ചെന്നൈ: ആധികാരിക സെഞ്ച്വറിയോടെ ജോ റൂട്ടും 87 റൺസോടെ ഡോം സിബ്ലിയും നയിച്ച ഒന്നാം ദിനത്തിൽ ഇന്ത്യക്കെതിരെ ഗംഭീരമായി തുടങ്ങി ഇംഗ്ലണ്ട്. പരമ്പരയിലെ ആദ്യ ടെസ്റ്റിന് ചെന്നൈയിലെ മൈതാനത്ത് തുടക്കം കുറിച്ചപ്പോഴാണ് പുറത്താകാതെ റൂട്ട് 128 റൺസുമായി ഇംഗ്ലീഷ് പടയോട്ടത്തിെൻറ നായകനായത്. ഓപണറായി ഇറങ്ങിയ സിബ്ലി 286 പന്ത് നേരിട്ട് റൂട്ടിനൊപ്പം 200 റൺസ് കൂട്ടുകെട്ട് പടുത്തുയർത്തി വലിയ ഭീഷണിയുടെ സൂചന നൽകിയെങ്കിലും അവസാന ഓവറിൽ നിർണായക വിക്കറ്റ് പിഴുത് ഫാസ്റ്റ്ബൗളർ ജസ്പ്രീത് ബുംറ ഇന്ത്യയെ വീണ്ടും തീരികെയെത്തിച്ചു.
ആസ്ട്രേലിയയിൽ ചെന്ന് കംഗാരുക്കളെ കീഴടക്കി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ഒന്നാം സ്ഥാനത്തേക്ക് മടങ്ങിയെത്തിയതിെൻറ ആഘോഷം തുടരാമെന്ന് ഉറപ്പിച്ചാണ് വെള്ളിയാഴ്ച ഇംഗ്ലീഷുകാർക്കെതിരെ ഇന്ത്യ പന്തെടുത്തത്്. തുടക്കത്തിൽ ഇന്ത്യ തന്നെ മേൽക്കൈ നിലനിർത്തുകയും ചെയ്തു. 63 എത്തിയപ്പോഴേക്ക് രണ്ടു വിക്കറ്റ് വീണ് പതറിയ സന്ദർശകരെ റൂട്ടും സിബ്ലിയും ചേർന്ന് മുന്നോട്ടു നയിക്കുകയായിരുന്നു. റൂട്ടിെൻറ വഴിയിൽ സിബ്ലിയും സെഞ്ച്വറി തൊടുമെന്ന് തോന്നിച്ചെങ്കിലും കളി നിർത്താനിരിക്കെ ബുംറ കൊടുങ്കാറ്റായി. ഇൻസ്വിംഗായി വന്ന യോർകറാണ് സിബ്ലിയെ എൽ.ബി.ഡബ്ല്യുവിൽ കുരുക്കിയത്.
അടുത്തിടെ ലങ്കൻ പര്യടനത്തിൽ 228ഉം 186ഉം റൺസുമായി ടീമിെൻറ നെടുംതൂണായി മാറിയ റൂട്ട് ഇന്ത്യയിലും പതിവ് തുടർന്നാൽ അത് തിരിച്ചടിയാകും. പൂജ്യക്കാരനായി ഡാനിയൽ ലോറൻസും 33 എടുത്ത് റോറി ബേൺസുമാണ് പുറത്തായ മറ്റുള്ളവർ. ബുംറ രണ്ടു വിക്കറ്റെടുത്തപ്പോൾ അശ്വിൻ ഒരു വിക്കറ്റെടുത്തു.
2013നു ശേഷം സ്വന്തം മണ്ണിൽ ഒറ്റ ടെസ്റ്റ് മാത്രം തോറ്റ ചരിത്രമുള്ള ഇന്ത്യക്ക് തിരിച്ചുവരവ് അനായാസമാകുമെന്നു തന്നെയാണ് സൂചനകൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.