കൊൽക്കത്ത: ഈഡൻ ഗാർഡനിൽ ചൊവ്വാഴ്ച ബംഗ്ലാദേശിനെതിരെ ലോകകപ്പ് മത്സരത്തിനിറങ്ങുന്ന പാകിസ്താന് സെമി ഫൈനൽ സാധ്യത നിലനിർത്താൻ ജയം അനിവാര്യം. ആറു മത്സരങ്ങളിൽ രണ്ടു പോയന്റ് മാത്രമുള്ള ബംഗ്ലാ കടുവകളുടെ കാര്യം ഏറക്കുറെ തീരുമാനമായിട്ടുണ്ട്. ആറിൽ രണ്ടു ജയവും നാലു തോൽവിയും ഏറ്റുവാങ്ങിയ ബാബർ അഅ്സമിനും സംഘത്തിനും ഇന്നത്തെ ജീവന്മരണ പോരാട്ടം ജയിച്ചില്ലെങ്കിൽ നാട്ടിലേക്ക് ടിക്കറ്റ് ബുക്ക് ചെയ്യാം. ശേഷിക്കുന്ന രണ്ടു കളികൾകൂടി മികച്ച മാർജിനിൽ നേടിയാലേ പാകിസ്താന് പ്രതീക്ഷ വെച്ചുപുലർത്താനാവൂ.
നെതർലൻഡ്സിനെ തോൽപിച്ച് തുടങ്ങിയ പാക് പട തുടർന്ന് ശ്രീലങ്കയെയും തകർത്തെങ്കിലും പിന്നെ കണ്ടത് തിരിച്ചടികൾ മാത്രം. ഇന്ത്യയും ആസ്ട്രേലിയയും ദക്ഷിണാഫ്രിക്കയും മാത്രമല്ല ദുർബലരുടെ പട്ടികയിലുള്ള അഫ്ഗാനിസ്താൻ വരെ ബാബറിന്റെ ടീമിനെ മറിച്ചിട്ടു. ഈഡനിലെ പിച്ച് പേസ് സൗഹൃദമാണെന്നതിന്റെ ആനുകൂല്യം ഉപയോഗപ്പെടുത്താനാവുമെന്നാണ് പാകിസ്താൻ കരുതുന്നത്.
ചെന്നൈയിൽ ദക്ഷിണാഫ്രിക്കക്കെതിരെ കൈവിട്ടെന്ന് വിചാരിച്ച കളിയിൽ ശക്തമായി തിരിച്ചുവന്ന് ജയത്തിനരികിലെത്തിയത് പേസർമാരായ ഷഹീൻ അഫ്രീദി, ഹാരിസ് റഊഫ്, മുഹമ്മദ് വസീം തുടങ്ങിയവരുടെ ബൗളിങ് മികവിലാണ്. ഷാക്കിബ് അൽ ഹസൻ നയിക്കുന്ന ബംഗ്ലാ നിരയിൽ എല്ലാം പിഴച്ച അവസ്ഥയാണ്. അഫ്ഗാനെ തോൽപിച്ച് നേടിയ രണ്ടു പോയന്റ് മാത്രമാണ് സമ്പാദ്യം. നെതർലൻഡ്സിനോടടക്കം തോൽവി ഏറ്റുവാങ്ങി ഇവർ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.