ക്രിക്കറ്റ് ബാളും ഹോളോകോസ്റ്റും പിന്നെ രാജസ്ഥാനും

ക്രിക്കറ്റിന്‍റെ ലോകഭൂപടത്തിൽ പുറമ്പോക്കിൽ പോലും പരാമർശിക്കപ്പെടാത്ത രാജ്യമാണ് ജർമനി. പക്ഷേ, ക്രിക്കറ്റ് പന്തിന്‍റെ കാര്യത്തിൽ അങ്ങനെയല്ല. ലോക ക്രിക്കറ്റിൽ ഉപയോഗിക്കപ്പെടുന്നവയിൽ ഏറ്റവും പഴക്കമുള്ളതും പ്രചാരമുള്ളതുമായ ഡ്യൂക് ബാളിന്‍റെ മിനുസത്തിന് പിന്നിൽ ജർമനിക്കും ഹോളോകോസ്റ്റിനും പങ്കുണ്ട്.

1760ൽ സ്ഥാപിതമായ ബ്രിട്ടീഷ് ക്രിക്കറ്റ് ബാൾസ് ലിമിറ്റഡ് (ബി.സി.ബി.എൽ) എന്ന കമ്പനിയാണ് ഡ്യൂക് പന്തുകളുടെ നിർമാതാക്കൾ. ബ്രിട്ടനിലും വെസ്റ്റിൻഡീസിലും അയർലണ്ടിലുമൊക്കെ ഉപയോഗിക്കപ്പെടുന്നത് ഡ്യൂക് ബാളുകളാണ്. ഇംഗ്ലണ്ടിൽ നടക്കുന്ന ടൂർണമെൻറുകളിലും ടെസ്റ്റ് പരമ്പരകളിലുമൊക്കെ ഡ്യൂക് ആണ് താരം. ലോകമെങ്ങുമുള്ള സീം ബൗളർമാർക്ക് ഏറ്റവും ഇഷ്ടം ഡ്യൂക് പന്തുകളാണ്. രണ്ടര നൂറ്റാണ്ടിന്‍റെ പഴക്കമുള്ള ബ്രിട്ടീഷ് ക്രിക്കറ്റ് ബോൾസ് ലിമിറ്റഡിന്‍റെ ഇപ്പോഴത്തെ ഉടമ ഇന്ത്യക്കാരനാണ്. രാജസ്ഥാനിലെ മാർവാർ സ്വദേശിയായ ദിലീപ് ജജോദിയ. 1987ലാണ് ജജോദിയ കമ്പനി ഏറ്റെടുക്കുന്നത്.

ബി.സി.ബി.എൽ ഏറ്റെടുക്കുന്നതിനും മുമ്പേ ജജോദിയ ക്രിക്കറ്റ് ബാൾ നിർമാണരംഗത്തുണ്ട്. മോറന്‍റ് സ്പോർട്സ് എന്ന ക്രിക്കറ്റ് എക്യുപ്മെന്‍റ് നിർമാണ കമ്പനി 1973 ലാണ് അദ്ദേഹം സ്ഥാപിക്കുന്നത്. ബംഗളൂരുവിലെ ബിഷപ് കോട്ടൺ സ്കൂളിൽ പഠിച്ച ജജോദിയക്ക് അവിടെ നിന്നാണ് ക്രിക്കറ്റിന്‍റെ ഭ്രാന്ത് തലയിൽ കയറുന്നത്. സ്കൂളിലെ ഒരു മത്സരത്തിനിടയിൽ സില്ലി പോയിന്‍റിൽ ഫീൽഡ് ചെയ്യവേ, പന്ത് വന്ന് വായിലിടിച്ച് കാര്യമായി പരിക്കേറ്റിരുന്നു. cricket balls left their mark on me from that point onwards എന്ന് തമാശക്ക് അദ്ദേഹം പറയും. വിഖ്യാതമായ ഡ്യൂക് പന്തിന്‍റെ കഥ തുടങ്ങുന്നത് ആബർദീൻ ആങ്ഗസ് പശുക്കളിൽ നിന്നാണ്. സ്കോട്ട്ലാൻഡിലെയും അയർലണ്ടിലെയും സമൃദ്ധമായ പുൽമേടുകളിൽ മേഞ്ഞുനടക്കുന്ന ആബർദീൻ ആങ്ഗസ് പശുക്കളുടെ തുകലാണ് പന്തിന്‍റെ പ്രധാന അസംസ്കൃത വസ്തു. ഈ തുകൽ വൃത്തിയാക്കാനും സംസ്കരിക്കാനുമായി ചെസ്റ്റർഫീൽഡിലെ സപ്യർ ലെതർ കമ്പനിയിലേക്ക് അയക്കും.

അലുമിനിയം സൾഫേറ്റ് കൊണ്ടുള്ള പ്രത്യേക ട്രീറ്റ്മെന്‍റും ഊറയ്ക്കിടലും വേണ്ട നിറം നൽകലുമാണ് ഇവിടെ നടക്കുക. പന്തിന് വേണ്ട കനത്തിൽ മുറിച്ച് പിന്നീട് ഉണക്കിയെടുക്കും. പശുവിന്‍റെ നട്ടെല്ലിന്‍റെ ഭാഗത്തെ കട്ടിയുള്ള ഭാഗം ഇന്‍റർനാഷനൽ കളികൾക്കുള്ള പന്തിനുള്ളതാണ്. ഇരുപാർശ്വങ്ങളിലുമുള്ള കനംകുറഞ്ഞ തുകൽ ആഭ്യന്തര മത്സരങ്ങൾക്കുള്ള പന്തിനും.

ദിലീപ് ജജോദിയ

ഇങ്ങനെ മുറിച്ചെടുത്ത തുകൽ കഷണങ്ങൾ ആകൃതി വരുത്തുന്നതിനായി ഇന്ത്യയിലും പാകിസ്താനിലുമുള്ള കമ്പനികളിലേക്ക് അയക്കും. തിരിച്ചുവരുന്ന തുകൽ പന്തിന്‍റെ രൂപം പ്രാപിക്കുന്നത് സെൻട്രൽ ലണ്ടന് സമീപത്തെ വൽതംസ്റ്റോവിലുള്ള ഫാക്ടറിയിൽ വെച്ചാണ്. ഏറെ പ്രാഗത്ഭ്യവും അധ്വാനവും വേണ്ടതാണ് ഈ അന്തിമഘട്ടം. ഒരാൾക്ക് ആറോ ഏഴോ ബൗളുകൾ മാത്രമേ ഒരുദിവസം തയാറാക്കാനാകൂ.

ഈ ദൗത്യത്തിൽ ഏർപ്പെട്ടിരിക്കുന്ന കുടുംബങ്ങൾക്ക് അതീവ വൈകാരിക പ്രധാന്യമുള്ള തൊഴിലാണിത്. മക്കളിലേക്കും അവരുടെ മക്കളിലേക്കും ബാളിന്‍റെ ഒടുവിലത്തെ തുന്നലിന്‍റെയും പോളിഷിങ്ങിന്‍റെയും വിദ്യ കൈമാറപ്പെടുന്നു. നിലവിൽ ഡ്യൂക് ജീവനക്കാരിൽ പലരും നാലാം തലമുറക്കാരാണ്. ഏറ്റവും ഒടുവിൽ പ്രക്രിയ ‘ലാംപിങ്’ എന്നാണ് അറിയപ്പെടുന്നത്. പന്തിന് മുകളിൽ ചെറിയ അളവിൽ പ്രത്യേക ഗ്രീസ് പുരട്ടി പന്തിനെ തീനാളത്തിന് മുന്നിൽ കാണിക്കുന്നു. പിന്നീട് തുണിയിൽ ഉരസുമ്പോഴാണ് യഥാർഥ ചുവന്ന ക്രിക്കറ്റ് പന്തിന്‍റെ തിളക്കം തെളിഞ്ഞുവരുന്നത്. കൂടുതൽ ഇരുണ്ട ചുവന്നനിറമുള്ള പന്തുകളാണ് ബൗളർമാർക്ക് പ്രിയം. വീണ്ടുമൊരു പോളിഷിങ് കൂടി കഴിഞ്ഞ ശേഷം ഏതാനും മണിക്കൂറുകൾ ഉണങ്ങാൻ വെക്കും. പിന്നീട് പാക് ചെയ്ത് ലോകമെങ്ങുമുള്ള ആവശ്യക്കാർക്ക് അയച്ചുകൊടുക്കും.

ഓരോ ഓർഡറിനും തങ്ങൾ കൊടുക്കുന്ന പ്രാധാന്യം എന്താണെന്ന് ആരും അറിയുന്നില്ലെന്നും ഞങ്ങളുടെ ബാൾ എന്നത് ഒരു ലക്ഷ്വറി ഉൽപന്നമാണെന്നും ദിലീപ് ജജോദിയ പറയുന്നു. ‘‘എന്താണ് ഒരു നല്ല ക്രിക്കറ്റ് ബാൾ? മിക്കവർക്കും അറിയില്ല. എനിക്കറിയാം. 80 ഓവറുകൾക്ക് ശേഷം ക്രമേണ ക്ഷയിക്കുന്നതാണ് ഒരു നല്ല ബാൾ. അത് ബാറ്റ്സ്മാനെയും ബൗളറെയും വിവിധ ഘട്ടങ്ങളിൽ സഹായിക്കും. ഇപ്പോഴത്തെ മിക്ക ബൗളർമാർക്കും 80 ഓവറിലും എന്തെങ്കിലും നടക്കണം. അങ്ങനെ അല്ലാതെ വരുമ്പോൾ അവർ പുതിയ പന്ത് ആവശ്യപ്പെടും. പക്ഷേ, ക്ഷമിക്കണം. ഒരു നല്ല പന്ത് അങ്ങനെയല്ല പെരുമാറുക’’.-ഇരുകൈകളിലുമിട്ട് ക്രിക്കറ്റ് പന്തിനെ അമ്മാനമാടി ജജോദിയ പറയുന്നു.

കാര്യം ഇങ്ങനെയൊക്കെയാണെങ്കിലും മറ്റുപന്തുകളിൽനിന്ന് ഡ്യൂകിനെ മാറ്റിനിർത്തുന്ന ഒരുഘടകമുണ്ട്. അതാണ് ഡ്യൂകിന്‍റെ രഹസ്യം. അതാണ് ഡ്യൂകിന്‍റെ യു.എസ്.പി. ലോകത്തിന് ഇന്നുമറിയാത്ത ഒരു രാസക്കൂട്ട്. ഡ്യൂകിന് ആ രാസക്കൂട്ട് ലഭിച്ച കഥ രസകരമാണ്. ’73 ൽ മോറന്‍റ് കമ്പനി സ്ഥാപിക്കുമ്പോൾ ഇറക്കുമതി പന്തുകളുടെ വിൽപനയിലാണ് ആദ്യം ജജോദിയ ശ്രദ്ധയൂന്നിയിരുന്നത്. ഇങ്ങനെ വരുന്ന പന്തുകളുടെ ഫൈനൽ പോളിഷ് അത്ര നന്നാകുന്നില്ല എന്ന് അദ്ദേഹത്തിന് തോന്നി. പെട്ടന്ന് തന്നെ തുകൽ പൊട്ടുന്നു, പൊളിഞ്ഞിളകുന്നു. കാഴ്ചഭംഗിയും അധികനേരം നിൽക്കുന്നില്ല. എന്തുചെയ്യാനാകുമെന്നായി ചിന്ത. പന്തുകളുടെ നിർമാണം സംബന്ധിച്ച സാേങ്കതിക ജ്ഞാനമൊന്നും ജജോദിയക്ക് ഇല്ല. പല കമ്പനികളോടും വിഷയം പറഞ്ഞു. അവർ കൊണ്ടുവന്ന ദ്രാവകങ്ങൾ പുരട്ടിനോക്കി. മിക്കതും ഒട്ടിപ്പിടിക്കുന്ന തരം. ഒന്നും ശരിയാകുന്നില്ല. അങ്ങനെയിരിക്കെയാണ് ഒരു ക്രിക്കറ്റ് മാഗസിനിൽ ചെറിയൊരു ക്ലാസിഫൈഡ് പരസ്യം കണ്ടത്. “Ball Re-Polishing Kit, £20 – does 200 balls.” ഉടൻ തന്നെ ഒാർഡർ കൊടുത്തു. അടുത്തദിവസം തന്നെ കാർഡ് ബോർഡ് ബോക്സിൽ സാധനം വന്നു.

മൂന്നു ചെറിയ ദ്രാവക ടിനുകൾ. ഒന്ന് സുതാര്യമായ ദ്രാവകം, ഒന്ന് ചുവന്നത്, മറ്റൊന്ന് ലേശം മങ്ങിയ നിറം. പിന്നൊരു പെയിൻറ് ബ്രഷും, ഉപയോഗക്രമം പ്രിൻറ് ചെയ്ത പേപ്പറും. പഴയ ബാളുകൾ വീണ്ടും മിനുക്കിയെടുക്കാനുള്ളതായിരുന്നു ഇൗ കിറ്റ്. പുതിയ പന്തുകളിൽ ഇതെങ്ങനെ പ്രവർത്തിക്കുമെന്ന് പരീക്ഷിച്ച് നോക്കാൻ തന്നെ ജജോദിയ തീരുമാനിച്ചു. സുതാര്യമായ ദ്രാവകം പന്ത് വൃത്തിയാക്കാനുള്ളതാണ്. ചുവന്നത് കറ പോലെ പറ്റിപ്പിടിക്കുന്നു. സീമിലൊക്കെ പുരളുേമ്പാൾ ഇത്തിരി വൃത്തികേടാകുന്നു. ഇരുണ്ട നിറമുള്ള ദ്രാവകമാണ് ജേജാദിയയുടെ ശ്രദ്ധയാകർഷിച്ചത്. ഏതാനും ചില പുതിയ പന്തുകളിൽ ആ ദ്രാവകം പുരട്ടി പരീക്ഷണത്തിനായി മൈതാനങ്ങളിലേക്ക് അയച്ചു. വലിയ അഭിപ്രായമാണ് ഇൗ പന്തുകൾക്ക് ലഭിച്ചത്. ഇത്തരം പന്തുകൾ കൂടുതൽ വേണമെന്ന ഡിമാൻറുണ്ടായി. അതോടെ ഫാക്ടറികൾക്ക് നിർദേശം നൽകി.- ‘ബാളുകൾ ഇനി അവിടെ നിന്ന് വാർണിഷ് പുരട്ടി ഇനി പോളിഷ് ചെയ്യേണ്ട. പന്തുനേരെ ഇങ്ങുതരിക. ഇവിടെ ഞാൻ പോളിഷ് ചെയ്തോളാം.’ പിന്നാലെ ഇരുണ്ട ദ്രാവകം വലിയ തോതിൽ ജജോദിയ വരുത്താൻ തുടങ്ങി.

പരസ്യത്തിലെ വിലാസത്തിൽ പലതവണ ബന്ധപ്പെട്ടിട്ടുണ്ടെങ്കിലും ഇൗ ദ്രാവക കിറ്റ് തരുന്നവരെ ജജോദിയ ഇതുവരെ കണ്ടിട്ടില്ല. അങ്ങനെ ’80 കളുടെ തുടക്കത്തിൽ ഒരുദിവസം ഇവരുടെ ഫാക്ടറിയിലേക്ക് ജജോദിയ പോയി. ഡെർബിഷെയറിൽ മെറ്റൽ എൻജിനീയറിങ് കമ്പനി നടത്തുന്ന ബാരി എന്ന ഒരാളാണ് ഇൗ പരസ്യം നൽകിയത്. പക്ഷേ, അദ്ദേഹമല്ല ദ്രാവകത്തിെൻറ നിർമാതാവ്. ഫാക്ടറിയുടെ ശബ്ദമേറിയ ഉൾത്തളങ്ങളിലൂടെ കെട്ടിടത്തിന് പിന്നിലെ ചെറിയൊരുമുറിയിലേക്ക് ജജോദിയയെ ബാരി കൊണ്ടുപോയി. അവിടെയൊരു വൃദ്ധനായ മനുഷ്യനിരുന്ന് ഇൗ ദ്രാവകം ഉണ്ടാക്കുന്നു. ‘ഇതാണ് വാൾട്ടർ’-ബാരി പരിചയപ്പെടുത്തി. അസാധാരണമായ ഒരു വ്യക്തിത്വം. അദ്ദേഹത്തിെൻറ മുഖത്തെ ശാന്തത ജജോദിയയെ അത്ഭുതപ്പെടുത്തി. ഒരുപ്രഭാവലയം അദ്ദേഹത്തിന് ചുറ്റും ഉള്ളതായി ജജോദിയക്ക് അനുഭവപ്പെട്ടു. വലിയതോതിൽ ദ്രാവകം വാങ്ങുന്നയാളെന്ന നിലയിൽ വാൾട്ടറിന് പെട്ടന്ന് ജജോദിയയെ മനസിലായി. ജർമൻ യഹൂദനും തുകൽ വിദഗ്ധനുമാണ് വാൾട്ടർ. രണ്ടാം ലോകയുദ്ധത്തിന് മുമ്പ് ജർമൻ സർക്കാർ സർവിസിലായിരുന്നു അദ്ദേഹം. പഴയ മാനുസ്ക്രിപ്റ്റുകളും തുകൽ പുറംചട്ടയുള്ള സ്റ്റേറ്റ് ഡോക്യൂമെൻറുകളും പരിപാലിക്കുന്ന ജോലിയായിരുന്നു. വിവിധ തരം തുകലുകൾ കൈകാര്യം ചെയ്യുന്നതിൽ വലിയ വിദഗ്ധനാണ്.

ഹിറ്റ്ലറുടെ ജൂത വംശഹത്യയുടെ ജീവിക്കുന്ന രക്തസാക്ഷി കൂടിയാണ് വാൾട്ടർ. ലക്ഷക്കണക്കിന് മനുഷ്യർ കൊല്ലപ്പെട്ട ഒാഷ്വിറ്റ്സ് കോൺസൻട്രേഷൻ ക്യാമ്പിൽ നിന്ന് രക്ഷപ്പെട്ടാണ് അദ്ദേഹം ഇംഗ്ലണ്ടിലെത്തിയത്. ബാരിയും വാൾട്ടറും കുടുംബസുഹൃത്തുക്കളാണ്. ക്രിക്കറ്റ് കളിക്കാരനായ ബാരിക്ക് പഴകിയ പന്തുകൾ എങ്ങനെയെങ്കിലും പുനരുപയോഗിക്കുന്നതിനുള്ള ഒരു സംവിധാനം ഉണ്ടാക്കാൻ ആഗ്രഹമുണ്ടായിരുന്നു. അങ്ങനെയാണ് തുകൽ വിദഗ്ധനായ വാൾട്ടറിന്‍റെ സഹായം തേടുന്നത്. വാൾട്ടർ പലതരം രാസ മിശ്രണങ്ങൾ പരീക്ഷിച്ചു. ദീർഘമായ ഇൗ പരീക്ഷണങ്ങൾക്കൊടുവിലാണ് ജജോദിയയുടെ ശ്രദ്ധയാകർഷിച്ച ഇരുണ്ട ദ്രാവകത്തിൽ ഉറച്ചത്. സംഭവത്തിന്‍റെ വിപണി സാധ്യത മുന്നിൽ കണ്ടാണ് ബാരി പരസ്യം ചെയ്തത്.

പിന്നീടുള്ള ആറേഴ് വർഷം ജേജാദിയ പന്തുകളിൽ ഇൗ ദ്രാവകം പുരട്ടിവിറ്റു, വലിയ പേരും വരുമാനവും നേടി. ’87ൽ ഡ്യൂക് കമ്പനി ഏറ്റെടുത്തപ്പോൾ അവിടേക്കും ഇൗ മാന്ത്രിക ദ്രാവകം ജേജാദിയ അവതരിപ്പിച്ചു. 10 ലിറ്റർ ക്യാനുകളിലാണ് ജജോദിയ ദ്രാവകം ഒാർഡർ ചെയ്ത് വരുത്തിക്കൊണ്ടിരുന്നത്. പക്ഷേ, എന്നെങ്കിലും വാൾട്ടറിന് എന്തെങ്കിലും പറ്റിയാൽ എന്തുചെയ്യുമെന്ന ആശങ്ക ജജോദിയക്ക് ഉണ്ടായിരുന്നു. ബാരിയോടോ വാൾട്ടറിനോടോ ഇതുന്നയിക്കാനുള്ള ധൈര്യം പക്ഷേ, ജേജാദിയക്ക് കിട്ടിയില്ല. ഭയന്നത് തന്നെ ഒടുവിൽ സംഭവിച്ചു. വാൾട്ടർ മരിച്ചുപോയി എന്നുള്ള ബാരിയുടെ േഫാൺ കോൾ വന്നു. മഹാനായ ആ മനുഷ്യന്‍റെ വിയോഗത്തിൽ ജജോദിയ ഒരുനിമിഷം നിശബ്ദനായി. അടുത്തനിമിഷം ജജോദിയ അലറി: ‘ആ പോളിഷിന് ഞാനിനി എന്തുചെയ്യും?’

‘ആശങ്ക വേണ്ട. നിങ്ങൾക്കുള്ള നല്ല വാർത്ത എെൻറ പക്കലുണ്ട്’-ശാന്തനായി ബാരിയുടെ മറുപടി. വർഷങ്ങൾക്ക് മുമ്പ് ജജോദിയയും ബാരിയും വാൾട്ടറും തമ്മിൽ നടന്ന കൂടിക്കാഴ്ചക്ക് പിന്നാലെ ഒരു ബ്രൗൺ കവർ വാൾട്ടർ ബാരിക്ക് കൊടുത്തിരുന്നു. തന്‍റെ മരണം വരെ ഇതുഭദ്രമായി സൂക്ഷിക്കണമെന്ന് ബാരിയോട് ആവശ്യപ്പെടുകയും ചെയ്തു. ‘എന്താണ് ആ കവറിലെന്ന് അറിയാമോ?’- ബാരി ഫോണിലൂടെ ചോദിച്ചു. ‘‘ആ ഫോർമുല. നിങ്ങളുടെ പോളിഷിെൻറ രാസക്കൂട്ട്.’’ ഇന്നും ഡ്യൂക്ബോളിൽ നാം കാണുന്ന തിളക്കത്തിന്‍റെ പിന്നിൽ ഹോളോകോസ്റ്റിനെ അതിജീവിച്ച വാർട്ടറെന്ന വയോധികന്‍റെ കൈയൊപ്പുണ്ട്. ’87 മുതൽ ഇന്നുവരെയും ഡ്യൂക് ബാളിൽ ഉപയോഗിക്കുന്ന പോളിഷ് അതുമാത്രമാണ്. ’93 ആഷസിൽ ഒാൾഡ് ട്രാഫോർഡിൽ ഷെയ്ൻ വോൺ മൈക് ഗാറ്റിങ്ങിനെ പുറത്താക്കിയ നൂറ്റാണ്ടിലെ പന്തിൽ നിങ്ങൾക്ക് ആ തിളക്കം കാണാം. ’99 ലോകകപ്പിൽ ഹെർഷൽ ഗിബ്സ് താഴെക്കളഞ്ഞ സ്റ്റീവ്വോയുടെ ക്യാച്ചിൽ നിങ്ങളാ പന്തിനെ കാണും.

2005 ആഷസിലെ ലോഡ്സ് ടെസ്റ്റിൽ റിക്കി പോണ്ടിങ്ങിന്‍റെ മുഖത്ത് പതിച്ച് രക്തം വീഴ്ത്തിയ സ്റ്റീവ് ഹാർമിസണിന്‍റെ പന്തും അതുതന്നെ. 2006ൽ എഡ്ജ്ബാസ്റ്റണിൽ 10 വിക്കറ്റ് വീഴ്ത്തിയ മുത്തയ്യ മുരളീധരന്‍റെ കൈകളിലിരുന്ന് കറങ്ങിയ പന്തും മറ്റൊന്നല്ല.

Tags:    
News Summary - Duke ball History: Cricket ball, holocaust and Rajasthan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.