മൊഹാലി: ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ശ്രീലങ്കയെ ഫോളോഓൺ ചെയ്യിച്ച ഇന്ത്യ വിജയത്തിലേക്ക്. ആദ്യ ഇന്നിങ്സിൽ പുറത്താകാതെ 175 റൺസ് അടിച്ചതിന് പിന്നാലെ അഞ്ചുവിക്കറ്റ് പിഴുത രവീന്ദ്ര ജദേജയാണ് ലങ്കയെ 174ലൊതുക്കിയത്. 400 റൺസ് കടവുമായിറങ്ങിയ ലങ്കക്ക് രണ്ടാമിന്നിങ്സിൽ രണ്ടുവിക്കറ്റ് നഷ്ടമായി.
രണ്ടാം ഇന്നിങ്സിൽ 10 ഓവർ അവസാനിക്കുമ്പോൾ രണ്ടിന് 33 റൺസെന്ന നിലയിയിലാണ് ലങ്ക. രണ്ടുദിവസം ബാക്കിനിൽക്കേ 367 റൺസ് പിറകിലാണ് ലങ്കയിപ്പോൾ. ദിമുത് കരുണരത്നെയും (19) എയ്ഞ്ചലോ മാത്യൂസുമാണ് (7) ക്രീസിൽ. ലഹിരു തിരിമന്നെയും (0) പതും നിസങ്കയുമാണ് (6) പുറത്തായത്. അശ്വിനാണ് രണ്ട് വിക്കറ്റും വീഴ്ത്തിയത്.
നാലിന് 108 റൺസെന്ന നിലയിൽ മൂന്നാം ദിനം പാഡുകെട്ടിയിറങ്ങിയ ലങ്ക ശ്രദ്ധയോടെയാണ് തുടങ്ങിയത്.ആദ്യ സെഷനിൽ ചരിത് അസലങ്കയും (29) പതും നിസങ്കയും (61 നോട്ടൗട്ട്) ചേർന്ന് ടീമിനെ 150 കടത്തി. സെഷനിൽ ലങ്കൻ ബാറ്റർമർ ഇന്ത്യ അൽപം പരീക്ഷിച്ചെങ്കിലും അസലങ്കയെ വിക്കറ്റിന് മുന്നിൽ കുടുക്കി ബൂംറ ഇന്ത്യക്ക് ബ്രേക്ക്ത്രൂ നൽകി.അപ്പോൾ സ്കോർ അഞ്ചിന് 161. പിന്നീട് എല്ലാം ചടങ്ങു പോലെയായിരുന്നു.
13 റൺസ് ചേർക്കുന്നതിനിടെ ദ്വീപുകാർക്ക് അഞ്ചുവിക്കറ്റ് നഷ്ടമായി. നിരോഷൻ ഡിക്‍വല്ല (2), സൂരംഗ ലക്മൽ (0), വിശ്വ ഫെറാണ്ടോ (0), ലഹിരു കുമാര (0) എന്നിവരെ ജദേജ മടക്കി. ലസിത് എംബുൽഡനിയയെ (0) മുഹമ്മദ് ഷമി മടക്കി. ഇന്ത്യക്കായി ബൂംറയും അശ്വിനും രണ്ടുവിക്കറ്റ്‍ വീതമെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.