‘ധോണിയാണ് ഇന്ത്യൻ പരിശീലകനാകാൻ ​ഏറ്റവും യോഗ്യൻ’; തുറന്നടിച്ച് കോഹ്‍ലിയുടെ കോച്ച്

ന്യൂഡൽഹി: രാഹുൽ ദ്രാവിഡിന്റെ കാലാവധി കഴിയുന്നതോടെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍റെ പരിശീലക സ്ഥാനത്ത് ആരെത്തുമെന്ന ആകാംക്ഷയിലാണ് ക്രിക്കറ്റ് പ്രേമികൾ. പരിശീലക സ്ഥാനത്തേക്ക് അപേക്ഷിക്കാനുള്ള സമയപരിധി തിങ്കളാഴ്ചയാണ് അവസാനിച്ചത്. ആരൊക്കെയാണ് അപേക്ഷിച്ചിട്ടുള്ളതെന്ന വിവരം ബി.സി.സി.ഐ ഇതുവരെ പുറത്തുവിട്ടിട്ടില്ല. എന്നാൽ, ഒരു ഇന്ത്യക്കാരൻ തന്നെ എത്തുമെന്നാണ് സൂചന.

ഐ.പി.എല്ലില്‍ ജേതാക്കളായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് മെന്ററും മുൻ ഇന്ത്യൻ താരവുമായ ഗൗതം ഗംഭീറാണ് സാധ്യത പട്ടികയിൽ മുമ്പിലുള്ളത്. എന്നാല്‍, കൊൽക്കത്തയിൽ തുടരാൻ സമ്മർദമുള്ള ഗംഭീര്‍ പരിശീലക സ്ഥാനത്തേക്ക് അപേക്ഷിച്ചിട്ടുണ്ടോ എന്ന കാര്യം വ്യക്തമല്ല. അപേക്ഷിക്കണമെങ്കില്‍ കോച്ച് ആക്കുമെന്ന ഉറപ്പുവേണമെന്ന് ഗംഭീര്‍ ഉപാധി വെച്ചതായി കഴിഞ്ഞ ദിവസം മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ഇതിനിടെ ഇന്ത്യൻ പരിശീലകനാകാന്‍ ഏറ്റവും യോഗ്യൻ മുന്‍ നായകന്‍ എം.എസ് ധോണിയാണെന്ന അഭിപ്രായവുമായി എത്തിയിരിക്കുകകയാണ് വിരാട് കോഹ്‍ലിയുടെ ബാല്യകാല പരിശീലകനും ദ്രോണാചാര്യ അവാർഡ് ജേതാവുമായ രാജ്കുമാര്‍ ശര്‍മ. ഇന്ത്യ ന്യൂസിന്റെ ‘ക്രികിറ്റ് പ്രഡിക്ട’ പരിപാടിയിലാണ് അദ്ദേഹത്തിന്റെ അഭിപ്രായപ്രകടനം.

കോഹ്‍ലിയും രാജ്കുമാർ ശർമയും

പരിശീലകൻ ഒരു ഇന്ത്യക്കാരനാകണമെന്ന് അഭിപ്രായപ്പെട്ട അദ്ദേഹം, ധോണി ഐ.പി.എല്ലില്‍നിന്ന് ഔദ്യോഗികമായി വിരമിക്കല്‍ പ്രഖ്യാപിച്ചാൽ അദ്ദേഹത്തെ പരിശീലക സ്ഥാനത്തേക്ക് പരിഗണിക്കണമെന്നും ആവശ്യപ്പെട്ടു. ‘താരങ്ങളുടെ ആദരം നേടാന്‍ ധോണിക്കാവും. രണ്ട് ലോകകപ്പുകള്‍ നേടി കഴിവ് തെളിയിച്ച നായകനാണ് ധോണി. അതുകൊണ്ടുതന്നെ ഇന്ത്യൻ ടീമിലെ താരങ്ങളെ ഫലപ്രദമായി കൈകാര്യം ചെയ്യാന്‍ അദ്ദേഹത്തിനാവും. ഇന്ത്യക്കായി ദീര്‍ഘകാലം കളിച്ച നായകനെന്ന നിലയില്‍ തന്ത്രങ്ങള്‍ ആവിഷ്കരിക്കാനും അത് നടപ്പാക്കാനും കഴിയും. ധോണി ക്യാപ്റ്റനായിരുന്നപ്പോള്‍ സചിന്‍, സെവാഗ്, ദ്രാവിഡ്, യുവരാജ്, ഗംഭീർ, കും​െബ്ല പോലുള്ള പ്രമുഖ താരങ്ങളെല്ലാം ടീമിലുണ്ടായിട്ടും അവരെയെല്ലാം നന്നായി നയിക്കാന്‍ ധോണിക്കായിട്ടുണ്ട്’ -രാജ്കുമാര്‍ ശര്‍മ ചൂണ്ടിക്കാട്ടി. 2021ലെ ട്വന്റി 20 ലോകകപ്പിൽ ഇന്ത്യൻ ടീമിന്റെ മെന്ററായി ധോണി പ്രവർത്തിച്ചിട്ടുണ്ട്. 

Tags:    
News Summary - 'Dhoni is most suitable to be Indian coach'; Kohli's coach openly

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.