6,6,6,6,6,1,6; ഉത്തപ്പയെ തൂക്കിയടിച്ച് ഇംഗ്ലണ്ട് ബാറ്റർ; ഒരോവറിൽ വഴങ്ങിയത് 37 റൺസ്!

ഹോങ്കോങ്: ഇന്ത്യൻ താരം റോബിൻ ഉത്തപ്പ ഒരോവറിൽ വഴങ്ങിയത് 37 റൺസ്! ഹോങ്കോങ് സിക്‌സസ് ക്രിക്കറ്റ് ടൂര്‍ണമെന്റിൽ ഇംഗ്ലണ്ട് മുൻ ഓൾ റൗണ്ടർ രവി ബൊപ്പാരയാണ് ഉത്തപ്പയെ പറപറത്തിയത്.

ഒരു വൈഡും ആറ് സിക്‌സറും അടക്കം 37 റണ്‍സാണ് ആ ഓവറിൽ പിറന്നത്. മത്സരത്തില്‍ ഇന്ത്യ 15 റണ്‍സിന് ഇംഗ്ലണ്ടിനോട് തോറ്റു. ഉത്തപ്പ എറിഞ്ഞ ഓവറിലെ ആദ്യ അഞ്ചു പന്തുകളും ബൊപ്പാര ഗാലറിയിലെത്തിച്ചു. ആറാമത്തെ പന്ത് വൈഡ്. അവസാന പന്തും ഇംഗ്ലണ്ട് ബാറ്റർ സിക്‌സര്‍ പറത്തി. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് ആറു ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 120 റൺസെടുത്തു. മറുപടി ബാറ്റിങ്ങിൽ ഇന്ത്യക്ക് ആറു ഓവറിൽ മൂന്നു വിക്കറ്റ് നഷ്ടത്തിൽ 105 റൺസെടുക്കാനെ കഴിഞ്ഞുള്ളു.

14 പന്തിൽ എട്ടു സിക്സടക്കം 53 റൺസെടുത്ത ബൊപ്പാര പരിക്കേറ്റതിനെ തുടർന്നാണ് ഗ്രൗണ്ട് വിട്ടത്. ഇംഗ്ലണ്ടിനായി ബാറ്റിങ്ങിനിറങ്ങിയ സമിത് പട്ടേലും ക്രീസില്‍ വെടിക്കെട്ടാണ് നടത്തിയത്. അഞ്ച് സിക്‌സറുകളും നാല് ബൗണ്ടറിയും അടക്കം താരം 18 പന്തിൽ 51 റൺസെടുത്തു. 15 പന്തിൽ 48 റൺസെടുത്ത കേദർ യാദവാണ് ഇന്ത്യയുടെ ടോപ് സ്കോറർ. ഭരത് ചിപ്ലി (ഏഴു പന്തിൽ 21), ശ്രീവാത്സ് ഗോസ്വാമി (10 പന്തിൽ 27) എന്നിവരും ഇന്ത്യക്കായി ഭേദപ്പെട്ട പ്രകടനം നടത്തി. നായകൻ ഉത്തപ്പ നേരിട്ട ആദ്യ പന്തിൽ തന്നെ പുറത്തായി.

ടൂര്‍ണമെന്റില്‍ ഇന്ത്യക്ക് ഒരുമത്സരം പോലും ജയിക്കാനായിട്ടില്ല. നേരത്തെ പാകിസ്താനോടും യു.എ.ഇയോടും ഇന്ത്യ പരാജയപ്പെട്ടിരുന്നു.

Tags:    
News Summary - Robin Uthappa Concedes 37 Runs In One Over

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.