ഷാർജ: ഐ.പി.എല്ലിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ-പഞ്ചാബ് കിങ്സ് മത്സരത്തിനിടെ മൂന്നാം അമ്പയറുടെ ഡി.ആർ.എസ് തീരുമാനം വിവാദമായി. ആർ.സി.ബി ബാറ്റ്സ്മാൻ ദേവ്ദത്ത് പടിക്കലിന് ജീവൻ തിരിച്ചുനൽകിയ തീരുമാനത്തിനെതിരെ ആരാധകരും ക്രിക്കറ്റ് പണ്ഡിറ്റുകളും രംഗത്തെത്തി.
ഷാർജയിൽ നടന്ന മത്സരത്തിന്‍റെ എട്ടാം ഓവറിലാണ് സംഭവം. രവി ബിഷ്നോയി ആണ് പടിക്കലിനെതിരെ പന്തെറിഞ്ഞത്. റിവേഴ്സ് സ്വീപ്പിന് ശ്രമിച്ച പടിക്കൽ പരാജയപ്പെട്ടു. പന്ത് കൈപ്പിടിയിലൊതുക്കിയ പഞ്ചാബ് വിക്കറ്റ് കീപ്പറും നായകനുമായ രാഹുലും ബിഷ്നോയ്യും അപ്പീൽ ചെയ്തു. ഓൺഫീൽഡ് അമ്പയർ ഔട്ട് അനുവദിക്കാത്തതിനാൽ പഞ്ചാബ് റിവ്യൂ എടുത്തു.
ടി.വി റീപ്ലേകളിലെ അൾട്ര എഡ്ജിൽ പന്ത് പടിക്കലിന്‍റെ ഗ്ലൗവിൽ ഉരസിയതായി വ്യക്തമായെങ്കിലും ടി.വി അമ്പയർ കെ. ശ്രീനിവാസൻ നോട്ടൗട്ട് വിധിച്ചതാണ് ആരാധകരെ ചൊടിപ്പിച്ചത്. നോട്ടൗട്ട് വിധിയിൽ സംതൃപ്തനാകാതിരുന്ന രാഹുൽ അമ്പയർ അനന്തപദ്മനാഭന്റെ അടുത്തെത്തി സംസാരിച്ചു.
മൂന്നാം അമ്പയറെ ഉടനടി പുറത്താക്കണമെന്നായിരുന്നു മുൻ ന്യൂസിലൻഡ് ക്രിക്കറ്റർ സ്കോട്ട് സ്റ്റൈറിസ് ട്വിറ്ററിൽ കുറിച്ചത്. മുൻ ഇന്ത്യൻ താരം ആകാശ് ചോപ്രയും മൂന്നാം അമ്പയറുടെ തീരുമാനത്തിൽ ആശ്ചര്യം പ്രകടിപ്പിച്ചു.
മത്സരത്തിൽ പടിക്കൽ 40 റൺസ് സ്കോർ ചെയ്തിരുന്നു. ആദ്യം ബാറ്റുചെയ്ത ആർ.സി.ബി 20 ഓവറിൽ ഏഴുവിക്കറ്റ് നഷ്ടത്തിൽ 164 റൺസെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബിന് 20ഓവറിൽ ആറിന് 158 റൺസെടുക്കാനാണ് സാധിച്ചത്. ജയത്തോടെ ബാംഗ്ലൂർ പ്ലേഓഫ് ബെർത്ത് സ്വന്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.