'ഇത് അവന്‍റെ രണ്ടാം വരവ്'; ആസ്ട്രേലിയൻ മണ്ണിലേക്ക് ഇപ്പോഴേ തിരിച്ച് രണ്ട് ഇന്ത്യൻ താരങ്ങൾ

ന്ത്യയും ആസ്ട്രേലിയയും ഏറ്റുമുട്ടുന്ന ബോർഡർ-ഗവാസ്കർ ട്രോഫിക്ക് ഇന്ത്യൻ ടീമിലെ ബാക്കി താരങ്ങൾ പുറപ്പെടുന്നതിന് മുമ്പ് കെ.എൽ. രാഹുലും ധ്രുവ് ജുറേലും ആസ്ട്രേലിയയിലേക്ക് യാത്ര തിരിക്കും. ആസ്ട്രേലിയ എക്കെതിരെ കളിക്കാനാണ് ഇരുവരും നേരത്തെ എത്തുക. ഈ ആഴ്ചയാണ് ഇന്ത്യ എയും ആസ്ട്രേലിയ എയും തമ്മിൽ ഏറ്റുമുട്ടുന്ന അവസാന അനൗദ്യോഗിക ചതുർദിന ടെസ്റ്റ് മത്സരം.

സെപ്റ്റംബർ മുതലുള്ള ഇന്ത്യയുടെ ഹോം മത്സരങ്ങളിൽ മൂന്നെണ്ണത്തിലാണ് രാഹുൽ പങ്കെടുത്തത്. അഞ്ച് ഇന്നിങ്സിൽ ബാറ്റ് വീശിയ രാഹുൽ 118 റൺസാണ് നേടിയത്. ഒരു അർധസെഞ്ച്വറി താരത്തിന്‍റെ ഇന്നിങ്സിലുണ്ടായിരുന്നു. ന്യൂസിലൻഡിനെതിരെയുള്ള ആദ്യ ടെസ്റ്റിൽ താരം പരാജയപ്പെടുകയും സർഫറാസ് ഖാൻ സെഞ്ച്വറി അടിക്കുകയും ചെയ്തതോടെ പിന്നീടുള്ള രണ്ട് മത്സരത്തിൽ നിന്നും രാഹുലിനെ ഒഴിവാക്കുകയായിരുന്നു.

ഈ വർഷം ആദ്യം നടന്ന ഇംഗ്ലണ്ട് പരമ്പരയിലാണ് ധ്രുവ് ജുറേൽ അരങ്ങേറിയത് പിന്നീട് താരത്തിന് ടെസ്റ്റ് മത്സരങ്ങളിൽ പ്ലെയിങ് ഇലവനിൽ അവസരമൊന്നും ലഭിച്ചിട്ടില്ല. ഋഷഭ് പന്തിന് പരിക്കേറ്റപ്പോൾ ന്യൂസിലൻഡിനെതിരെയുള്ള ആദ്യ മത്സരത്തിൽ ജുറേൽ വിക്കറ്റ് കീപ്പറായി പകരക്കാരന്റെ റോളിൽ ഇറങ്ങിയിരുന്നു. കൂടുതൽ മത്സരപരിചയം ആർജിക്കുന്നതിനായാണ് ഇരുവരെയും നേരത്തെ ആസ്ട്രേലിയയിലേക്ക് അയക്കുന്നത്. ആസ്ട്രേലിയിലേക്ക് പോകുന്നതിന് മുമ്പ് ഇന്ത്യ എക്കെതിരെ കളിക്കാനിരുന്ന പരിശീലന മത്സരം ഇന്ത്യൻ ടീം ഒഴിവാക്കിയിട്ടുണ്ട്. പകരം ടീമിൽ നിന്നുതന്നെ പരിശീലന മത്സരം നടക്കുമെന്ന് റിപ്പോർട്ട് സൂചിപ്പിക്കുന്നു.

രണ്ടും മൂന്നും ടെസ്റ്റ് മത്സരത്തിൽ അമ്പേ പരാജയമായ സർഫറാസ് ഖാന് പകരം വിദേശ മണ്ണിൽ മോശമല്ലാത്ത റെക്കോർഡുള്ള കെ.എൽ. രാഹുലിന് ആസ്ട്രേലിയയിൽ വീണ്ടും അവസരം ലഭിച്ചേക്കുമെന്നാണ് സൂചന. അങ്ങനെയെങ്കിൽ താരത്തിന്‍റെ തിരിച്ചുവരവിന് ഇന്ത്യൻ ടീം സാക്ഷിയാകുമെന്നാണ് ആരാധകർ വിശ്വസിക്കുന്നത്. നവംബർ 22ന് ബോർഡർ ഗവാസ്കർ ട്രോഫിയിലെ ആദ്യ മത്സരത്തിന് പെർത്ത് അരങ്ങാവും.

Tags:    
News Summary - kl rahul and dhruv jurel travel to austrailia early

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.