ലണ്ടൻ: വർഷങ്ങൾക്ക് മുമ്പുള്ള വംശീയ ഇസ്ലാം ഭീതി ട്വീറ്റുകളുടെ പേരിൽ ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിൽ നിന്നും പുറത്താക്കിയ ഒലി റോബിൻസൺ തിരിച്ചുവരുന്നു. ഇന്ത്യക്കെതിരായ അഞ്ചുമത്സര ടെസ്റ്റ് പരമ്പരക്കുള്ള സെലക്ഷന് റോബിൻസൺ യോഗ്യനാണെന്ന് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ് പ്രതികരിച്ചു.
ജൂൺ 30 ക്രിക്കറ്റ് അച്ചടക്ക സമിതി റോബിൻസന്‍റെ മൊഴിയെടുക്കുകയും 3,29,610 രൂപ പിഴവിധിക്കുകയും ചെയ്തിരുന്നു. എട്ടു മത്സരങ്ങളിൽ റോബിൻസണ് സസ്പെൻഷൻ വിധിച്ചിട്ടുണ്ട്. മൂന്നുമത്സരങ്ങൾ നിലവിൽ പൂർത്തിയാക്കിയതിനാൽ ശേഷിക്കുന്ന അഞ്ചുമത്സരങ്ങൾ രണ്ടു വർഷത്തിനുള്ളിൽ സസ്പെൻഡ് ചെയ്യും. പഴയ ട്വീറ്റുകളിൽ റോബിൻസൺ നിരുപാധികം ഖേദം പ്രകടിപ്പിച്ചിരുന്നു. അച്ചടക്ക സമിതിയുടെ തീരുമാനം സ്വാഗതം ചെയ്ത റോബിൻസൺ വർഷങ്ങൾക്ക് മുമ്പുള്ള തന്‍റെ ട്വീറ്റുകളിലെ ഉള്ളടക്കത്തിൽ സ്വയം ലജ്ജിക്കുന്നുവെന്നും പറഞ്ഞു.
കഴിഞ്ഞ മാസം ദേശീയ ടെസ്റ്റ് ടീമിൽ ഇടംപിടിക്കുകയും മികച്ച പ്രകടനവുമായി ഇംഗ്ലീഷ് മാധ്യമങ്ങളിൽ രാജകീയ പദവിയേറുകയും ചെയ്തതിനിടെയാണ് 2012-13 കാലത്ത് നടത്തിയ പരാമർശങ്ങൾ വീണ്ടും പുറത്തെത്തിയത്. സമൂഹ മാധ്യമങ്ങളിൽ ഇവ പറന്നുനടക്കുകയും കടുത്ത വിമർശനമുയരുകയും ചെയ്തതോടെ പുറത്താക്കാൻ സിലക്ടർമാർ തീരുമാനിക്കുകയായിയിരുന്നു.
മുസ്ലിംകളെ തീവ്രവാദവുമായി ചേർത്തുള്ള ട്വീറ്റുകൾക്ക് പുറമെ വനിതകളെ അധിക്ഷേപിച്ചും ഏഷ്യൻ വംശജരെ പരിഹസിച്ചും നിരവധി ട്വീറ്റുകളാണ് റോബിൻസൺ പോസ്റ്റ് ചെയ്തിരുന്നത്. എന്നാൽ, വംശീയ വിവേചനത്തിനെതിരെ 'െഏക്യനിമിഷം' എന്ന പേരിൽ ന്യൂസിലാൻഡ്- ഇംഗ്ലണ്ട് ടീമുകൾ മൈതാനത്ത് ഐക്യദാർഢ്യവുമായി നിലയുറപ്പിച്ചതോടെയായിരുന്നു ട്വീറ്റുകൾ വീണ്ടും പൊങ്ങിവന്നത്. വിവേചനത്തിനെതിരെ ഐക്യപ്പെടുംമുമ്പ് റോബിൻസൺ മറ്റൊന്നായിരുന്നല്ലോ എന്നു പറഞ്ഞായിരുന്നു ട്വീറ്റുകൾ ചിലർ വീണ്ടും എടുത്തിട്ടത്. അതോടെ മാപ്പുപറഞ്ഞ് താരം എത്തിയെങ്കിലും ദേശീയ ടീമിന് മാനംകാക്കാൻ അതു മതിയാകുമായിരുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.