മുംബൈ: ഈ നഗരത്തിലാണ് 33 വർഷം മുമ്പ് അജാസ് പട്ടേൽ ജനിച്ചത്. എട്ടാം വയസ്സിൽ മാതാപിതാക്കൾക്കൊപ്പം ന്യൂസിലൻഡിലെത്തിയ അജാസിന് കാൽനൂറ്റാണ്ടിനുശേഷം ജന്മ നഗരമായ മുംബൈയിൽ ടെസ്റ്റ് കളിക്കാൻ അവസരം ലഭിച്ചത് തന്നെ മധുരതരമായിരുന്നു. വാംഖഡെയിൽ ഇന്നിങ്സിലെ പത്തു വിക്കറ്റും വീഴ്ത്തി ചരിത്രത്തിലിടംപിടിക്കാനായതോടെ ഇരട്ടിമധുരമായി.
ഇടംകൈയ്യൻ മീഡിയം പേസറായി കളി തുടങ്ങിയ അജാസ് മറ്റൊരു ഇന്ത്യൻ വംശജനായ മുൻ കിവീസ് ഓഫ് സ്പിന്നർ ദീപക് പട്ടേലിെൻറ പ്രേരണയിലാണ് സ്പിന്നറായി മാറുന്നത്. ദീപക് കോച്ചായിരുന്ന അണ്ടർ 19 ടീമിൽ ടിം സൗത്തിക്കൊപ്പം പേസറായിരുന്നു അജാസ്. അഞ്ചടി ആറ് ഇഞ്ചിൽ ഉയർച്ച നിന്ന അജാസിന് പേസിനെക്കാൾ യോജിക്കുക സ്പിന്നാണെന്ന ദീപക്കിെൻറ തിരിച്ചറിവായിരുന്നു മാറ്റത്തിനുപിന്നിൽ.
2012ൽ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് കളിച്ചു തുടങ്ങിയ അജാസിന് ആറു വർഷം കഴിഞ്ഞാണ് ദേശീയ ടീമിലെത്താനായത്. 30ാംവയസ്സിൽ ടെസ്റ്റിലും ട്വൻറി20യിലും അരങ്ങേറിയ അജാസിന് ഏകദിന ടീമിൽ ഇനിയും കയറിപ്പറ്റാനുമായിട്ടില്ല. ദേശീയ ടീമിലെത്തിയ ശേഷവും പറയത്തക്ക പ്രകടനങ്ങളൊന്നും കാഴ്ചവെക്കാൻ അജാസിനായിട്ടില്ല. മുംബൈ ടെസ്റ്റിനുമുമ്പ് പത്ത് ടെസ്റ്റുകളിൽനിന്ന് 32.48 ശരാശരിയിൽ 29 വിക്കറ്റ് മാത്രമാണ് സമ്പാദ്യം.
എന്നാൽ, അപൂർവ നേട്ടത്തോടെ ടെസ്റ്റ് ടീമിലെ പ്രധാന സ്പിന്നറായി സ്ഥാനമുറപ്പിക്കാനാവുമെന്ന പ്രതീക്ഷയിലാണ് അജാസ്. ജിം ലേക്കർക്കും അനിൽ കുംബ്ലെക്കുമൊപ്പം ഇന്നിങ്സിലെ മുഴുവൻ വിക്കറ്റും വീഴ്ത്തുന്ന താരമായതിനൊപ്പം ഇതിഹാസതാരം റിച്ചാർഡ് ഹാഡ്ലിയെ (1985ൽ ആസ്ട്രേലിയക്കെതിരെ 9/52) മറികടന്ന് ന്യൂസിലൻഡ് താരത്തിെൻറ മികച്ച ബൗളിങ്ങും തെൻറ പേരിലാക്കി അജാസ്.
അജാസിെൻറ കുടുംബം മുംബൈയിലെ ജോഗേശ്വരി സ്വദേശികളായിരുന്നു. ഒഷിവാര സ്കൂളിലെ അധ്യാപികയായിരുന്നു ന്യൂസിലൻഡിലേക്ക് പോകുന്നതുവരെ മാതാവ്. ബന്ധുക്കൾ ഇപ്പോഴും ഈ പ്രദേശത്തുണ്ട്. അജാസിെൻറ നേട്ടത്തിൽ കുടുംബം ഏറെ സന്തോഷത്തിലാണെന്ന് അടുത്ത ബന്ധുവായ ഉവൈസ് പട്ടേൽ പറഞ്ഞു. അടുത്തിടെ അജാസിെൻറ കുടുംബത്തെ ന്യൂസിലൻഡിലെത്തി സന്ദർശിച്ച കാര്യവും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.