രണ്ടാം ഇന്നിങ്സിലും അഞ്ച് വിക്കറ്റ്; 12 വർഷത്തെ കരിയറിൽ ആദ്യം

മുംബൈ: ഇന്ത്യ-ന്യൂസിലാൻഡ് മൂന്നാം ടെസ്റ്റ് രണ്ടാം ഇന്നിങ്സിലും അഞ്ച് വിക്കറ്റ് നേട്ടവുമായി ഓൾറൗണ്ടർ രവീന്ദ്ര ജഡേജ. ഇതോടെ രണ്ട് ഇന്നിങ്സിൽ നിന്നുമായി ജഡേജ 10 വിക്കറ്റ് നേടി. ന്യൂസിലാൻഡിനെ രണ്ടാം ഇന്നിങ്സിൽ 173 റൺസിലൊതുക്കാൻ ഇന്ത്യക്ക് സാധിച്ചു. ആദ്യ ഇന്നിങ്സിൽ 28 റൺസിന്‍റെ നേരിയ ലീഡുണ്ടായിരുന്ന ഇന്ത്യക്ക് മത്സരത്തിൽ വിജയിക്കാൻ 147 റൺസ് നേടണം.

12 വർഷത്തെ ടെസ്റ്റ് കരിയറിൽ ആദ്യമായാണ് ജഡേജ ഒരു ടെസ്റ്റ് മത്സരത്തിലെ രണ്ട് ഇന്നിങ്സിലും അഞ്ച് വിക്കറ്റ് നേട്ടം കൈവരിക്കുന്നത്. ആദ്യ ഇന്നിങ്സിൽ 55 റൺസ് വഴങ്ങിയാണ് ജഡേജ അഞ്ച് വിക്കറ്റ് നേടിയത്. രണ്ടാം ഇന്നിങ്സിൽ അഞ്ച് വിക്കറ്റ് സ്വന്തമാക്കുവാൻ 65 റൺസാണ്  താരം വിട്ടുനൽകിയത്. തന്‍റെ കരിയറിലെ മൂന്നാമത്തെ പത്ത് വിക്കറ്റ് നേടമാണ് ഇതോടെ ജഡ്ഡു സ്വന്തമാക്കിയത്.

ഇന്ത്യൻ താരങ്ങളിൽ ഏറ്റവും കൂടുതൽ 10 വിക്കറ്റ് നേടിയവരിൽ മൂന്നാം സ്ഥാനത്തേക്ക് കുതിച്ച് കയറാനും ജഡേജക്ക് സാധിച്ചു. എട്ട് 10 വിക്കറ്റ് നേട്ടങ്ങളുമായി അനിൽ കുംബ്ലെയും രവിചന്ദ്രൻ അശ്വിനുമാണ് ഒന്നാം സ്ഥാനത്ത് നിൽക്കുന്നത്. രണ്ടാമതുള്ള ഹർഭജൻ സിങ്ങിന് അഞ്ച് പത്ത് വിക്കറ്റ് നേട്ടങ്ങളുണ്ട്. രണ്ട് പത്ത് വിക്കറ്റ് നേട്ടങ്ങളുമായി കപിൽ ദേവും ഇർഫാൻ പത്താനുമാണ് നാലാം സ്ഥാനത്ത്.

അതേസമയം 147 റൺസ് വിജയലക്ഷ്യവുമായെത്തിയ ഇന്ത്യ ബാറ്റിങ് തകർച്ച നേരിടുകയാണ് സ്കോർബോർഡിൽ 30 റൺസ് എത്തുന്നതിനിടെ അഞ്ച് ഇന്ത്യൻ ബാറ്റർമാർ പുറത്തായി.

Tags:    
News Summary - jadeja two five wickets in a test match

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.