ദുബൈ: ഇന്ത്യൻ പ്രീമിയർ ലീഗ് എന്നത് അവസരങ്ങളുടെ ജാലകമാണ്. കിട്ടുന്ന അവസരങ്ങൾ മുതലെടുത്ത് പടികൾ കയറിപ്പോയ ഒത്തിരി താരങ്ങളുടെ ഉദാഹരണങ്ങൾ നമ്മുടെ മുമ്പിലുണ്ട്. ഐ.പി.എൽ 2021 എഡിഷന്‍റെ രണ്ടാം ഭാഗം യു.എ.ഇയിൽ അരങ്ങേറുേമ്പാൾ കിട്ടിയ അവസരങ്ങൾ മുതലെടുക്കുന്ന ഒരുതാരത്തെ അഭിനന്ദിക്കുകയാണ് ഏവരും. ഓപണിങ് ബാറ്റ്സ്മാനായി സ്ഥാനക്കയറ്റം കിട്ടിയതിന് പിന്നാലെ നിർഭയമായ ബാറ്റിങ്ശൈലികൊണ്ട് ഏവരുടെയും ശ്രദ്ധ കവർന്ന വെങ്കിടേഷ് അയ്യരെ കുറിച്ചാണ് പറഞ്ഞ് വരുന്നത്.
വ്യാഴാഴ്ച നിലവിലെ ജേതാക്കളായ മുംബൈ ഇന്ത്യൻസിനെ കൊൽക്കത്ത നൈറ്റ്റൈഡേഴ്സ് ഏഴുവിക്കറ്റിന് തകർത്തപ്പോൾ അർധസെഞ്ച്വറിയുമായി വെങ്കി കളംനിറഞ്ഞാടിയിരുന്നു. ഇപ്പോൾ താൻ റോൾ മോഡലാക്കിയ താരം മറ്റാരുമല്ല മുൻ ഇന്ത്യൻ നായകൻ സൗരവ് ഗാംഗുലിയാണെന്ന് തുറന്ന് പറയുകയാണ് താരം.
'സൗരവ് ഗാംഗുലി നായകനായിരുന്ന ടീമായതിനാൽ തന്നെ കെ.കെ.ആറിന് വേണ്ടി ആദ്യം കളിക്കണമെന്നായിരുന്നു എന്‍റെ ആഗ്രഹം. എന്നെ ടീമിലെടുത്തപ്പോൾ അത് സ്വപ്ന സാക്ഷാത്കാരമായി. എന്നെ എല്ലാവരും നന്നായി സ്വീകരിച്ചു. സമ്മാനങ്ങൾ ലഭിച്ചു. ഞാൻ ദാദയുെട വലിയ ഫാൻ ആണ്. അദ്ദേഹത്തിന് ലോകത്തെമ്പാടുമായി ലക്ഷക്കണക്കിന് ആരാധകരുണ്ട്. ഞാനും അതിൽ ഒരാളാണ്. എന്‍റെ ബാറ്റിങ്ങിൽ അദ്ദേഹം വലിയ സ്വധീനം ചെലുത്തിയിട്ടുണ്ട്' -ഐ.പി.എൽടി20.കോമിൽ പങ്കുവെച്ച വിഡിയോയിൽ വെങ്കി സഹതാരം രാഹുൽ ത്രിപാഠിയോട് പറഞ്ഞു.
'തുടക്കകാലത്ത് ഞാൻ വംൈകയ്യൻ ബാറ്റർ ആയിരുന്നു. എനിക്ക് ദാദയെ അതേ പടി പകർത്തേണ്ടിയിരുന്നു. അദ്ദേഹം എങ്ങനെയാണോ സിക്സ് അടിക്കുന്നതെന്നും ബാറ്റ് ചെയ്യുന്നതെന്നും ഞാൻ നോക്കി പഠിച്ചു. അറിയാതെ അദ്ദേഹം എന്‍റെ ബാറ്റിങ്ങിൽ വലിയ പങ്കുവഹിച്ചിട്ടുണ്ട്. ഞാൻ അവസരങ്ങൾക്കായി കാത്തിരിക്കുകയായിരുന്നു. എനിക്കറിയാം അവസരങ്ങൾ എന്നെ തേടിയെത്തുമെന്ന്' -വെങ്കി പറഞ്ഞു.
നേരത്തെ ക്വിന്‍റൺ ഡികോക്കിന്‍റെ മികവിൽ ആദ്യം ബാറ്റുചെയ്ത മുംബൈ ആറുവിക്കറ്റിന് 155 റൺസ് ചേർത്തു. ത്രിപാഠിയുടെയും (42 പന്തിൽ 74 നോട്ടൗട്ട്) വെങ്കിയുടെയും (30 പന്തിൽ 53) വെടിക്കെട്ട് ബാറ്റിങ് മികവിൽ 15.1ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ കൊൽക്കത്ത ലക്ഷ്യത്തിലെത്തി. ഞായറാഴ്ച ചെന്നൈ സൂപ്പർ കിങ്സിനെതിരെയാണ് കൊൽക്കത്തയുടെ അടുത്ത മത്സരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.