമെന്ന നേട്ടം സ്വന്തമാക്കയിരുന്നു. തമിഴ്നാട്ടിൽനിന്ന് 50 കോടി കലക്ഷൻ നേടുന്ന ആദ്യ മലയാള സിനിമയായും ‘മഞ്ഞുമ്മൽ ബോയ്സ്’ മാറിയിരുന്നു. ചലച്ചിത്ര താരങ്ങളും രാഷ്ട്രീയ നേതാക്കളും ഉൾപ്പെടെ നിരവധി പ്രമുഖരാണ് ചിത്രത്തിന് പ്രശംസയുമായി എത്തിയത്.
സിനിമയെ കുറിച്ചറിഞ്ഞ് ചെന്നൈ സൂപ്പര്‍ കിങ്സിന്‍റെ സൂപ്പർ താരം എം.എസ് ധോണി തിയറ്ററിലെത്തിയ വാർത്ത ക്രിക്കറ്റ് ആരാധകരും സിനിമ പ്രേമികളും ഒരുപോലെ ഏറ്റെടുത്തിരിക്കുകയാണിപ്പോൾ. ടീമിന്റെ നായകസ്ഥാനം ഒഴിഞ്ഞ് ഉത്തരവാദിത്തങ്ങൾ യുവതാരം ഋതുരാജ് ഗെയ്ക്‌വാദിന് കൈമാറിയ ധോണി കഴിഞ്ഞ ദിവസം ചെന്നൈയിലെ സത്യം സിനിമാസിലാണ് ടീം അംഗം ദീപക് ചാഹറിനൊപ്പം ‘മഞ്ഞുമ്മല്‍ ബോയ്സ്’ കാണാനെത്തിയത്. തിയറ്ററില്‍നിന്നിറങ്ങിയ ധോണിയെയും ചാഹറിനെയും ആരാധകര്‍ ആര്‍പ്പുവിളികളോടെയാണ് വരവേറ്റത്. ഇതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
ഐ.പി.എല്ലിലെ ഉദ്ഘാടന മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്സ് റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരുവിനെ ആറ് വിക്കറ്റിന് തോൽപിച്ചിരുന്നു. മത്സരത്തില്‍ വിക്കറ്റ് കീപ്പറായിരുന്നെങ്കിലും ധോണി ബാറ്റിങ്ങിനിറങ്ങിയിരുന്നില്ല. 26ന് കഴിഞ്ഞ വര്‍ഷത്തെ രണ്ടാം സ്ഥാനക്കാരായ ഗുജറാത്ത് ടൈറ്റന്‍സിനെതിരെയാണ് രണ്ടാം മത്സരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.