കഴിഞ്ഞ കുറച്ചുനാളുകളായി മോശം കാലഘട്ടത്തിലൂടെയാണ് വിരാട് കോഹ്ലി ടെസ്റ്റ് ക്രിക്കറ്റിൽ കടന്നുപോകുന്നത്. ക്രിക്കറ്റിന്‍റെ ഏറ്റവും കഠിനമായ ഫോർമാറ്റിൽ മികച്ച ബാറ്ററായിരുന്ന വിരാട് ഇന്ന് ശരാശരി താരം മാത്രമാണ്. അദ്ദേഹത്തിന്‍റെ ബാറ്റിങ് ശരാശരിയിലെ കുറവും സ്പിന്നിനെതിരെയുള്ള മോശം ബാറ്റിങ്ങുമെല്ലാം ഇത് തെളിയിക്കുന്നതാണ്. ടെസ്റ്റ് ക്രിക്കറ്റിൽ അദ്ദേഹം അവസാനമായി സെഞ്ച്വറി നേടിയത് 2023ലാണ്.
നിലവിൽ നടക്കുന്ന ന്യൂസിലാൻഡ് പരമ്പര നഷ്ടമായതിൽ വിരാട് കോഹ്ലിയുടെ മോശം ഫോമിന് ചെറുതല്ലാത്ത പങ്കുണ്ട്. സ്പിന്നിനെതിരെയാണ് രണ്ട് മത്സരത്തിൽ നിന്നുമായി നാലിൽ മൂന്ന് ഇന്നിങ്സിലും വിരാട് പുറത്തായത്. താരത്തിന്‍റെ സ്പിന്നിനെതിരെയുള്ള വിരാടിന്‍റെ മോശം പ്രകടനം മറികടക്കാനുള്ള പരിഹാരം കാണേണ്ടതുണ്ടെന്ന് ചൂണ്ടിക്കാട്ടുകയാണ് മുൻ ഇന്ത്യൻ താരവും ക്രിക്കറ്റ് കമന്‍റേറ്ററുമായ ദിനേഷ് കാർത്തിക്ക്. താരം ആഭ്യന്തര ക്രിക്കറ്റിലേക്ക് മടങ്ങണമെന്നും ഇടംകയ്യൻ സ്പിന്നർമാർക്കെതിരെ ശക്തി ആർജിച്ച് തിരിച്ചുവരണമെന്നും കാർത്തിക്ക് പറഞ്ഞു.
'വിരാടിന് ഈ സീരീസ് എളുപ്പമല്ലായിരുന്നു, നാലിൽ മൂന്ന് ഇന്നിങ്സിലും ഒന്നും ചെയ്യാനാകാതെ മടങ്ങുകയായിരുന്നു. എല്ലാത്തിനും പരിഹാരം തേടുന്ന ഒരു മനുഷ്യനാണ് വിരാട് കോഹ്ലി. അദ്ദേഹത്തെ പോലൊരു സൂപ്പർതാരത്തിന് വെല്ലുവിളികൾ നേരിട്ടുകൊണ്ടേയിരിക്കേണ്ടി വരും, ഇന്ത്യക്ക് സ്പിന്നിൽ കളിക്കാനാണ് താത്പര്യം, ഇതിന് എന്തായിരിക്കും വിരാടിന്‍റെ പദ്ധതി?
അദ്ദേഹത്തിന് എന്തൊക്കെ സാധിക്കുമെന്ന് നമുക്കറിയാം, ഈ പരമ്പര പ്രതീക്ഷകളെല്ലാം തെറ്റിക്കുകയാണ്. വിരാട് ഒരുപാട് നാളുകളായി ഒന്നും ചെയ്യാൻ കഴിയാതിരിക്കുകയാണ് എന്ന് ആരാധകർ പറയുന്നത് നമുക്ക് അംഗീകരിച്ചേ മതിയാകുള്ളൂ. അതിനെ മറച്ചുവെക്കേണ്ട ആവശ്യമില്ല. കാരണം ഒരു താരത്തിന്‍റെ പ്രകടനത്തെ അളക്കുന്നതിൽ ഒരു ഉദ്ദേശമുണ്ട്. വിരാട് കഴിഞ്ഞ മൂന്ന് വർഷത്തോളം സ്പിന്നിനെതിരെ മോശമാണ്. ഇടം കയ്യൻ സ്പിന്നർമാർ നാശം വിതക്കുമെന്ന് ഉറപ്പാണ്. അപ്പോൾ നമുക്ക് ചെയ്യാനുള്ളത് ആഭ്യന്തര ക്രിക്കറ്റിലേക്ക് മടങ്ങി എന്താണ് ഇതിന് പ്രതിവിധി എന്ന് അറിയുകയാണ് അതിനൊപ്പം ഡി.ആർ.എസിലെ അമ്പയേഴ്സ് കാൾ മറികടക്കാനുള്ളതും മനസിലാക്കുക എന്നുള്ളതാണ്,' കാർത്തിക്ക് പറഞ്ഞു.
കഴിഞ്ഞ നാല് വർഷത്തിനിടെ രണ്ട് സെഞ്ച്വറി മാത്രമാണ് വിരാട് കോഹ്ലി ടെസ്റ്റ് ക്രിക്കറ്റിൽ നേടിയിട്ടുള്ളത്. ഇവ രണ്ടും 2023ലാണ് വിരാട് കോഹ്ലി സ്വന്തമാക്കിയത്. ആസ്ട്രേലിയക്കെതിരെ അവരുടെ മണ്ണിൽ നടക്കുന്ന ബോർഡർ ഗവാസ്കർ ട്രോഫി പരമ്പരയിൽ വിരാട് കോഹ്ലി അദ്ദേഹത്തിന്‍റെ ഫോം കണ്ടെത്തി തിരിച്ചെത്തണമെന്നാണ് ആരാധകരുടെയും ഇന്ത്യൻ ടീമിന്‍റെയും ആഗ്രഹം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.