മെൽബൺ: ഗുരുതരമായ അച്ചടക്കലംഘനം നടത്തിയ വിക്ടോറിയയുടെ വനിത ടീം മുൻ പരിശീലകൻ ദുലീപ് സമരവീരക്ക് 20 വർഷത്തെ വിലക്കേർപ്പെടുത്തി ക്രിക്കറ്റ് ആസ്ട്രേലിയ. കളിക്കാരിക്കെതിരായ മോശം പെരുമാറ്റത്തിനാണ് ശ്രീലങ്കൻ മുൻ ടെസ്റ്റ് ക്രിക്കറ്റ് താരമായ ദുലീപ് സമരവീരക്കെതിരായ നടപടിയെന്നാണ് സൂചന.
ക്രിക്കറ്റ് ആസ്ട്രേലിയയുടെ (സി.എ) പെരുമാറ്റ ചട്ടം 2.23 ഉപവിഭാഗപ്രകാരം ഗുരുതരമായ തെറ്റാണ് സമരവീരയുടേതെന്ന് പ്രസ്താവനയിൽ പറയുന്നു. ക്രിക്കറ്റിന്റെ ആത്മാവിന് വിരുദ്ധമായതും താൽപര്യങ്ങൾക്ക് ഹാനികരമായതും കളിയെ അപകീർത്തിപ്പെടുത്തുന്നതുമടക്കമുള്ള പ്രവൃത്തികളാണ് 2.23 ഉപവിഭാഗത്തിലുള്ളത്. ശ്രീലങ്കക്കായി ഏഴ് ടെസ്റ്റുകളും അഞ്ച് ഏകദിനങ്ങളും കളിച്ച സമരവീര, 2008ൽ ബാറ്റിങ് കോച്ചായാണ് വിക്ടോറിയയിലെത്തിയത്. വിലക്കിനെ ക്രിക്കറ്റ് വിക്ടോറിയ സി.ഇ.ഒ നിക്ക് കമ്മിൻസ് പിന്തുണച്ചു. സമരവീരയുടെ പ്രവൃത്തിക്ക് ഇരയായ കളിക്കാരി വിഷയം പിന്തുടരുന്നതിനെ കമ്മിൻസ് അഭിനന്ദിച്ചു. കഴിഞ്ഞ നവംബറിലാണ് സമരവീരയെ താൽക്കാലിക കോച്ചായി നിയോഗിച്ചത്.
മേയ് മാസത്തിൽ മുഖ്യ പരിശീലകനാക്കി. സപ്പോർട്ട് സ്റ്റാഫിനെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട അഭിപ്രായവ്യത്യാസത്തെ തുടർന്ന് രണ്ടാഴ്ചക്ക് ശേഷം സമരവീര സ്ഥാനം രാജിവെച്ചിരുന്നു. വനിത ബിഗ്ബാഷ് ലീഗിൽ മെൽബൺ സ്റ്റാർസിന്റെ സഹപരിശീലകനായും സമരവീര പ്രവർത്തിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.