ഓഫ് സ്റ്റമ്പ് നടക്കാൻ പോകുന്നു! ക്ലീൻ ബൗൾഡായ രോഹിത്തിനെ ട്രോളി ആരാധകർ

വിശാഖപട്ടണം: ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിന്‍റെ രണ്ടാം ഇന്നിങ്സിലും ഇന്ത്യൻ നായകൻ രോഹിത് ശർമ നിരാശപ്പെടുത്തി. 21 പന്തിൽ 13 റൺസെടുത്ത താരം വെറ്ററൻ പേസർ ജെയിംസ് ആൻഡേഴ്സന്‍റെ പന്തിൽ ക്ലീൻ ബൗൾഡായി. നേരത്തെ ഒന്നാം ഇന്നിങ്സിൽ 14 റൺസെടുത്ത് പുറത്തായിരുന്നു.

ഒന്നാം ടെസ്റ്റിൽ 24, 39 റൺസുകളാണ് രണ്ടു ഇന്നിങ്സുകളിലുമായി താരം നേടിയത്. മൂന്നാംദിനം ആദ്യ സെഷനിലെ രണ്ടാം ഓവറിൽ ആൻഡേഴ്സൺ എറിഞ്ഞ ഗുഡ് ലെങ്ത് പന്ത് പ്രതിരോധിക്കുന്നതിൽ താരം പരാജയപ്പെടുകയും ഓഫ് സ്റ്റമ്പ് തെറിക്കുകയുമായിരുന്നു. ഹിറ്റ്മാൻ ബാറ്റിങ്ങിൽ തുടർച്ചയായി നിരാശപ്പെടുത്തുന്നതിൽ ആരാധകരും രോഷത്തിലാണ്.

സമൂഹമാധ്യമങ്ങളിലാണ് ഇതിന്‍റെ അമർഷം അവർ പ്രകടിപ്പിക്കുന്നത്. ഫീൽഡിങ്ങിനിടെ പിഴവ് സംഭവിക്കുന്ന ഇന്ത്യൻ താരങ്ങളോട് രോഹിത് ദേഷ്യപ്പെടുന്നതും ആരാധകർ സമൂഹമാധ്യമ പോസ്റ്റുകളിൽ ഇതോടൊപ്പം ഓർമപ്പെടുത്തുന്നുണ്ട്. പരമ്പരയിൽ ഒരു അർധ സെഞ്ച്വറി പോലും നേടാനാകാത്ത രോഹിത് വിരമിക്കണമെന്നാണ് ഒരു ആരാധകൻ എക്സിൽ കുറിച്ചത്.

രോഹിത് ശർമയുടെ ഓഫ് സ്റ്റമ്പ് പൂന്തോട്ടത്തിൽ നടക്കാൻ പോകുന്നുവെന്നാണ് ഒരു ആരാധകൻ പരിഹസിച്ചത്. ഇതോടൊപ്പം താരം ആൻഡേഴ്സന്‍റെ പന്തിൽ ക്ലീൻ ബൗൾഡാകുന്നതിന്‍റെ ചിത്രവും പോസ്റ്റ് ചെയ്തിട്ടുണ്ട്. വമ്പൻ ലീഡ് ലക്ഷ്യമിട്ട് മൂന്നാംദിനം ബാറ്റിങ് ആരംഭിച്ച ഇന്ത്യക്ക് തുടക്കത്തിൽ തന്നെ തിരിച്ചടിയേറ്റു. രണ്ടു റൺസ് കൂട്ടിചേർക്കുന്നതിനിടെ ഓപ്പണർമാരായ രോഹിത്തിനെയും യശസ്വി ജയ്സ്വാളിനെയും ആൻഡേഴ്സൺ പുറത്താക്കി.

27 പന്തിൽ 17 റൺസെടുത്ത ജയ്സ്വാളിനെ ജോ റൂട്ടിന്‍റെ കൈകളിലെത്തിക്കുകയായിരുന്നു. പിന്നാലെ ശ്രേയസ് അയ്യരും (52 പന്തിൽ 29) രജത് പാട്ടീദാറും (19 പന്തിൽ ഒമ്പത്) മടങ്ങി. ശുഭ്മൻ ഗിൽ അർധ സെഞ്ച്വറിയുമായി ഒരറ്റത്ത് ചെറുത്തുനിൽക്കുന്നുണ്ട്. അക്സർ പട്ടേലാണ് മറുഭാഗത്ത്. നിലവിൽ 288 റൺസിന്‍റെ ലീഡുണ്ട് ഇന്ത്യക്ക്.

Tags:    
News Summary - Fans Troll Rohit Sharma For Another Cheap Dismissal In IND vs ENG 2nd Test

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.