ബൈ ബൈ രോഹിത്! ആൻഡേഴ്സണിന്‍റെ പന്തിൽ പുറത്ത്; താരത്തെ പരിഹസിച്ച് ബാർമി ആർമി -വിഡിയോ വൈറൽ

ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റിൽ ഇന്നിങ്സിന്‍റെ തുടക്കത്തിൽ തന്നെ നാ‍യകൻ രോഹിത് ശർമയെ ഇന്ത്യക്ക് നഷ്ടമായി. ടീം സ്കോർ നാലിൽ നിൽക്കെ, വെറ്ററൻ പേസർ ജെയിംസ് ആൻഡേഴ്സണിന്‍റെ പന്തിൽ മോശം ഷോട്ടിന് ശ്രമിച്ച രോഹിത് വിക്കറ്റ് കീപ്പർ ബെൻ ഫോക്സിന് ക്യാച്ച് നൽകിയാണ് പുറത്തായത്.

താരത്തിന്‍റെ സമ്പാദ്യം രണ്ടു റൺസ് മാത്രം. ആറാം തവണയാണ് ആൻഡേഴ്സണിന്‍റെ പന്തിൽ രോഹിത് ഔട്ടാകുന്നത്. പിന്നാലെ മൈതാനത്ത് നിന്നു മടങ്ങുന്ന രോഹിത്തിനെ ഇംഗ്ലണ്ട് ആരാധക കൂട്ടായ്മ കളിയാക്കുന്നുണ്ട്. ഇരിപ്പിടത്തിൽനിന്ന് എഴുന്നേറ്റ് ബൈ ബൈ രോഹിത് എന്ന് വിളിച്ചുപറഞ്ഞ് കൈ വീശിയാണ് താരത്തെ ഇംഗ്ലീഷ് ആരാധകർ യാത്രയാക്കുന്നത്. രോഹിത്തിനെ ആരാധകക്കൂട്ടം കളിയാക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.

നേരത്തെ ഇംഗ്ലണ്ടിന്‍റെ ഒന്നാം ഇന്നിങ്സ് 353 റൺസിൽ അവസാനിച്ചിരുന്നു. ഏഴിന് 302 റൺസെന്ന നിലയിൽ രണ്ടാം ദിനം ബാറ്റിങ് ആരംഭിച്ച ഇംഗ്ലണ്ടിന് സ്കോർ ബോർഡിൽ 51 റൺസ് കൂടി കൂട്ടിചേർക്കുന്നതിനിടെ ബാക്കി മൂന്നു വിക്കറ്റുകളും നഷ്ടമായി. രവീന്ദ്ര ജദേജയാണ് മൂന്നു വിക്കറ്റുകളും വീഴ്ത്തിയത്. 122 റൺസുമായി ജോ റൂട്ട് പുറത്താകാതെ നിന്നു. 274 പന്ത് നേരിട്ട താരം 10 ബൗണ്ടറിയും നേടി.

മറുപടി ബാറ്റിങ്ങിൽ ഇന്ത്യക്ക് ആദ്യ സെഷനിൽതന്നെ രോഹിത്തിനെ നഷ്ടമായെങ്കിലും ഓപ്പണർ യശസ്വി ജയ്സ്വാളും ശുഭ്മൻ ഗില്ലും ചേർന്ന് ടീം സ്കോർ മുന്നോട്ടുകൊണ്ടുപോയി. നിലവിൽ ഇന്ത്യ നാലു വിക്കറ്റ് നഷ്ടത്തിൽ 131 റൺസെടുത്തിട്ടുണ്ട്. 54 റൺസുമായി ജയ്സ്വാളും ഒരു റണ്ണുമായി സർഫറാസ് ഖാനുമാണ് ക്രീസിൽ.

Tags:    
News Summary - England fans mock Indian skipper Rohit Sharma

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.