വിശാഖപട്ടണം: ഐ.പി.എല്ലിലെ മൂന്നാം മത്സരത്തിൽ ചെന്നൈ സൂപ്പര്‍ കിങ്സ് ആദ്യ പരാജയം ഏറ്റുവാങ്ങിയെങ്കിലും ആരാധകര്‍ക്ക് ആഘോഷമായി ധോണിയുടെ ബാറ്റിങ് വിരുന്ന്. സീസണില്‍ ആദ്യമായാണ് ധോണി ബാറ്റിങ്ങിനായി ക്രീസിലെത്തുന്നത്. കാലിന് പരിക്കേറ്റ് ശസ്ത്രക്രിയക്ക് ശേഷം വിശ്രമത്തിലായിരുന്ന ധോണിയിൽനിന്ന് മികച്ച ഇന്നിങ്സ് ഇനിയുണ്ടാകുമോ എന്ന സംശയത്തിലായിരുന്നു ആരാധകർ. ബാറ്റിങ് ഓർഡറിൽ താഴേക്കിറങ്ങിയതും ഈ സംശയം ബലപ്പെടുത്തി. എന്നാൽ, ദീർഘകാലത്തിന് ശേഷം ബാറ്റ് ചെയ്യാൻ ക്രീസിലേക്ക് നടക്കുന്ന താരത്തെ ധോണി, ധോണി... വിളികളോടെയാണ് ആരാധകർ വരവേറ്റത്.
എട്ടാമനായി ക്രീസിലെത്തിയ ധോണി തന്റെ കരുത്ത് ചോർന്നിട്ടില്ലെന്ന് നേരിട്ട ആദ്യ പന്തിൽ തന്നെ തെളിയിക്കുകയും ചെയ്തു. മുകേഷ് കുമാറിനെ അതിർത്തി കടത്തിയാണ് തുടങ്ങിയത്. അതേ ഓവറിൽ ഒരു ഫോർ കൂടി അടിച്ചതോടെ കാണികൾ ഇളകിമറിഞ്ഞു. റൺ വഴങ്ങാൻ മടിച്ച ഖലീൽ അഹ്മദിനെ സിക്സടിച്ച ധോണി ആന്റിച്ച് നോര്‍ക്യ എറിഞ്ഞ അവസാന ഓവറില്‍ രണ്ട് വീതം സിക്‌സും ഫോറും സഹിതം അടിച്ചുകൂട്ടിയത് 20 റണ്‍സാണ്. 20 ഓവർ പൂർത്തിയാകുമ്പോൾ 16 പന്തുകള്‍ മാത്രം നേരിട്ട് 37 റണ്‍സുമായി മുൻ ഇന്ത്യൻ നായകൻ ക്രീസിൽ തന്നെ ഉണ്ടായിരുന്നു. മൂന്ന് സിക്‌സും നാല് ഫോറും ഉള്‍പ്പെടുന്നതായിരുന്നു ഇന്നിങ്സ്. കുറച്ചുകൂടി നേരത്തെ ധോണി ഇറങ്ങിയിരുന്നെങ്കിലെന്ന് കാണികൾ ആഗ്രഹിച്ച ദിനം കൂടിയായിരുന്നു ഇന്നലെ.
42ാം വയസ്സിൽ ധോണിയുടെ ബാറ്റിൽനിന്ന് പിറന്ന തകർപ്പൻ ഷോട്ടുകൾ സമൂഹ മാധ്യമങ്ങളില്‍ ആഘോഷമാക്കുകയാണ് ആരാധകരിപ്പോൾ. നിരവധി പേരാണ് ധോണിയെ പ്രശംസിച്ച് രംഗത്തെത്തിയത്.
ഡല്‍ഹി കാപിറ്റല്‍സിനെതിരെ വിശാഖപട്ടണത്ത് നടന്ന മത്സരത്തില്‍ 20 റണ്‍സിനായിരുന്നു ചെന്നൈയുടെ തോല്‍വി. 192 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ചെന്നൈക്ക് ആറ് വിക്കറ്റ് നഷ്ടത്തില്‍ 171 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. ഓപണർമാരായ ഋതുരാജ് ഗെയ്ക്‍വാദ് (1) രചിൻ രവീന്ദ്ര (2) എന്നിവർ പെട്ടെന്ന് മടങ്ങിയതോടെ പ്രതിസന്ധിയിലായ ടീമിനെ അജിൻക്യ രഹാനെയും (30 പന്തിൽ 45), ഡാറിൽ മിച്ചലും (26 പന്തിൽ 34) ചേർന്നാണ് കരകയറ്റിയത്. എന്നാൽ, കാര്യമായ റണ്ണൊഴുക്കില്ലാതിരുന്നത് തിരിച്ചടിയായി. ഇവർക്ക് ശേഷമെത്തിയ ശിവം ദുബെ (17 പന്തിൽ 18) സമീർ റിസ്‍വി (0) എന്നിവർ എളുപ്പത്തിൽ മടങ്ങുകയും ചെയ്തതോടെ ചെന്നൈ തോൽവിയിലേക്ക് നീങ്ങി. രവീന്ദ്ര ജദേജ റൺസ് കണ്ടെത്താൻ പ്രയാസപ്പെട്ടുനിൽക്കുമ്പോഴാണ് ധോണിയുടെ തകർപ്പൻ ബാറ്റിങ് കാണികൾക്ക് വിരുന്നായത്. മൂന്ന് വിക്കറ്റ് വീഴ്ത്തിയ മുകേഷ് കുമാറും രണ്ട് വിക്കറ്റ് നേടിയ ഖലീൽ അഹ്മദും ചേർന്നാണ് ചെന്നൈയെ വരിഞ്ഞുമുറുക്കിയത്.
നേരത്തെ, ഡേവിഡ് വാര്‍ണര്‍ (35 പന്തില്‍ 52), റിഷഭ് പന്ത് (32 പന്തില്‍ പുറത്താവാതെ 51), പൃഥ്വി ഷാ (43) എന്നിവരുടെ ഇന്നിങ്സാണ് ഡല്‍ഹിക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. മൂന്ന് വിക്കറ്റെടുത്ത മതീഷ പതിരാനയാണ് ചെന്നൈക്ക് വേണ്ടി ബൗളിങ്ങിൽ തിളങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.