കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണമന്വേഷിച്ച് ആരാധകർ

ചെന്നൈ: കളിക്കളത്തിലെ ശാന്തമായ പെരുമാറ്റത്തിലൂടെ ക്രിക്കറ്റ് താരങ്ങളുടെയും ആരാധകരുടെയുമെല്ലാം ഇഷ്ടം നേടിയെടുത്ത താരമാണ് മുൻ ഇന്ത്യൻ ക്യാപ്റ്റൻ കൂടിയായ എം.എസ് ധോണി. ധോണി ഗ്രൗണ്ടിലിറങ്ങുമ്പോൾ മാത്രമല്ല, അദ്ദേഹത്തിലേക്ക് കാമറയെത്തുമ്പോഴെല്ലാം സ്റ്റേഡിയത്തിൽ കാണികളുടെ ആരവമുയരുന്നത് ഐ.പി.എല്ലിലെ സ്ഥിരം കാഴ്ചയാണ്.

എന്നാൽ, ചെന്നൈ ചിദംബരം സ്റ്റേഡിയത്തിൽ ലഖ്നോ സൂപ്പർ ജയന്റ്സിനെതിരെ ചൊവ്വാഴ്ച നടന്ന ആതിഥേയരുടെ പോരാട്ടത്തിനിടെയുണ്ടായ സംഭവം ഏറെ ചർച്ചക്കിടയാക്കിയിരിക്കുകയാണ്. ക്രീസിൽ ചെന്നൈ ക്യാപ്റ്റൻ ഋതുരാജ് ഗെയ്ക്‍വാദും ശിവം ദുബെയും മികച്ച കൂട്ടുകെട്ടുമായി നിലയുറപ്പിച്ച ഘട്ടത്തിൽ ഡ്രസ്സിങ് റൂമിൽ തനിക്ക് നേരെ കാമറ സൂം ചെയ്ത കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങുന്ന വിഡിയോയാണ് പുറത്തുവന്നിരിക്കുന്നത്. ധോണിയുടെ തമാശയാണെന്ന് ചിലർ വാദിക്കുമ്പോൾ മറ്റുചിലർ അദ്ദേഹം എന്തോ പിറുപിറുക്കുന്നുണ്ടെന്നും കലിപ്പിലാണെന്നുമാണ് ചൂണ്ടിക്കാട്ടുന്നത്. ധോണി ദേഷ്യപ്പെടാനുള്ള കാരണമന്വേഷിച്ചും ആരാധകർ രംഗത്തെത്തിയിട്ടുണ്ട്. 

മത്സരത്തിൽ ആതിഥേയരായ ചെന്നൈ സൂപ്പർ കിങ്സ് ആറുവിക്കറ്റിന്റെ തോൽവി ഏറ്റുവാങ്ങിയിരുന്നു. ആദ്യം ബാറ്റ് ചെയ്ത അവർ ഗെയ്ക്‍വാദിന്റെ തകർപ്പൻ സെഞ്ച്വറിയുടെയും (60 പന്തിൽ പുറത്താകാതെ 108) ശിവം ദുബെയുടെ അതിവേഗ അർധ​സെഞ്ച്വറിയുടെയും (27 പന്തിൽ 66) ബലത്തിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 210 റൺസാണെടുത്തത്. അവസാന പന്ത് നേരിട്ട ധോണി ഫോറടിച്ചാണ് ഇന്നിങ്സ് അവസാനിപ്പിച്ചത്. എന്നാൽ, മറുപടി ബാറ്റിങ്ങിനിറങ്ങിയ ലഖ്നോ മാർകസ് സ്റ്റോയിനിസ് ഒറ്റയാൾ പോരാട്ടത്തിലൂടെ നേടിയ സെഞ്ച്വറിയുടെ (63 പന്തിൽ പുറത്താവാതെ 124) കരുത്തിൽ മൂന്ന് പന്ത് ബാക്കിനിൽക്കെ ലക്ഷ്യത്തിലെത്തുകയായിരുന്നു. 

Tags:    
News Summary - Dhoni threw a water bottle at the camera; Fans wonder if they are in the mood

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.