പുണെ: നിലവിലെ ചാമ്പ്യൻമാർക്ക് ലോകകപ്പിലെ രണ്ടാം ജയം. ദുർബലരായ നെതർലൻഡ്സിനെ 160 റൺസിനാണ് ഇംഗ്ലണ്ട് വീഴ്ത്തിയത്. ഇംഗ്ലണ്ട് ഉയര്‍ത്തിയ 340 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഡച്ചുകാർ 37.2 ഓവറില്‍ 179 റണ്‍സിന് ഓള്‍ ഔട്ടായി.
തോല്‍വിയോടെ നെതര്‍ലന്‍ഡ്‌സിന്‍റെ സെമി സാധ്യതയും അടഞ്ഞു. വമ്പൻ ലക്ഷ്യത്തിലേക്ക് ബാറ്റിങ് ആരംഭിച്ച ഡച്ചുകാർക്ക് ഒരിക്കൽപോലും വിജയപ്രതീക്ഷ നിലനിര്‍ത്താനായില്ല. മുഈൻ അലി, ആദിൽ റാഷിദ് എന്നിവരുടെ സ്പിൻ ബൗളിങ്ങാണ് എതിരാളികളെ തകർത്തത്. ഇരുവരും മൂന്നു വിക്കറ്റ് വീതം വീഴ്ത്തി. 41 റണ്‍സെടുത്ത് പുറത്താവാതെ നിന്ന തേജ നിദമനുരുവാണ് ടീമിന്റെ ടോപ് സ്‌കോറര്‍.
നായകന്‍ സ്‌കോട്ട് എഡ്വാര്‍ഡ്‌സ് (38), ഓപ്പണര്‍ വെസ്ലി ബരേസി (37), സൈബ്രാന്‍ഡ് എയ്ഞ്ജല്‍ബ്രെക്ട് (33) എന്നിവര്‍ മികച്ച പ്രകടനം പുറത്തെടുത്തു. 16 റൺസെടുക്കുന്നതിനിടെയാണ് നെതർലൻഡ്സിന്‍റെ അവസാന നാലുവിക്കറ്റുകള്‍ വീണത്. അഞ്ചു പേർ മാത്രമാണ് രണ്ടക്കം കടന്നത്. ഇംഗ്ലണ്ടിനായി ഡേവിഡ് വില്ലി രണ്ട് വിക്കറ്റും ക്രിസ് വോക്‌സ് ഒരു വിക്കറ്റും നേടി. നേരത്തെ ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് ബെൻ സ്റ്റോക്സിന്‍റെ സെഞ്ച്വറിയുടെ ബലത്തിൽ വമ്പൻ സ്കോറിലെത്തിയത്. സ്റ്റോക്സ് 84 പന്തിൽ 108 റൺസെടുത്ത് പുറത്തായി.
ഡേവിഡ് മലാൻ അർധ സെഞ്ച്വറി നേടി. 74 പന്തിൽ 87 റൺസെടുത്ത് താരം റണ്ണൗട്ടാകുകയായിരുന്നു. അവസാന അഞ്ചു ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 82 റൺസാണ് ഇംഗ്ലീഷ് താരങ്ങൾ അടിച്ചെടുത്തത്. ഒരുഘട്ടത്തിൽ 192 റൺസിന് ആറു വിക്കറ്റെന്ന നിലയിൽ തകർച്ചയെ നേരിട്ട ഇംഗ്ലണ്ടിനെ സ്റ്റോക്സും ക്രിസ് വോക്സും ചേർന്നാണ് 300 കടത്തിയത്. ഏഴാം വിക്കറ്റിൽ ഇരുവരും ചേർന്ന് നേടിയത് 121 റൺസ്.
ജോണി ബെയർസ്റ്റോ (17 പന്തിൽ 15), ജോ റൂട്ട് (35 പന്തിൽ 28), ഹാരി ബ്രൂക്ക് (16 പന്തിൽ 11), ജോസ് ബട്ലർ (11 പന്തിൽ അഞ്ച്), മുഈൻ അലി (15 പന്തിൽ നാല്), ക്രിസ് വോക്സ് (45 പന്തിൽ 51), ഡേവിഡ് വില്ലി (രണ്ടു പന്തിൽ ആറ്) എന്നിവരാണ് പുറത്തായ മറ്റു താരങ്ങൾ. രണ്ടു റണ്ണുമായി ഗസ് അറ്റ്കിൻസണും ഒരു റണ്ണുമായി ആദിൽ റാഷിദും പുറത്താകാതെ നിന്നു.
ഡച്ചുകാർക്കുവേണ്ടി ബാസ് ഡെ ലീഡെ മൂന്ന് വിക്കറ്റ് നേടി. ആര്യൻ ദത്ത്, ലോഗൻ വാൻ ബീക് എന്നിവർ രണ്ടു വിക്കറ്റ് വീതവും പോൾ വാൻ മീകേരെൻ ഒരു വിക്കറ്റും വീഴ്ത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.